രാജവെമ്പാലയെ അകാരണമായി ഭയക്കേണ്ടതില്ല..! രാജവെമ്പാലയെകുറിച്ചുള്ള അബദ്ധ ധാരണകള്‍ മാറ്റണമെന്ന് ജില്ലയിലെ പ്രമുഖ സ്നേക്ക് കാച്ചര്‍ വിപി സുജിത്ത്

കഴിഞ്ഞ ദിവസം തലപ്പുഴ മക്കിമലയില്‍ നിന്നും പിടികൂടിയ രാജവെമ്പാല നാട്ടുകാരില്‍ ഏറെ ഭീതിയും ആകാംക്ഷയും ഉളവാക്കിയ പശ്ചാത്തലത്തിലാണ് പാമ്പിനെ പിടികൂടി കാട്ടിലേക്കയച്ച വനംവകുപ്പിന്റെ പ്രതിനിധി വിപി സുജിത്ത് രാജവെമ്പാലയെ കുറിച്ചുള്ള അബദ്ധധാരണകള്‍ക്കെതിരെയുള്ള തന്റെ നിലപാടുകള്‍ ഓപ്പണ്‍ ന്യൂസറുമായി പങ്ക് വെച്ചത്. മക്കിമല മേലെ തലപ്പുഴ രാജന്റെ വീട്ടില്‍ നിന്നും സുജിത്ത് രാജവെമ്പാലയെ പിടികൂടി വനത്തില്‍ വിട്ടയക്കുന്ന ദൃശ്യങ്ങളും, രാജവെമ്പാലയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായവും ഓപ്പണ്‍ ന്യൂസര്‍ നല്‍കുന്നു.
രാജവെമ്പാല
പേരുപോലെ തന്നെ ശരിക്കുംപാമ്പുകളുടെ രാജാവ് ആകാന്‍ യോഗ്യതയുള്ളവന്‍. കരയില്‍ ജീവിക്കുന്ന വിഷപ്പാമ്പുകളില്‍ ഏറ്റവും വലിപ്പമുള്ള ഈ ജീവിയാണ് നമ്മുടെ ദേശീയ ഉരഗം. ഇന്നുവരെ കേരളത്തില്‍ ഒരാളെപ്പോലും രാജവെമ്പാല കടിച്ചതായി രേഖകളില്ല. ഒരിക്കലും മനുഷ്യരെ അങ്ങോട്ട് ചെന്ന് അക്രമിക്കുന്ന സ്വഭാവം മറ്റേതൊരു പാമ്പുകളെയുംപോലെ തന്നെ രാജവെമ്പാലയ്ക്കുമില്ല. മനുഷ്യവാസമുളളിടത്ത് എത്തിപ്പെടാന്‍ മടിയുള്ള ഈ ജീവിയെ സാധാരണ കാണപ്പെടുന്നത് നിത്യഹരിത വനങ്ങളിലാണ്. ചൂട് ഇവര്ക്ക് താങ്ങാനേ ആവില്ല.
പാമ്പുകള്‍ ഉള്‍പ്പെടെയുള്ള ഉരഗജീവികള്‍ ആണ് രാജവെമ്പാലകളുടെ മുഖ്യ ആഹാരം. ചേരകളാണ് പഥ്യം.കൂടാതെ രാജവെമ്പാല, മൂര്‍ഖന്‍, അണലി, തുടങ്ങിയ മറ്റു പാമ്പുകളെയും ഭക്ഷിക്കും.ഇത്തരം പാമ്പുകളെല്ലാം ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത് ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലുമാണ്. അതുകൊണ്ട്തന്നെ രാജവെമ്പാലകള്‍ ഇര തേടി ജനവാസ മേഖലയില്‍ എത്തിപ്പെടാറുണ്ട്.കൂടാതെ മഴക്കാലത്ത് വനത്തില്‍ നിന്നുത്ഭവിക്കുന്ന നീര്‍ച്ചാലുകള്‍, തോടുകള്‍ എന്നിവയിലൂടെ ഒഴുക്കില്‍പ്പെട്ടും, സഞ്ചരിച്ചും, വളരെ ദൂരസ്ഥലങ്ങളിലും എത്തിപ്പെടാറുണ്ട്. മഴക്കാലത്ത് ചൂട് കുറവായതുകൊണ്ടും, കാടുകള്‍ വളര്‍ന്നു നില്‍ക്കുന്നതുകൊണ്ടും എത്തിപ്പെട്ട പ്രദേശങ്ങളില്‍ കഴിച്ചുകൂട്ടാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.വേനല്‍ കനക്കുന്നതോടെ ചൂടു സഹിക്കാനാവാതെ അലഞ്ഞു നടക്കുന്നതിനിടയില്‍ കാണപ്പെടുന്ന വീടുകളിലോ, വിറക്പുരയിലോ, തൊഴുത്തിലോ ഒക്കെ കയറിയിരിക്കാറുണ്ട്.കൂടാതെ ശക്തമായ മഴക്കാലത്ത് നനവില്ലാത്ത സ്ഥലങ്ങള്‍ കണ്ടെത്തി അവിടെ വിശ്രമിക്കാറുണ്ട്. ആ സമയത്തും വീടുകളിലോ, സമീപത്തെ നനവില്ലാത്ത സ്ഥലങ്ങളിലോ കയറിയിരുന്നേക്കാം.
ഇങ്ങനെയുള്ള സാഹചര്യത്തില്‍ രാജവെമ്പാലകളെ കാണാനിടയായാല്‍ ഒരു കാരണവശാലും ഭയപ്പെടേണ്ടതില്ല. കാരണം പാമ്പുകളില്‍വച്ച് ഏറ്റവും ബുദ്ധിശക്തി കൂടിയ ഇനമായ രാജവെമ്പാലകള്‍ ഒരിക്കലും വെറുതെ കടിക്കുകയോ മനുഷ്യര്‍ക്ക് നേരെ ഓടി വരികയോ ചെയ്യാറില്ല. അതിനെ അങ്ങോട്ട് ചെന്ന് ഉപദ്രവിക്കാതിരുന്നാല്‍ മതി. സമീപത്ത് എവിടെയെങ്കിലും നിത്യ ഹരിത വനങ്ങളോ ,വനത്തില്‍ നിന്ന് ഒഴുകിവരുന്ന ജലാശയങ്ങളോ ഉണ്ടെങ്കില്‍ അവ സ്വയം തിരികെ പോയ്ക്കോളും. പറമ്പിലോ വിജനമായ സ്ഥലത്തോ ആണ് കാണപ്പെടുന്നതെങ്കില്‍ അവരെ വെറുതെ വിട്ടേക്കുക. അവ അവരുടെ പാട്ടിന് പൊയ്ക്കോട്ടെ.
വീടിനകത്തോ മനുഷ്യര്‍ക്കോ, മറ്റ് വളര്‍ത്ത് മൃഗങ്ങള്‍ക്കോ അപകടമായേക്കാവുന്ന സാഹചര്യത്തിലുമാണ് കാണപ്പെടുന്നതെങ്കില്‍ മാത്രം പിടികൂടി ഏത് വനത്തില്‍ നിന്നാണോ അത് വന്നിട്ടുണ്ടാവുക, അതേ പ്രദേശത്ത് തന്നെ കൊണ്ടുവിടണം. ഒരിടത്തു നിന്ന് പിടിച്ച് വളരെ ദൂരെയുള്ള മറ്റൊരു സ്ഥലത്ത് കൊണ്ടു വിടുന്നത് രാജവെമ്പാലകളുടെ നിലനില്പിന് ഉത്തമമല്ല. ഓരോ രാജവെമ്പാലയ്ക്കും അതിന്റെതായ ടെറിട്ടറി ഉണ്ട്. മറ്റൊരിടത്താണ് കൊണ്ടു വിടുന്നതെങ്കില്‍ ആ പ്രദേശത്തുള്ള രാജവെമ്പാലകളുമായി യുദ്ധമുണ്ടാവുകയോ, അല്ലെങ്കില്‍ വലിപ്പം കൂടിയവ വലിപ്പം കുറഞ്ഞവയെ ഭക്ഷണമാക്കുകയോ ചെയ്യും. ഒരിക്കല്‍ കാടിറങ്ങി മനുഷ്യരാല്‍ പിടികൂടപ്പെട്ട് തിരികേ കാട്ടിലേക്കയക്കപ്പെട്ട രാജവെമ്പാലകള്‍ വീണ്ടും ജനവാസ മേഖലകളില്‍ എത്തിപ്പെടാറില്ല.
വനപ്രദേശങ്ങളില്‍ നിന്ന് വളരെ അകലത്തെത്തിപ്പെടുന്ന രാജവെമ്പാലകളെ പിടികൂടി എത് കാട്ടില്‍ നിന്നാണോ വന്നിട്ടുണ്ടാവുക അതേകാട്ടില്‍ തന്നെ തിരികെയെത്തിക്കണം.
രാജവെമ്പാലകളെ പിടിക്കുന്നത് എന്തോ വലിയ സംഭവമായാണ് ജനങ്ങള്‍ കാണുന്നത്. അതിന്റെ കാരണം മറ്റു പാമ്പുകളെപോലെ സുലഭമായി രാജവെമ്പാലകളെ കാണാറില്ലാത്തതും കടിയേറ്റാല്‍ മരണം ഉറപ്പാണ് എന്നുള്ളതും പഴമക്കാരില്‍ നിന്ന് കേട്ടറിഞ്ഞ പൊടിപ്പും തൊങ്ങലുമടങ്ങിയ പേടിപ്പെടുത്തുന്ന കഥകളുമൊക്കെയാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വളരെ സാധു പ്രകൃതക്കാരാണിവ. പിടിക്കാന്‍ ഏറ്റവും എളുപ്പമുള്ള പാമ്പാണിത്. എന്നുകരുതി ആര്‍ക്കും ചെന്ന് പിടിക്കാം എന്നര്‍ത്ഥമില്ല. വിദഗ്ധരല്ലാത്തവര്‍ ആരും മറ്റേതൊരു പാമ്പിനെയും പോലെ രാജവെമ്പാലകളെയും പിടിക്കാന്‍ ശ്രമിക്കരുത്.
സാധാരണ മനുഷ്യരെ കടിക്കാറില്ലെങ്കിലും കടിയേറ്റാല്‍ മരണം ഉറപ്പ് തന്നെയാണ്.കാരണം ഇതിന്റെ വിഷത്തിനെതിരെയുള്ള മറുമരുന്ന് ഇന്ത്യയില്‍ എവിടെയും ലഭ്യമല്ല.
കഴിഞ്ഞ ദിവസം തലപ്പുഴ മക്കിമല സ്വദേശി രാജന്റെ വീടിന്‍രെ അടുക്കളയുടെ മേല്‍ക്കൂരയില്‍ കണ്ടെത്തിയ രാജവെമ്പാലയെ സുജിത്ത് പിടികൂടിയിരുന്നു. രാജവെമ്പാലയെ പിടികൂടിയെന്നറിഞ്ഞപ്പോള്‍ മുതല്‍ പ്രദേശവാസികളും അ്ലലാത്തവരും രാജവെമ്പാലയെകുറിച്ച് പല അബദ്ധ ധാരണകളും പങ്കുവെക്കുന്നതായി സുജിത്തിന്‍രെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് ദേശീയ ഉരഗംകൂടിയായ രാജവെമ്പാലയെ കുറിച്ച് സുജിത്ത് ഓപ്പണ്‍ ന്യൂസറോട് വിശദീകരിച്ചത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍