വനത്തിനു തീയിട്ട സംഭവം; പ്രതിയെ അറസ്റ്റ് ചെയ്തു

മാനന്തവാടി: നോര്‍ത്ത് വയനാട് വനം ഡിഷനിലെ തൃശ്ശിലേരി സെക്ഷനില്‍ പുല്മേടുകള്ക്കു തീയിടുന്നതിനിടെ പിടിയിലായ തൃശ്ശിലേരി അണക്കെട്ടിനു സമീപത്തെ സെറ്റില്‍മെന്റ് കോളനിയിലെ സുധീഷ് കുമാര്‍ (32)ന്റെ അറസ്റ്റ് രേഖപ്പെടുത്തി.തലപ്പുഴ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എ.കെ. ജയരാജനാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇന്നലെയാണ് ഡി.ഫ്.ഒ. കെ.ജെ. മാര്ട്ടിന് ലോവലിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം സുധീഷിനെ കസ്റ്റഡിയിലെടുത്തത്.
കുരിശുകുത്തിമലയിലും കമ്പമലയിലുമുണ്ടായ തീപ്പിടിത്തം മനുഷ്യനിര്‍മിതമെന്ന സംശയത്തില്‍ വനംവകുപ്പ് നിരീക്ഷിച്ചു വരികയായിരുന്നു. കമ്പമലയില്‍ തീ കെടുത്തുന്നതിനിടെ മുത്തുമാരി വനത്തിലും തീ പടര്‍ന്നതു ശ്രദ്ധയില്‍പ്പെട്ടു. തീപടര്‍ന്ന പ്രദേശത്തു നിന്ന് ആരോ ഓടിപ്പോകുന്നതു മനസിലാക്കിയ വനപാലകസംഘം ഇയാളെ പിന്തുടര്ന്നു. കാട്ടാനയുള്ള പ്രദേശത്തേക്ക് ഓടി മറഞ്ഞയാള്‍ തിരിച്ചു വരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വനപാലകസംഘം നിലയുറപ്പിച്ചു. ഉള്‍വനത്തില്‍ നിന്നാണ് രണ്ടു വാച്ചര്‍മാര്‍ സാഹസികമായി സുധീഷിനെ പിടികൂടിയത്. സുധീഷ് തീയിടാന്‍ ഉപയോഗിച്ച ലൈറ്ററും ഉപയോഗിച്ചിരുന്ന കത്തിയും ബാഗും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.ഒട്ടേറെ പോലീസ് കേസുകളിലുള്‍പ്പെട്ടയാളാണ് സുധീഷ്. പോലീസില്‍ നിന്നു ഒളിച്ചു കഴിയാനാണ് വനത്തില്‍ കഴിഞ്ഞതെന്നും വന്യമൃഗങ്ങളെ പേടിച്ചാണ് തീയിട്ടതെന്നുമാണ് സുധീഷ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നല്കിയ മൊഴിയെന്നാണ് സൂചന.
ഇയാളെ മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ തീയിട്ടതിനെ തുടര്‍ന്ന് നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ തലപ്പുഴ ഫോറസ്റ്റ് സെക്ഷനിലെ കുരിശുകുത്തിമലയില്‍ ഏകദേശം നാലു ഹെക്ടറും തൃശ്ശിലേരി സെക്ഷനില്‍ 12 ഹെക്ടറും പുല്‍മേടുകള്‍ കത്തി നശിച്ചിരുന്നു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍