നാടിനെ കണ്ണീരിലാഴ്ത്തി ഷഫീക്ക് യാത്രയായി

കാവുംമന്ദം: കുളിക്കുന്നതിനിടെ കാല് വഴുതി വീണു സ്പൈനല്‍ കോഡ് തകര്‍ന്ന് അത്യാസന്ന നിലയില്‍ ചികിത്സയിലായിരുന്ന കാവുംമന്ദം സ്വദേശി ഷഫീഖിന്റെ വിയോഗം നാടിനെ അക്ഷരാര്‍ത്ഥത്തില്‍ കരയിച്ചു. ചൂരല്‍മല ദുരന്ത സമയങ്ങളില്‍ അടക്കം രക്ഷാപ്രവര്‍ത്തനങ്ങളിലും നാട്ടിലെ പൊതുവായ സന്നദ്ധ പ്രവര്‍ത്തന രംഗങ്ങളിലും നാട്ടിലെ ഏതു പൊതു കാര്യങ്ങളിലും സജീവ സാന്നിധ്യമായിരുന്നു വിടപറഞ്ഞ ഈ ചെറുപ്പക്കാരന്. ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്, കോഴിക്കോട് മൈത്രേയ എന്നീ ആശുപത്രികളിലെ എല്ലാ തരത്തിലുമുള്ള വിദഗ്ധ ചികിത്സകളും ഷെഫീക്കിന് ലഭ്യമാക്കിയിരുന്നു. വീഴ്ചയില്‍ ക്ഷതം പറ്റിയതിനാല്‍ മണിക്കൂറുകള്‍ നീണ്ട ന്യൂറോ സര്‍ജറി ചികിത്സ നടത്തിയെങ്കിലും, ഷഫീക്കിന്റെ കാലുകളും കൈകളും സ്ഥിരമായി തളര്‍ന്നു പോയിരുന്നു. ശ്വാസം എടുക്കാന്‍ ആവശ്യമായ പേശികള്‍ പോലും പ്രവര്‍ത്തിക്കാതെ പോയതോടെ, തിരിച്ചുവരാനാകാത്ത ട്രോമാറ്റിക് ക്വാഡ്രിപ്ലീജിയ എന്ന ഗുരുതരാവസ്ഥയിലായിരുന്നു ഷഫീഖ്. അതിനാല്‍ ശ്വാസം നിലനിര്‍ത്താന്‍ വെന്റിലേറ്റര്‍ വെക്കുകയും അത് മാറ്റാന്‍ സാധിക്കാത്ത അവസ്ഥയിലുമായിരുന്നു.
സാധാരണഗതിയില്‍, ഒരു മാസത്തില്‍ കൂടുതല്‍ വെന്റിലേറ്ററില്‍ ആയാല്‍ രോഗിയുടെ ആരോഗ്യം ക്ഷയിക്കുകയും, ന്യൂമോണിയ, സെപ്സിസ് തുടങ്ങിയ രോഗങ്ങള്‍ വരികയും ചെയ്യും. പലപ്പോഴും ഐസിയുവില്‍ നിന്ന് മാറ്റാന്‍ പറ്റാതെ, മരണത്തിലേക്ക് നീങ്ങുന്ന അവസ്ഥയാണ് ഉണ്ടാകാറ്. വെന്റിലേറ്റര്‍ അവന്റെ ശരീരത്തില്‍ നിന്നും മാറ്റാന്‍ സാധിക്കില്ല എന്ന് മെഡിക്കല്‍ ടീം തീരുമാനം എടുത്തപ്പോള്‍, ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് മെഡിക്കല്‍ ടീം ഹോസ്പിറ്റലിന്റെ 13 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു രോഗിയെ വെന്റിലേറ്ററോടെ റൂമിലേക്ക് മാറ്റാന്‍ തീരുമാനം എടുക്കുകയും അത് നടപ്പിലാക്കുകയും ചെയ്തു. ഷെഫീക്കിന് വേണ്ടി ഒരു സ്പെഷ്യല്‍ ടീം തന്നെ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചു. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബമായതിനാല്‍ ചികിത്സക്ക് വേണ്ടി ചെലവായ ഭാരിച്ച തുക കണ്ടെത്തിയത് പ്രദേശവാസികള്‍ ചേര്‍ന്ന് രൂപീകരിക്കപ്പെട്ട ചികിത്സ സഹായ കമ്മിറ്റിയിലൂടെ ആയിരുന്നു. അഡ്വ ടി സിദ്ദിഖ് എംഎല്‍എ രക്ഷാധികാരിയായും തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ചെയര്‍മാനായും പി കെ മുസ്തഫ കണ്‍വീനറായും എബിന് മുട്ടപ്പള്ളി ട്രഷററായും രൂപീകരിക്കപ്പെട്ട ചികിത്സാ സഹായ കമ്മിറ്റി ധന സമാഹരണം അടക്കമുള്ള എല്ലാ പിന്തുണയുമായും ചികിത്സാ കാര്യങ്ങള്‍ക്ക് കൂടെ നിന്നു. അഡ്വ ടി സിദ്ദിഖ് എംഎല്‍എയുടെ നിരന്തരമായ ഇടപെടലുകളും ഏറെ സഹായകരമായി. കാവുംമന്ദം തോട്ടുംപുറത്ത് നസീര്‍, സല്‍മത്ത് ദമ്പതികളുടെ മകനാണ് 34 കാരനായ ഷഫീഖ്. ഭാര്യ ഫസ് ല, നാലു വയസ്സുകാരിയായ എമീന്‍ കെന്‍സ റുവ, ഒരു വയസ്സുകാരനായ ഇന്‍സമാമുള്‍ ഹഖ് എന്നിവര്‍ അടങ്ങുന്നതാണ് ഷഫീക്കിന്റെ കുടുംബം. ചികിത്സയുമായി ബന്ധപ്പെട്ട നാട്ടുകാരുടെയും ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന്റെയും വലിയ സഹായത്തില്‍ കടപ്പാട് അറിയിക്കുകയാണ് കുടുംബവും ചികിത്സ സഹായ കമ്മിറ്റിയും.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍