ചെണ്ടുമല്ലി പൂപാടമൊരുക്കി സ്‌കൂള്‍ വിദ്യാര്‍ത്ഥി

പുല്‍പ്പള്ളി: പച്ചിക്കര മുക്കില്‍ ചെണ്ടുമല്ലി പൂക്കള്‍ കൂട്ടത്തോടെ പൂത്തിലഞ്ഞുനില്‍ക്കുന്നത് വിസ്മയക്കാഴ്ചയാകുന്നു. പയ്യമ്പള്ളി സെന്റ് കാതറിന്‍സ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി പച്ചിക്കരമുക്ക് പൊന്തംവീട്ടില്‍ സൂര്യന്‍ പി.ശശിയാണ് വീടിനോട് ചേര്‍ന്ന് 50 സെന്റ് സ്ഥലം പാട്ടത്തിനെടുത്ത് പൂകൃഷി ചെയ്ത് നൂറുമേനി വിളയിച്ചിരിക്കുന്നത്. മഞ്ഞയും, ഓറഞ്ചും നിറത്തിലുള്ള ചെണ്ടുമല്ലി പൂക്കളാണ് തോട്ടത്തില്‍ കൃഷി ചെയ്തിരിക്കുന്നത്. കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ മാത്രമേല്ല, വയനാട്ടിലും ചെണ്ടുമല്ലി കൃഷി ചെയ്യാമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ വിദ്യാര്‍ഥി. ഇടുക്കിയിലെ നഴ്‌സറിയില്‍നിന്നും 2000ഓളം തൈകള്‍ വാങ്ങിയാണ് കൃഷി ചെയ്തത്. പൂക്കള്‍ പൂര്‍ണമായി വിരിഞ്ഞ് നിര്‍ക്കുന്നത് അപൂര്‍വ കാഴ്ചയാണ്. പച്ചക്കറിമുക്കിലെ വാടക വീട്ടിലാണ് സൂര്യനും പിതാവ് ശശിയും അമ്മ സനിതയും സഹോദരന്‍ സൂരജുമടങ്ങുന്ന കുടുംബം കഴിയുന്നത്. സ്വന്തമായി ഭൂമിയില്ലാഞ്ഞിട്ടും കൃഷിയോടുള്ള സ്‌നേഹമാണ് സൂര്യന് പാട്ടത്തിന് ഭൂമിയെടുത്ത് പൂക്കിഷിക്കൊപ്പം പാഷന്‍ ഫ്രുട്ട് കൃഷി ചെയ്യുന്നത്. സ്‌കൂള്‍ പോകുന്നതിന് മുമ്പും തിരിച്ചുവന്നതിന് ശേഷവുമാണ് തോട്ടത്തിലെ കൃഷിപ്പണികള്‍ ചെയ്യുന്നത്. 2023ല്‍ വാഴക്കൃഷിക്ക് ഏറ്റവും നല്ലകുട്ടിക്കര്‍ഷകനുള്ള പഞ്ചായത്തിന്റെ അവാര്‍ഡ് ലഭിച്ചിരുന്നു. ഇത്തവണത്തെ ഓണം സീസണില്‍ വിളഞ്ഞുനില്‍ക്കുന്ന പൂക്കള്‍ നല്ല വിലയ്ക്ക് വില്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ വിദ്യാര്‍ഥി. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സ്ഥലം പാട്ടത്തിനെടുത്ത് മറ്റുകൃഷികള്‍കൂടെ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഈ പ്ലസ് വണ്‍ വിദ്യാര്‍ഥി. സൂര്യന്റെ വിളഞ്ഞുനില്‍ക്കുന്ന പൂപ്പാടം കാണാന്‍ നിരവധിപേരാണ് എത്തുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍