സംസ്ഥാനത്തെ വാണിജ്യടൂറിസം മേഖലയ്ക്ക് കുതിപ്പേകാന്‍ ആനക്കാം പൊയില്‍ കള്ളാടിമേപ്പാടി തുരങ്കപാത;തുരങ്കപാത നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു

ആനക്കാംപൊയില്‍: സംസ്ഥാനത്തെ വാണിജ്യടൂറിസം ഗതാഗത മേഖലയ്ക്ക് കുതിപ്പേകാന്‍ ആനക്കാംപൊയില്‍ കള്ളാടിമേപ്പാടി തുരങ്കപാത യാഥാര്‍ത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആനക്കാംപൊയില്‍ സെന്റ്‌മേരിസ് യു.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ തുരങ്കപാത നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തുരങ്കപാത നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ കേരളത്തിലെ ഏറ്റവും നീളം കൂടിയ പാതയാവും ആനക്കാംപൊയില്‍ കള്ളാടിമേപ്പാടി പാത. 8.7 കിലോമീറ്റര്‍ നീളത്തില്‍ നാലുവരി തുരങ്ക പാതയാണ് നിര്‍മ്മിക്കുന്നത്. 2134 കോടി ചെലവില്‍ നിര്‍മ്മിക്കുന്ന തുരങ്ക പാതയുടെ നിര്‍മ്മാണ ചുമതല കിഫ്ബിക്കാണ്. സംസ്ഥാനത്ത് ഒന്‍പത് വര്‍ഷക്കാലയളവില്‍ 90000 കോടിയുടെ വികസന പദ്ധതികളാണ് കിഫ്ബി മുഖേന നടപ്പാക്കിയത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ 50000 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിട്ടത്. 2024 ല്‍ 62,000 കോടിയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കി. പൊതുജനങ്ങളുടെ യാത്ര സൗകര്യം സുഗമമാക്കുന്നതിന് ദേശീയപാത നിര്‍മ്മാണം, മലയോര ഹൈവെ, ദേശീയ ജലപാത നിര്‍മ്മാണങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. ദീര്‍ഘകാലമായി മുടങ്ങി കിടന്ന വിവിധ വികസന പദ്ധതികള്‍ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് സംസ്ഥാനത്ത് ബ്രഹത്തായ വികസന പദ്ധതികള്‍ നടപ്പാക്കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജനങ്ങളുടെ ജീവിതവും ജീവനോപാധിയും മെച്ചപ്പെടുത്തേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണ്. ആരോഗ്യ വിദ്യാഭ്യാസ പശ്ചാത്തല മേഖല തുടങ്ങി പൊതുജനങ്ങളുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ വികസന പദ്ധതികള്‍ നടപ്പാക്കുകയാണ് സര്‍ക്കാര്‍. തുരങ്കപാത നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതോടെ കാര്‍ഷിക ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ വര്‍ദ്ധനവുണ്ടാവും. നബി ഡ വനമേഖലകളാലും ചരിത്രശേഷിപ്പുകളാലും സമൃദ്ധമായ വയനാടിന്റെ ചരിത്ര ശേഷിപ്പുകളും പരിസ്ഥിതിയും സംരക്ഷിക്കേണ്ടത് അനിവര്യമാണ്.
സംസ്ഥാനത്ത് 50 വര്‍ഷം മുന്നില്‍ കണ്ടുള്ള വികസന പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. സംസ്ഥാനത്ത് ലൈഫ് മിഷന്‍ പദ്ധതിയിലൂടെ 4.5 ലക്ഷം വീടുകളാണ് പൂര്‍ത്തീകരിച്ചത്. 60 വയസ് പിന്നിട്ട 60 ലക്ഷം പേര്‍ക്ക് 1600 രൂപ വീതം വിതരണം ചെയ്യാന്‍ സാധിച്ചു. മെച്ചപ്പെട്ട പരിസ്ഥിതിയോടെ വികസന പദ്ധതികള്‍ വരും തലമുറയ്ക്ക് കൈമാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് അധ്യക്ഷനായി ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു, എം.എല്‍.എ മാരായ ടി. സിദ്ധിഖ്, ലിന്റോ ജോസഫ്, പി. ടി.എ റഹീം, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കോഴിക്കോട് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍,
വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.
തുരങ്കപാത സംസ്ഥാനത്തെ പശ്ചാത്തല വികസന മേഖലയ്ക്ക് പ്രതീക്ഷ നല്‍കും: മന്ത്രി മുഹമ്മദ് റിയാസ്
ആനക്കാംപൊയില്‍ കണ്ണാടി മേപ്പാടി തുരങ്കപാത കേരളത്തിലെ പശ്ചാത്തല വികസന മേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്ന പദ്ധതിയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ആനക്കാംപൊയില്‍ സെന്റ് മേരീസ് യു.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന തുരങ്കപാത നിര്‍മ്മാണോദ്ഘാടന പരിപാടിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുരങ്കപാത നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ താമരശ്ശേരി വയനാട് ചുരത്തിലെ മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാവുമെന്നും മന്ത്രി പറഞ്ഞു. ആനക്കാംപൊയില്‍ മേപ്പാടി തുരങ്കപാത
കോഴിക്കോടിന്റെയോ വയനാടിന്റെയോ മാത്രം പദ്ധതിയല്ല. സംസ്ഥാനത്തിന്റെ വികസന പദ്ധതിയായി ലോകത്തിന് മാതൃകയാവും.
കേരളത്തിലെ മലയോര മേഖല മുന്‍കാലങ്ങളില്‍ പശ്ചാത്തല സൗകര്യത്തില്‍ അപര്യാപ്തതയാല്‍ പ്രയാസപ്പെട്ടിരുന്നു.
ഇതിന് പരിഹാരമായി സംസ്ഥാന സര്‍ക്കാര്‍ മലയോര ഹൈവേ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കുകയാണ്. കാര്‍ഷികവ്യാപാര മേഖലക്ക് ടണല്‍ റോഡ് കൂടുതല്‍ പ്രയോജനപ്പെടും. മലബാറിലെ ജനങ്ങള്‍ക്ക് കര്‍ണ്ണാടകയിലേക്കുള്ള യാത്ര സുഗമമാകും. തുരങ്ക പാത പൂര്‍ത്തിയാകുന്നതോടെ വിനോദസഞ്ചാര മേഖലയില്‍ ആകര്‍ഷണമായി മാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വയനാട് ജില്ലയില്‍ കോവിഡ് കാലത്തേക്കാളും 16.21 ശതമാനം അധികം ആഭ്യന്തര സഞ്ചാരികള്‍ എത്തിയിട്ടുണ്ട്. വിദേശ സഞ്ചാരികളുടെ കാര്യത്തില്‍ ജില്ലയില്‍ 24.46 ശതമാനം വര്‍ദ്ധനവുണ്ടായി.
ടൂറിസം മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ടണല്‍ റോഡ്
സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. വയനാട്ടിലേക്കുള്ള എല്ലാ യാത്രാ മാര്‍ഗങ്ങളും സര്‍ക്കാര്‍ സാധ്യമാക്കും.
ചുരത്തിലെ 6,7,8 വളവുകള്‍ വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കി കഴിഞ്ഞു. ജില്ലയിലേക്കുള്ള ബദല്‍പാതയായ പൂഴിത്തോട്പടിഞ്ഞാറത്തറ റോഡിന്റെ നിര്‍മ്മാണത്തിനായി വനത്തിനകത്ത് 6.5 കിലോ മീറ്ററും വനേതര ഭാഗത്ത് 10 കിലോ മീറ്ററും പൂഴിത്തോട് വനേതര ഭാഗത്തെ 5 കിലോ മീറ്ററിലും സര്‍വ്വെ പൂര്‍ത്തിയാക്കി. വനമേഖലയോട് ചേര്‍ന്ന പ്രദേശത്തെ സര്‍വ്വെ കാലാവസ്ഥ അനുകൂലമാകുന്ന മുറക്ക് പൂര്‍ത്തിയാക്കും. ഇന്‍വെസ്റ്റിഗേഷന്‍ പ്രവര്‍ത്തിക്കായി ഒന്നര കോടി രൂപ പൊതുമരാമത്ത് ചെലവഴിക്കുമെന്നും മന്ത്രി പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍