ദുരിത ജീവിതത്തിന്റെ നടുക്കുന്ന ഓര്‍മ്മകളയവിറക്കി ജൂലി ജന്മനാട്ടില്‍..! ഓപ്പണ്‍ ന്യൂസറിനോടും, കെഎംസിസിയോടും നന്ദിയും കടപ്പാടുമെന്നും ജൂലി

ഒരു വര്‍ഷത്തെ ദുരിത പൂര്‍ണ്ണമായ പ്രവാസ ജീവിതത്തില്‍ നിന്നും രക്ഷപ്പെട്ട് നാട്ടില്‍ തിരികെയെത്തിയ ജൂലി ദുരിതസ്മരണകളുടെ ലോകത്ത് നിന്നും സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തുന്നു. ഒരു വര്‍ഷം മുമ്പ് സ്വകാര്യ ഏജന്റിന്റെ വിസയില്‍ സൗദിയിലേക്ക് വീട്ട് ജോലിക്കായി പോയ ജൂലി വിദേശത്തുവെച്ച് അനുഭവിച്ച നരകയാതനകള്‍ ഓപ്പണ്‍ ന്യൂസര്‍ വാര്‍ത്തയാക്കുകയും, തുടര്‍ന്ന് കെഎംസിസി സജീവമായി വിഷയമേറ്റെടുത്ത് ജൂലിയെ ജന്മനാട്ടിലേക്ക് തിരികെയെത്തിക്കുകയുമായിരുന്നു.
അമിതമായ ജോലിയും, നേരത്തിന് ഭക്ഷണം പോലും ലഭിക്കാതെയും ദുരിതപൂര്‍ണ്ണമായിരുന്നു ജൂലിയുടെ പ്രവാസ ജീവിതം. മാനസികമായും ശാരീരികമായും ഉപദ്രവവും കൂടി തുടങ്ങിയതോടെ അവര്‍ രോഗിയായി തീരുകയും ചെയ്ത ജൂലിക്ക് മതിയായ ചികിത്സയോ വിശ്രമമോ ലഭ്യമാകാതെ വന്നതോടെ ജീവിതം ഏറെ ദുരിതപൂര്‍ണ്ണമായിതീരുകയും ചെയ്തു. മാസ ശമ്പളം പോലും സ്പോണ്സര്‍ നല്‍കിയില്ല. കുടുംബത്തില്‍ ബന്ധപ്പെടാനുള്ള മാര്‍ഗ്ഗങ്ങളെല്ലാം ഉടമസ്ഥന്‍ തടഞ്ഞതോടെ തീര്‍ത്തും ഒറ്റപ്പെട്ട് കഴിയുകയായിരുന്നു ജൂലി. വിവരം ഒന്നും ലഭ്യമല്ലാതെ ആശങ്കയിലായ കുടുംബം ജൂലിയെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ പരിമിതമായ സൗകര്യങ്ങളില്‍ക്കൂടി നടത്തി എങ്കിലും ഒന്നും ഫലവത്തായിരുന്നില്ല. തുടര്‍ന്നാണ് ജൂലിയുടെ മകളുടെ ഭര്‍ത്താവ് ഓപ്പണ് ന്യൂസറുമായി ഇക്കാര്യം സംസാരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ഓപ്പണ്‍ന്യൂസര്‍ ജൂലിയുടെ അവസ്ഥ സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ചെയ്തത്.
വാര്‍ത്ത ശ്രദ്ധയില്‍പെട്ട റിയാദ് കെ.എം.സി.സി മാനന്തവാടി മണ്ഡലം പ്രസിഡണ്ട് വാസിര്‍.കടവത്ത് ഇക്കാര്യം കെ.എം.സി.സി പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെടുത്തുകയും തുടര്‍ന്ന് അബ്ദുന്നാസര്‍ കുഴിനിലം, ആബിദ് ചുണ്ടേല്‍, മന്‍സൂര്‍.മേപ്പാടി ഹര്‍ഷല്‍ പഞ്ചാര, ശറഫ് കുമ്പ്ളാട് ,അഷ്റഫ് മേപ്പാടി, ഷമീര്‍ മടക്കി എന്നിവര്‍ അടങ്ങുന്ന സംഘം രൂപീകരിച്ചു അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തില്‍ റിയാദില്‍ നിന്നും അകലെ അഫറല്‍ ബാത്ത് എന്ന സ്ഥലത്താണ് ജൂലി ഉള്ളത് എന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അഫറല്‍ ബാത് കെ.എം.സി.സി പ്രവര്‍ത്തകന്‍ അബ്ദുള്‍ ലത്തീഫ് ബാബ മഞ്ചേശ്വരം, മലപ്പുറം ജില്ലാ കെ.എം.സി.സി വെല്‍ഫെയര്‍ അംഗം സിദ്ധീഖ് തൂവൂര്‍ എന്നിവരുടെ ശ്രമത്താല്‍ ആ മേഖലയിലെ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ ഉയര്‍ന്ന റാങ്കില്‍ പ്രവര്‍ത്തിച്ചു വിരമിച്ച പോലീസ് ഉദ്യോഗസ്ഥനായിരുന്ന സ്പോണ്സര്‍ കേസുകള്‍ പലതവണ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും അബ്ദുള്‍ ലത്തീഫ് ബാബയുടെ നിരന്തരമായ ഇടപെടല്‍ കാരണം കേസ് നിലനിര്‍ത്താനും ശമ്പളം മുഴുവന്‍ നല്‍കി ജൂലിയെ നാട്ടിലേക്ക് കയറ്റി അയക്കാനും സ്പോസര്‍ വഴങ്ങുകയായിരുന്നു. എങ്കിലും തിരികെ അയക്കുന്ന സമയത്ത് പോലും നല്ല നിലയില്‍ ആയിരുന്നില്ല അവരുടെ സമീപനം എന്ന് ജൂലി പറയുന്നു.
ധരിച്ചിരുന്ന വസ്ത്രമൊഴികെ ബാഗോ, മരുന്നുകളോ എടുക്കാന്‍ സമ്മതിക്കാതെ വിമാനത്താവളത്തില്‍ എത്തിച്ച് നാട്ടിലേക്ക് കയറ്റി വിടുകയായിരുന്നെന്ന് ജൂലി പറയുന്നു. എങ്കിലും ജീവനോടെ തിരികെ നാട്ടില്‍ എത്താന്‍ സാഹായിച്ച കെ.എം.സി.സി പ്രവര്‍ത്തകരോടും, വാര്‍ത്ത അവരുടെ ശ്രദ്ധയില്‍ എത്തിച്ച ഓപ്പണ് ന്യൂസറിനോടും നന്ദി പറയുകയാണ് ജൂലി. കഴിഞ്ഞയാഴ്ച നാട്ടിലെത്തിയ ജൂലി ദുരന്ത സ്മരണകളുടെ ലോകത്ത് നിന്നും തിരികെ നടക്കുവാനുള്ള ശ്രമത്തിലാണ്. രോഗിയായ ഭര്‍ത്താവിനൊപ്പം ഇനിയുള്ള നാളുകള്‍ നാട്ടിലെന്തെങ്കിലും ജോലിയെടുത്ത് ജീവതം മുന്നോട്ട് കൊണ്ടുപോകാനാണ് താനാഗ്രഹിക്കുന്നതെന്ന് ജൂലി ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു.
അതേ സമയം അനവധി നിസ്വാര്‍ത്ഥ സേവന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ശ്രദ്ധേയരായ കെ.എം.സി.സി യുടെ പ്രവര്‍ത്തകര്‍ സമാന രീതിയില്‍ ദുരിതം അനുഭവിക്കുന്ന മറ്റൊരു മാനന്തവാടി സ്വദേശിനി മേരി എന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള തിരക്കില്‍ ആണ്. ഓപ്പണ്‍ ന്യൂസര്‍ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പാവം ഒരു വീട്ടമ്മയുടെ ജീവിതം മണലാരണ്യത്തില്‍ നഷ്ടമാകാതെ തിരികെയവരെ ജന്മനാട്ടിലെത്തിക്കാന്‍ കയ്യുെമെയ്യും മറന്ന് പ്രയത്നിച്ച കെഎംസിസി ഭാരവാഹാകള്‍ക്ക് ഓപ്പണ്‍ ന്യൂസറും നന്ദിയര്‍പ്പിക്കുന്നു..ഒപ്പം ആശംസകളും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍