ജനങ്ങളില്‍ നിന്നകന്ന ഇടതുസര്‍ക്കാര്‍ ജനസമ്പര്‍ക്കമെന്ന പേരില്‍ നടത്തുന്ന പരിപാടിയില്‍ നിന്ന് ജനങ്ങള്‍ അകന്നു: പാണക്കാട് സയ്യിദ് സാദിഖലി ഷിഹാബ് തങ്ങള്‍

ബത്തേരി: ദ്രോഹ നിലപാടുകള്‍കൊണ്ട് ജനങ്ങളില്‍ നിന്നകന്ന ഇടതുസര്‍ക്കാര്‍ ജനസമ്പര്‍ക്കമെന്ന പേരില്‍ നടത്തുന്ന പരിപാടിയില്‍ നിന്ന് ജനങ്ങള്‍ അകന്നിരിക്കുകയാണെന്ന് മുസ്്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ഷിഹാബ് തങ്ങള്‍ പറഞ്ഞു. കേരളത്തിലേത് മൊബൈല്‍ മന്ത്രിസഭയാണ്. സര്‍ക്കാരിന്റെ ജനദ്രോഹ നിലപാടുകള്‍ മറക്കാന്‍ ഇത്തരം കെട്ടുകാഴ്ചകള്‍ മതിയാവില്ലെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു. ബത്തേരിയില്‍ നടന്ന വയനാട് ജില്ലാ മുസ്്ലിം ലീഗ് കൗണ്‍സില്‍ ക്യാമ്പും പി.എം.എസ്.എ പൂക്കോയ തങ്ങള്‍ സ്മാരക സൗധത്തിന്റെ പദ്ധതി പ്രഖ്യാപനവും എന്‍. മമ്മൂട്ടി അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.
അധികാരത്തില്‍ തുടരാന്‍ കേന്ദ്രത്തില്‍ ബി.ജെ.പിയും കേരളത്തില്‍ ഇടതുപക്ഷവും ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍തോല്‍ഭി മുഖത്ത് നില്‍ക്കുന്ന ഇടതുപക്ഷം യു.ഡി.എഫിനുള്ളില്‍ വിള്ളലുണ്ടാക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് പുതിയ വാര്‍ത്തകള്‍ വരുന്നത്. എന്നാല്‍ യു.ഡി.എഫിനെ ശക്തിപ്പെടുത്തുകയാണ് മുസ്്ലിം ലീഗിന്റെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം. യു.ഡി.എഫ് എന്ന സംവിധാനം രൂപപ്പെടുത്തിയ പാര്‍ട്ടിയാണ് ലീഗ്. യു.ഡി.എഫിന്റെ കെട്ടുറപ്പ് ലീഗിന് പ്രധാനമാണ്. യു.ഡി.എഫില്‍ ഉറച്ച് നില്‍ക്കാന്‍ മുസ്്ലിം ലീഗിന് ആയിരം കാരണങ്ങളുണ്ടെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
'ജനാധിപത്യത്തിന്റെ നെടുംതൂണുകളില്‍ കേന്ദ്ര ഭരണകൂടം വര്‍ഗീയ അജണ്ടകള്‍ നടപ്പാക്കുകയാണ്. വെറുപ്പിന്റെ രാഷ്ട്രീയം അധികാരത്തുടര്‍ച്ചക്ക് ഉപയോഗിക്കുന്ന കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി മതത്തെ ഉപയോഗിക്കുകയാണ്. ജനങ്ങളെ തമ്മില്‍ അകറ്റി, ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന കേന്ദ്രസര്‍ക്കാരിനെതിരെ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കാന്‍ ജനാധിപത്യ വിശ്വാസികള്‍ തയ്യാറാവണം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനായി മുസ്്ലിം ലീഗ് ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു'. തങ്ങള്‍ പറഞ്ഞു.
മുസ്്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് സ്വാഗതം പറഞ്ഞു. മുസ്്ലിം ലീഗ് വയനാട് ജില്ലാ ആസ്ഥാനമായ പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ സ്മാരക സൗധം പ്രഖ്യാപനം ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വ്വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.എം ഉമ്മര്‍ മാസ്റ്റര്‍, വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ്, ചന്ദ്രിക കോഴിക്കോട് യൂനിറ്റ് ഗവേണിംഗ് ബോര്‍ഡ് ചെയര്‍മാന്‍ എം.എ റസാഖ് മാസ്റ്റര്‍ ചന്ദ്രിക ക്യാമ്പയിന്‍ വിശദീകരിച്ചു. മുസ്്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. ഷാഫി ചാലിയം, സംസ്ഥാന കൗണ്‍സില്‍ അംഗം റാഷിദ് ഗസ്സാലി, യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍, ജില്ലാ ഭാരവാഹികളായ പി.കെ അബൂബക്കര്‍, എന്‍.കെ റഷീദ്, റസാഖ് കല്‍പ്പറ്റ, എന്‍. നിസാര്‍ അഹമ്മദ്, പി.പി അയ്യൂബ്, സി. കുഞ്ഞബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി കെ. ഹാരിസ് നന്ദി പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍