കടുവ ശല്യം രൂക്ഷമായിട്ടും വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് നടപടിയില്ലെന്ന് പരാതി

പുല്‍പ്പള്ളി: ഇരുളം പാമ്പ്ര പ്രദേശങ്ങളില്‍ ആഴ്ചകളായി കടുവാശല്യം രൂക്ഷമായിട്ടും വനംവകുപ്പിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ലെന്ന് പരാതി. കഴിഞ്ഞ ഒരാഴ്ചക്കിടെ നിരവധി തവണയാണ് കടുവയെ നാട്ടുകാര്‍ കണ്ടത്. കഴിഞ്ഞ ദിവസം പാമ്പ്ര എസ്റ്റേറ്റില്‍ മുളക് പറിച്ചുകൊണ്ടിരുന്ന തൊഴിലാളികള്‍ കടുവയെ കണ്ടിരുന്നു. ഇതിന്റെ ചിത്രവും തൊഴിലാളികള്‍ പകര്‍ത്തി നല്‍കിയിട്ടും ജനവാസ മേഖലയിലെ കടുവയെ തുരത്താനാവാശ്യമായ നടപടിയുണ്ടായില്ലെന്നും പരാതിയുയരുന്നുണ്ട്. കഴിഞ്ഞ ദിവസം ബത്തേരി-പുല്‍പ്പള്ളി റോഡില്‍ പാമ്പ്ര എസ്റ്റേറ്റിന് സമീപത്ത് കടുവ റോഡ് മുറിച്ചുകടക്കുന്നത് വാഹന യാത്രക്കാര്‍ കണ്ടിരുന്നു. പകല്‍പോലും കടുവ കൃഷിയിടത്തിലിറങ്ങാന്‍ തുടങ്ങിയതോടെ തൊഴിലാളികള്‍ ഭീതിയിലാണ്. രണ്ടാഴ്ച മുമ്പ് ഈ മേഖലയോട് ചേര്‍ന്ന സ്ഥലത്താണ് ബൈക്ക് യാത്രക്കാരനെ കടുവ പിന്തുടര്‍ന്ന് ഓടിച്ചത്. മറ്റൊരു വാഹനം എത്തിയതിനെ തുടര്‍ന്നാണ് കടുവ പിന്തിരിഞ്ഞത്. ശല്യക്കാരനായ കടുവയെ കൂടുവെച്ച് പിടികൂടാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പ് അധികൃതര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍