മുണ്ടക്കൈചൂരല്‍മല പുനരധിവാസം; ആദ്യ ദിനത്തില്‍ 107 ആളുകളെ ജില്ലാ കളക്ടര്‍ നേരില്‍ കണ്ടു; ഗുണഭോക്താക്കളുടെ ആവശ്യം സര്‍ക്കാറിനെ അറിയിക്കും: ജില്ലാ കളക്ടര്‍

കല്‍പ്പറ്റ: മുണ്ടക്കൈചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പിലേക്കുള്ള ആദ്യഘട്ട ഗുണഭോക്തൃ പട്ടികയിലെ 107 ആളുകളെ ജില്ലാ കളക്ടര്‍ ഡി.ആര് മേഘശ്രീ നേരില്‍ കണ്ടു. ആദ്യ ദിനത്തില്‍ 125 ഗുണഭോക്താക്കള്‍ക്കാണ് ജില്ലാ ദുരന്ത നിവാരണ വിഭാഗം ചെയര്‍പേഴ്സണ്‍ കത്ത് നല്‍കിയത്. 107 പേരാണ് കളക്ടറേറ്റില്‍ എത്തിയത്. ഇതില്‍ 12 പേര് വീടിനായി സമ്മതപത്രം നല്കി. ഒരാള്‍ സാമ്പത്തിക സഹായത്തിന് സമ്മതപത്രം നല്കി. ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ കണ്ടെത്തിയ 64 ഹെക്ടര്‍ സ്ഥലത്ത് നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പില്‍ 1000 ചതുരശ്ര അടിയുള്ള വാസഗൃഹം, അല്ലാത്തവര്‍ക്ക് 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം സംബന്ധിച്ച് സമ്മതപത്രം സ്വീകരിക്കുന്നതിനായി നടത്തിയ ആദ്യ ദിന കൂടിക്കാഴ്ചയില്‍ മേപ്പാടി ഗ്രാമപഞ്ചയാത്തിലെ 10,11,12 വാര്‍ഡുകളിലെ 107 ആളുകളെയാണ് ജില്ലാ കളക്ടര്‍ നേരില്‍ കണ്ടത്.
ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് അതിവേഗം വീടെന്ന സര്‍ക്കാറിന്റെ പ്രഥമ പരിഗണന വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് ആളുകളെ നേരില്‍ കണ്ട് സംസാരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. സംഘടനകള്‍, സ്പോണ്‍സര്‍മാര്‍, വ്യക്തിക്കള്‍ എന്നിവര്‍ വീട് വെച്ച് നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിശ്ചിത തുക സാമ്പത്തിക സഹായമായി ലഭിക്കും. ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും കൂട്ടായ പേരിലാണ് വീടും സാമ്പത്തിക സഹായവും ലഭിക്കുക. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണെങ്കില്‍ കുട്ടിയുടെ രക്ഷിതാവെന്ന പേരിലും പ്രായപൂര്‍ത്തിയായ ശേഷം കുട്ടിയുടെ പേരിലേക്കും ഉടമസ്ഥാവകാശം ലഭിക്കും. ഗുണഭോക്തൃ ലിസ്റ്റിലുള്‍പ്പെട്ടവര്‍ക്ക് ടൗണ്‍ഷിപ്പില്‍ വീട് വേണമോ, സാമ്പത്തിക സഹായം വേണമോ എന്നത് സംബന്ധിച്ച് മാര്‍ച്ച് 24 വരെ സമ്മതപത്രം നല്‍കാം. ലഭിക്കുന്ന സമ്മതപത്രത്തില്‍ പരിശോധനയും സമാഹരണവും ഏപ്രില്‍ 13 പൂര്‍ത്തിയാക്കും. ടൗണ്‍ഷിപ്പില്‍ വീട്, സാമ്പത്തിക സഹായം എന്നത് സംബന്ധിച്ചുള്ള ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രില്‍ 20 ന് പ്രസിദ്ധീകരിക്കും. പട്ടിക ജില്ലാ കളക്ടറുടെ ഔദ്യോഗിക പേജിലും വൈത്തിരി താലൂക്ക് ഓഫീസ്, മേപ്പാടി ഗ്രാമപഞ്ചായത്ത്, വെള്ളരിമല വില്ലേജ് ഓഫീസിലും പ്രസിദ്ധപ്പെടുത്തും. ദുരന്ത ഭൂമിയില്‍ വിദഗ്ധസമിതി പോകാന്‍ പാടില്ലെന്ന് രേഖപ്പെടുത്തിയ സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ സ്വമേധയ ഒഴിയണം. ദുരന്ത ഭൂമിയിലെ എല്ലാ കെട്ടിടങ്ങളും പൊളിച്ച് മാറ്റി നിര്‍മ്മാണ വിലക്ക് ഭൂമിയായി പ്രഖ്യാപിക്കും. ദുരന്തമേഖലയില്‍ താമസം, കച്ചവടം എന്നിവ അനുവദിക്കില്ല. ദുരന്തത്തില്‍ കേടുപാട് സംഭവിച്ച വീടുകള്‍ സര്‍ക്കാര്‍ ഡി.ഡി.എം.എയുടെ മേല്‍നോട്ടത്തില്‍ പൊളിച്ചുമാറ്റും. പൊളിച്ചു മാറ്റുന്ന വീടുകളില്‍ നിന്നും ഉപയോഗയോഗ്യമായ ജനല്‍, വാതില്‍, മറ്റു വസ്തുക്കള്‍ ആളുകള്‍ക്ക് എടുക്കാം. ദുരന്ത പ്രദേശത്തെ ഭൂമിയുടെ അവകാശം അതത് ഭൂഉടമകള്‍ക്ക് മാത്രമായിരിക്കും. ഭൂമി കൃഷിയാവശ്യങ്ങള്‍ക്ക് മാത്രമായി അനുവദിക്കും. ഒന്നിലധികം വീട് നഷ്ടപ്പെട്ടവര്‍ക്ക് ഒരു വീട് ടൗണ്‍ഷിപ്പില്‍ ഉറപ്പാക്കും. നഷ്ടമായ മറ്റു വീടുകള്‍ക്ക് ദുരന്ത നിവാരണ നിയമ പ്രകാരം നാല് ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കും.
ആവശ്യങ്ങള്‍ ഉന്നയിച്ച് ഗുണഭോക്താക്കള്‍
ജില്ലാ കളക്ടറെ നേരില്‍ കണ്ട ഗുണഭോക്താക്കള്‍ ടൗണ്‍ഷിപ്പില്‍ 10 സെന്റ് സ്ഥവും സാമ്പത്തിക സഹായം 40 ലക്ഷമാക്കി വര്‍ദ്ധിപ്പിക്കമെന്ന് ആവശ്യം ഉന്നയിച്ചു. ആളുകള്‍ ഉന്നയിച്ച വിഷയങ്ങള്‍ സര്‍ക്കാറിനെ അറിയിക്കാമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ദുരന്ത ഭൂമി കൃഷിയാവശ്യത്തിന് ഉപയോഗിക്കുമ്പോള്‍ ഭൂമിക്ക് കൈവശ സര്‍ട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് ആളുകള്‍ അറിയിച്ചു. ദുരന്ത പ്രദേശത്തുള്ളവര്‍ക്ക് ബാങ്കുകള്‍ ലോണ്‍ അനുവദിക്കുന്നില്ലെന്ന് അറിയിച്ചവരോട് വിഷയം സര്‍ക്കിലേക്കും ബാങ്ക് പ്രതിനിധികളുടെ ശ്രദ്ധയില്‍പ്പെടുത്താമെന്നും കളക്ടര്‍ പറഞ്ഞു. ആള് താമസമില്ലാത്ത മുണ്ടക്കൈചൂരല്‍മല പ്രദേശത്തെ കാര്‍ഷിക വിളകള്‍ മോഷ്ടിക്കപ്പെടുന്നുണ്ടെന്നും മേഖലയില്‍ സുരക്ഷ ഉറപ്പാക്കണമെന്നും ആളുകള്‍ ആവശ്യപ്പെട്ടു.
പ്രകൃതി ദുരന്തങ്ങള്‍ പ്രതിരോധിക്കും വിധമുള്ള മാതൃക വീടുകള്‍
പ്രകൃതി ദുരന്തങ്ങള്‍ പ്രതിരോധിക്കും വിധമാണ് ടൗണ്‍ഷിപ്പിലെ വീടുകള്‍ രൂപകല്പന ചെയുന്നത്. 1000 ചതുരശ്രയടിയില്‍ ഒറ്റ നിലയില്‍ പണി തീര്‍ക്കുന്ന കെട്ടിടത്തില്‍ ഭാവിയില്‍ ഇരു നില നിര്‍മ്മിക്കാനുള്ള അടിത്തറയോട് കൂടിയാണ് നിര്‍മ്മാണം. ശുചിമുറിയോട് ചേര്‍ന്നുള്ള പ്രധാന മുറി, രണ്ട് മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവയാണ് ഉള്‍പ്പെടുന്നത്. ആരോഗ്യ കേന്ദ്രം, ആധുനിക അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ എന്നിവയും ടൗണ്‍ഷിപ്പിന്റെ ഭാഗമായി നിര്‍മ്മിക്കും. ആരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി, ഫാര്‍മസി, പരിശോധനവാക്സിനേഷന്ഒബ്സര്വേഷന് മുറികള്‍, മൈനര്‍ ഒ.പി, ഒ.പി ടിക്കറ്റ് കൗണ്ടര്‍ എന്നീ സൗകര്യങ്ങള്‍ സജ്ജികരിക്കും. ക്ലാസ് മുറി, കളി സ്ഥലം, ഡൈനിങ് റൂം, സ്റ്റോര്‍, പാര്‍ക്കിങ് എന്നിവയാണ് അങ്കണവാടിയുടെ ഭാഗമായി നിര്‍മ്മിക്കുന്നത്. പൊതു മാര്‍ക്കറ്റില്‍ കടകള്‍, സ്റ്റാളുകള്‍, ഓപ്പണ്‍ മാര്‍ക്കറ്റ്, കുട്ടികള്‍ക്ക് കളി സ്ഥലം, പാര്‍ക്കിങ് എന്നിവ ഒരുക്കും. മര്‍ട്ടി പര്‍പ്പസ് ഹാള്‍, ഇന്റോര്‍ കളി സ്ഥലം, ലൈബ്രറി, സ്പോട്സ് ക്ലബ്ബ്, ഓപ്പണ്‍ എയര്‍ തിയേറ്റര്‍ എന്നിവ കമ്മ്യൂണിറ്റി സെന്ററില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കും. ടൗണ്‍ഷിപ്പില്‍ ലഭിക്കുന്ന വീടിന് അനുവദിക്കുന്ന പട്ടയം 12 വര്‍ഷത്തേക്ക് കൈമാറ്റം പാടില്ലെന്നും പാരമ്പര്യ കൈമാറ്റം നടത്താമെന്നും അധികൃതര്‍ അറിയിച്ചു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍