നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെയും എല്‍സ്റ്റണിലെയും വികസന പ്രവൃത്തികള്‍ നേരില്‍കണ്ട് നീതി ആയോഗ് സംഘം; കുടുംബാരോഗ്യ കേന്ദ്രത്തിലെ സൗകര്യങ്ങളില്‍ അതീവ സന്തുഷ്ടനെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍

നൂല്‍പ്പുഴ: രാജ്യത്തിന് മാതൃകയാകുന്ന എല്‍സ്റ്റണ്‍ എസ്‌റ്റേറ്റിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളും ദേശീയതലത്തില്‍ പുരസ്‌കാരം ലഭിച്ച നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ വികസന പ്രവൃത്തികളും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ സുമന്‍ കെ ബറിയുടെ നേതൃത്വത്തിലുള്ള സംഘം നേരില്‍കണ്ടു വിലയിരുത്തി.ആസ്പിരേഷണല്‍ ഡിസ്ട്രിക്ട്‌സ് & ബ്ലോക്ക്‌സ് പദ്ധതിയുടെ ഭാഗമായാണ് നീതി ആയോഗ് സംഘം ഇന്ന് ജില്ലയില്‍ സന്ദര്‍ശനം നടത്തിയത്.രാവിലെ 8.30 ന് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിയ സുമന്‍ കെ ബറി ആശുപത്രിയിലെ ഫിസിയോതെറാപ്പി യൂണിറ്റ്, ഡേ കെയര്‍, വിളര്‍ച്ചാ നിയന്ത്രണ പദ്ധതിയായ 'അമ്മ താരാട്ട്', ഗര്‍ഭിണികളായ ആദിവാസി സ്ത്രീകള്‍ക്കുള്ള 'പ്രതീക്ഷ' പദ്ധതികള്‍, റോബോട്ടിക് ഗെയ്റ്റ് ട്രെയ്‌നര്‍ സംവിധാനം തുടങ്ങിയ സൗകര്യങ്ങള്‍ വിലയിരുത്തി. പഠന പ്രശ്‌നങ്ങളുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയ വിര്‍ച്വല്‍ റിയാലിറ്റി തെറാപ്പി സംവിധാനം പരിശോധിച്ചു. രോഗീ പരിചരണത്തിലെ അനന്യ സമീപനങ്ങള്‍, അംഗീകാരങ്ങള്‍ എന്നിവ സംഘം മനസിലാക്കി.
ആശുപത്രിയുടെ സന്ദര്‍ശക രജിസ്റ്ററില്‍ 'ആശുപത്രിയില്‍ രോഗികള്‍ക്ക് ലഭ്യമാക്കിയ സൗകര്യങ്ങളില്‍ അതീവ സന്തുഷ്ടി രേഖപ്പെടുത്തുന്നു. ഇവിടം സന്ദര്‍ശിക്കുന്നതില്‍ നിന്നും മഴ എന്നെ തടയാഞ്ഞതില്‍ ഞാന്‍ ആഹ്ലാദവാനാണ്...' എന്ന് കുറിയ്ക്കാനും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ മറന്നില്ല.
ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി, ഡെപ്യൂട്ടി ഡിഎംഒ ഡോ. പി ബിനീഷ്, കുടുംബാരോഗ്യ കേന്ദ്രം അസി. സര്‍ജന്‍ ഡോ. വി പി ദാഹര്‍ മുഹമ്മദ്, ഡോ. ജെറിന്‍ എന്നിവര്‍ ആശുപത്രി കാര്യങ്ങള്‍ വിശദീകരിച്ചു.
തുടര്‍ന്ന് 10.10 ന് എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ എത്തിയ വൈസ് ചെയര്‍മാനെ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, പുനരധിവാസ പദ്ധതിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ജെ അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. മാതൃക വീട് ചുറ്റി നടന്നു കണ്ട അദ്ദേഹം മുണ്ടക്കൈചൂരല്‍മല ദുരന്തത്തെക്കുറിച്ചും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന വിവിധങ്ങളായ പുനരധിവാസ പ്രവൃത്തികളെക്കുറിച്ചും വിശദമായി ചോദിച്ചു മനസിലാക്കി.
ടൗണ്‍ഷിപ്പിലെ വീടുകള്‍ പരിപാലിക്കുന്നതും വെള്ളം, വൈദ്യുതി തുടങ്ങിയവ വിതരണം ചെയ്യാനുള്ള പദ്ധതിയെക്കുറിച്ചെല്ലാം അധികൃതര്‍ നീതി ആയോഗ് വൈസ് ചെയര്‍മാനെ ധരിപ്പിച്ചു.
ടൗണ്‍ഷിപ്പ് പദ്ധതിയുടെ മാപ്പും വീടിന്റെ പ്ലാനും കാണിച്ചുകൊടുത്തു.
ആസ്പിരേഷനല്‍ ജില്ല എന്ന നിലയ്ക്ക് വയനാട് നേരിടുന്ന പ്രധാന പ്രതിസന്ധികള്‍, പരിഹാരം എന്നിവയെക്കുറിച്ചും സുമന്‍ ബറി ജില്ലാ കളക്ടറോട് ചോദിച്ചു. ഗോത്രജന വിഭാഗങ്ങള്‍ക്കിടയിലെ പോഷകാഹാര കുറവ്, അരിവാള്‍ രോഗം എന്നിവയെക്കുറിച്ച് വിശദീകരിച്ച കളക്ടര്‍ പാകം ചെയ്ത ഭക്ഷണം കഴിക്കാന്‍ നടത്തുന്ന ബോധവല്‍ക്കരണത്തെക്കുറിച്ചും ആസ്പിരേഷണല്‍ ജില്ലയുടെ പല മാനദണ്ഡങ്ങളിലും വയനാട് മികച്ച പ്രകടനം നടത്തിയതും ചൂണ്ടിക്കാട്ടി.
വൈസ് ചെയര്‍മാനൊപ്പം നീതി ആയോഗ് ഡയറക്ടര്‍ ഷോയബ് അഹമദ് കമാല്‍, എ മുത്തുകുമാര്‍ എന്നിവരുമുണ്ടായിരുന്നു. സുമന്‍ ബറിയുടെ ഭാര്യ മൈത്രേയി ബറി അനുഗമിച്ചു.
സബ് കളക്ടര്‍ അതുല്‍ സാഗര്‍, അസിസ്റ്റന്റ് കളക്ടര്‍ പി പി അര്‍ച്ചന, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരും സ്ഥലത്തുണ്ടായിരുന്നു.
കല്പറ്റ റസ്റ്റ്ഹൗസില്‍ നിന്ന് ഓണസദ്യ കഴിച്ചശേഷമാണ് നീതി ആയോഗ് സംഘം മടങ്ങിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍