എല്‍സ്റ്റണില്‍ മൂന്ന് വീടുകളുടെ കൂടി വാര്‍പ്പ് പൂര്‍ത്തിയായി

കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ ഉയരുന്ന സ്വപ്ന ഭവനങ്ങളില്‍ മൂന്ന് വീടുകളുടെ കൂടി വാര്‍പ്പ് കഴിഞ്ഞു. നേരത്തെ മാതൃക വീടിന്റെ നിര്‍മാണം ജൂലൈ 30 ന് പൂര്‍ത്തിയായിരുന്നു. എല്‍സ്റ്റണില്‍ അഞ്ച് സോണുകളിലായി ആകെ 410 വീടുകളുടെ നിര്‍മാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. ആദ്യ സോണില്‍ 140, രണ്ടാം സോണില്‍ 51, മൂന്നാം സോണില്‍ 55, നാലാം സോണില്‍ 51, അഞ്ചാം സോണില്‍ 113 വീടുകള്‍ എന്നിങ്ങനെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 252 വീടുകള്‍ നിര്‍മ്മിക്കുന്നതിനായി ക്ലിയറിങ് ആന്‍ഡ് ഗ്രബ്ബിങ് പ്രവൃത്തി പൂര്‍ത്തിയായി. 103 വീടുകളുടെ കോണ്‍ പെനട്രേഷന്‍ ടെസ്റ്റ് (മണ്ണിന്റെ ഘടന പരിശോധിക്കുന്നത്), 51 വീടുകളുടെ പ്ലെയിന്‍ സിമന്റ് കോണ്‍ക്രീറ്റ് എന്നിവയും പൂര്‍ത്തിയായി. 187 വീടുകള്‍ക്ക് ഏഴ് സെന്റ് വീതിയുള്ള ഭൂമിയിലേക്ക് അതിരുകള്‍ നിശ്ചയിച്ചു.
നിലവില്‍ ആദ്യ സോണിലെ നിര്‍മ്മാണം പ്രതീക്ഷിച്ച രീതിയില്‍ പുരോഗമിക്കുകയാണ്. 101 വീടുകളുടെ ബില്‍ഡിങ് സെറ്റ് ഔട്ട്, 84 വീടുകളുടെ ഉത്ഖനനം, 36 വീടുകളുടെ ഫൂട്ടിങ് കോണ്‍ക്രീറ്റ്, 27 വീടുകളുടെ സ്റ്റം കോളം, ഏട്ട് വീടുകളുടെ ബീമുകളുടെ കോണ്‍ക്രീറ്റ്, ആറ് വീടുകളുടെ കോളം കോണ്‍ക്രീറ്റ് എന്നിവയും പൂര്‍ത്തിയായി. ജൂലൈ 30ന് ആദ്യ സോണിലെ ഒരു വീടിന്റെ കോളം, റിങ് ബീം, റൂഫ് സ്ലാബ് കോണ്‍ക്രീറ്റ്, പാരപെറ്റ്, പ്ലാസ്റ്ററിങ്, ടൈല്‍ വര്‍ക്ക് ഉള്‍പ്പെടെ മുഴുവന്‍ ഘട്ടങ്ങളും പൂര്‍ത്തിയാക്കിയിരുന്നു.
അതിജീവിതര്‍ക്കായി 105 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയ മാതൃക വീട് കാണാനായി ഗുണഭോക്താക്കള്‍ക്ക് പുറമെ നിരവധി ആളുകളും എത്തുന്നുണ്ട്. എല്‍സ്റ്റണില്‍ കൂടുതല്‍ തൊഴിലാളികളെ ഏര്‍പ്പെടുത്തി 2025 ഡിസംബര്‍ 31 നകം ടൗണ്‍ഷിപ്പിലെ മുഴുവന്‍ വീടുകളുടെയും നിര്‍മ്മാണം പൂര്‍ത്തീകരിച്ച് 2026 ജനുവരിയില്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറും.
പൊതുസൗകര്യങ്ങളോടുകൂടി ടൗണ്‍ഷിപ്പ്
വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനത്തിനൊപ്പം
പൊതുജന ആരോഗ്യ കേന്ദ്രം,
മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍,
അങ്കണവാടി, പബ്ലിക് ടോയ്‌ലറ്റ്,
ലാന്‍ഡ്‌സ്‌കേപ്പിങ്, ചെക്ക് ഡാം,
സ്മാരകം, ദുരന്ത നിവാരണ കേന്ദ്രം, ഓപ്പണ്‍ എയര്‍ തിയേറ്റര്‍, ഫുട്‌ബോള്‍ ഗ്രൗണ്ട്,
പൂന്തോട്ടം, മെറ്റീരിയല്‍ ശേഖരണ സൗകര്യം, യുജി കേബിളിങ് സ്ട്രീറ്റ് ലൈറ്റിങ്, പാലങ്ങളും കല്‍വര്‍ട്ടുകളും,
ഇന്റര്‍ലോക്ക് നടപ്പാതകള്‍ എന്നീ അടിസ്ഥാന സൗകര്യങ്ങളും ഒരുങ്ങുന്നുണ്ട്. റോഡ് നിര്‍മാണത്തിന് മുന്‍പുള്ള ഒരുക്കങ്ങളുടെ ഭാഗമായി മണ്ണ് പരിശോധന ലാബില്‍ ആരംഭിച്ചു കഴിഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍