തോല്‍പ്പെട്ടിയില്‍ എക്സൈസ് പിടികൂടിയത് 34.348 കിലോ ഗ്രാം സ്വര്‍ണ്ണം

തോല്‍പ്പെട്ടിയിലേത് സംസ്ഥാനത്തെ ഏറ്റവും വലിയ റെയിഡുകളിലൊന്ന്; പിടികൂടിയത് സുമാര്‍ പത്തരക്കോടിയുടെ സ്വര്‍ണ്ണം; എക്സൈസ് സംഘത്തിന് വകുപ്പ് മന്ത്രിയുടെ അഭിനന്ദനം; സ്വര്‍ണ്ണം വാണിജ്യനികുതി വകുപ്പിന് കൈമാറി
മതിയായ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ചത് 34.348 കിലോഗ്രാം സ്വര്‍ണ്ണാഭരണങ്ങളെന്ന് തെളിഞ്ഞു. ഏകദേശം പത്തരക്കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് സംഘം കോഴിക്കോടേക്ക് കടത്താന്‍ ശ്രമിച്ചത്. സംസ്ഥാനത്ത് സമാനരീതിയിലുള്ള കേസ്സുകളിലെ ഏറ്റവും വലിയ തുകകളിലൊന്നാണ് ഇത്. എക്സൈസ് സംഘത്തെ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.
ബംഗ്ളൂരില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക് പോവുകയായിരുന്ന കല്ലട ബസില്‍ നിന്ന് എക്സൈസ് ഇന്റലിജന്‍സ് വിഭാഗമാണ് ഇന്ന് രാവിലെ രേഖകളില്ലാതെ പിന്‍സീറ്റിനടിയില്‍ നാല് ബാഗുകളിലായി സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ പിടിച്ചെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ സ്വദേശികളും ബംഗളൂരുവില്‍ താമസിച്ചുവരുന്നതുമായ ബി സങ്കേഷ്, എം അഭയ്, മദന്‍ലാല്‍,വിക്രം ചമ്പാരം,കമലേഷ് എന്നിവരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
മാലകള്‍, വളകള്‍, കമ്മലുകള്‍ തുടങ്ങിയവയുടെ വന്‍ശേഖരമാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. തുടര്‍ന്ന് സ്വര്‍ണ്ണം അളന്ന് തിട്ടപ്പെടുത്തിയ ശേഷം സംഘത്തെ സ്വര്‍ണ്ണമടക്കം വാണിജ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. പിടികൂടിയ സ്വര്‍ണ്ണത്തിന് ഏകദേശം 65 ലക്ഷം രൂപയോളം പിഴയടക്കേണ്ടിവരും. വയനാട് എക്സൈസ് ഇന്റലിജന്‍സിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ എ ജെ ഷാജി, പ്രിവന്റീവ് ഓഫീസര്‍മാരായ സി ബി വിജയന്‍, എം കെ ഗോപി, കെ ജെ സന്തോഷ്, കെ എം സൈമണ്‍, കെ രമേശ്, സി ബാലകൃഷ്ണന്‍, തോല്‍പ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിലെ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എ ടി കെ രാമചന്ദ്രന്‍, കെ മിഥുന്‍, അജേഷ് വിജയന്‍ , കെ കെ സുധീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍