നാളെ ഡോക്ടര്‍മാരുടെ പ്രതിഷേധ പണിമുടക്ക്; സമരം രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ; പ്രധാന സേവനങ്ങള്‍ തടസപ്പെടില്ല

കല്‍പ്പറ്റ: കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച സംഭവം നടന്ന ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുവാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 17 ന് സംസ്ഥാനത്ത് സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ മുഴുവന്‍ ഡോക്ടര്‍മാരും ഔട്ട് പേഷ്യന്റ് (ഒ.പി ) വിഭാഗം മുടക്കി പണിമുടക്കും. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ചികിത്സയില്‍ നിന്നും മാറി നില്‍ക്കുന്നതെന്നും, സ്വകാര്യ പ്രാക്ടീസ് നിര്‍ത്തിവെക്കുമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. അടിയന്തര ശസ്ത്രക്രിയകള്‍ ഐസിയു, അത്യാഹിത വിഭാഗം എന്നിവയെ സമരം ബാധിക്കില്ല അഞ്ച് ദിവസത്തിനുള്ളില്‍ ഒന്ന് എന്ന കണക്കിലാണ് സംസ്ഥാനത്ത് നിലവില്‍ ആശുപത്രി ആക്രമണങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ ഏതാണ്ട് 200ലേറെ ആശുപത്രി ആക്രമണങ്ങള്‍ കേരളത്തില്‍ നടന്നിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി.
ആശുപത്രി സംരക്ഷണം നിയമം പരിഷ്‌കരിച്ച് പുതിയ രീതിയില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനത്തെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സ്വാഗതം ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട് ഫാത്തിമ ആശുപത്രിയില്‍ ഡോക്ടര്‍ക്കെതിരെ നടന്ന കൊലപാതക ശ്രമം ഞെട്ടിക്കുന്നതാണ്. പോലീസിന്റെ സാന്നിധ്യത്തില്‍ നടന്ന ആക്രമണത്തില്‍ ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ആശുപത്രി ആക്രമങ്ങള്‍ സംബന്ധിച്ച് കോടതികള്‍ നല്‍കിയ നിര്‍ദ്ദേശങ്ങളും സംസ്ഥാനത്ത് പാലിക്കപ്പെടാത്തതില്‍ ഡോക്ടര്‍മാര്‍ അടങ്ങുന്ന സമൂഹം ആശങ്കയിലാണ്.
കേരളത്തില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക്‌നി ര്‍ഭയം ആത്മവിശ്വാസത്തോടെ ചികിത്സ നടത്തുവാനുള്ള അന്തരീക്ഷം ഉണ്ടാക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. കോഴിക്കോട് സംഭവത്തിലെ എല്ലാ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുക എന്നുള്ളതാണ് ഡോക്ടര്‍മാര്‍ ഒന്നടങ്കം ആവശ്യപ്പെടുന്ന പ്രധാന ആവശ്യം. ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, ആശുപത്രി ആക്രമണങ്ങളെ കുറിച്ച് ഹൈക്കോടതി നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുമെന്ന് ഉറപ്പിക്കുക, ഫാത്തിമ ആശുപത്രിയില്‍ ആക്രമണം നടന്നപ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുക, പ്രതിഷേധ സമരം നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നാളത്തെ സമരം എന്നും നേതൃത്വം അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍