കലാലയങ്ങള്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളായാല്‍

വിവേകത്തിന്റെയും വൈകാരികതയുടെയും തിളച്ചുമറിയുന്ന ആവേശത്തിന്റെയും പശ്ചാത്തലമുണ്ട് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐക്ക്. സമൂഹത്തിന്റെ ജീര്‍ണ്ണതകളോടും ജനാധിപത്യവിരുദ്ധതയോടും ഹൃദയശൂന്യമായ തെറ്റിനോടും നിരന്തരം കലഹിച്ചുകൊണ്ടാണ് കാലാകാലങ്ങളില്‍ എസ്.എഫ്.ഐ അതിന്റെ രാഷ്ട്രീയം കണ്ടെത്തുന്നത്. അതുകൊണ്ടാണ് രാഷ്ട്രീയവും സാമൂഹികവും കാലികവുമായ വിഷയങ്ങളില്‍ സംവേദനക്ഷമമായ വിദ്യാര്‍ത്ഥിബോധത്തിന് നവീനവും പുരോഗമനപരവുമായ ആശയങ്ങളിലേക്ക് അതിവേഗം ചുവടുവെക്കാന്‍ എക്കാലവും കഴിയുന്നത്.
സുല്‍ത്താന്‍ ബത്തേരിയില്‍ സ്ഥിതി ചെയ്യുന്ന ഡോണ്‍ ബോസ്‌കോ കോളേജും, കഴിഞ്ഞ ദിവസം അതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളും കേരളത്തിലെ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ ഏറ്റെടുത്തിരുന്നു പക്ഷെ മുഖ്യധാരാ മാധ്യമങ്ങള്‍ എല്ലാം തന്നെ സംഭവത്തെ അര്‍ത്ഥശൂന്യമായ അക്രമമായി വ്യാഖ്യാനിച്ചു അതുയര്‍ത്തുന്ന രാഷ്ട്രീയത്തെ സമര്‍ത്ഥമായി മൂടിവെക്കുകയാണ് ചെയ്തത്. പ്രസ്തുത ക്യാമ്പസില്‍ രാഷ്ടീയം പറഞ്ഞാല്‍ പ്രിന്‍സിപ്പലിന്റെ താക്കീതുകളും, നാലുപേര്‍ കൂടി നിന്നു സംസാരിച്ചാല്‍ ഉടന്‍ വിചാരണയും. പിന്നെ സംസാരിച്ച കാര്യങ്ങളും കാരണങ്ങളും വള്ളിപുള്ളി വിടാതെ മൊഴിയെടുപ്പും.. പറഞ്ഞില്ലെങ്കില്‍ പുറത്താക്കുകയും ചെയ്താണ് പ്രിന്‍സിപ്പല്‍ ജോയ് ഉള്ളാട്ടും വൈസ് പ്രിന്‍സിപ്പല്‍ ഫാ. കുര്യാക്കോസും ക്യാമ്പസ് നടത്തിപ്പോരുന്നത്. അണ്‍ എയ്ഡഡ് സ്‌കൂളിനെക്കാള്‍ അച്ചടക്കത്തിന്റെ വാളോങ്ങുന്ന മാനേജ്മെന്റാണ് വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയിലെ ഡോണ്‍ ബോസ്‌കോ കോളേജിലേത്. ഒരു വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും കോളേജിലേക്ക് പ്രവേശനമില്ല എന്ന് മാത്രമല്ല വിദ്യാര്‍ത്ഥികള്‍ പരസ്പരം കൂട്ടുകൂടുന്നതിനുപോലും നിയത്രണങ്ങള്‍ ഉണ്ട്! പഠനത്തിനപ്പുറം യാതൊരു സ്വാതന്ത്ര്യവും ഇവിടെ പ്രതീക്ഷിക്കേണ്ടെന്ന അപ്രഖ്യാപിത മുദ്രാവാക്യമാണ് മാനേജ്മെന്റിന്റേത്.
ഡോണ്‍ ബോസ്‌കോയ്ക്ക് 48 കോളേജുകളാണുള്ളത്. എല്ലാ കോളേജുകളിലും സംഘടനാ സ്വാതന്ത്രമില്ലെന്നു മാനേജ്മെന്റ് പറയുന്നുണ്ടെങ്കിലും ആലപ്പുഴ, കോട്ടയം ജില്ലകളിലെ കോളേജുകളില്‍ ഉള്‍പ്പെടെ വിദ്യാര്‍ഥി സംഘടനകള്‍ സജീവമായിത്തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഡോണ്‍ ബോസ്‌കോയുടെ ബത്തേരി കോളേജിലാണ് വിദ്യാര്‍ഥികള്‍ക്കു നേരെ ഏറ്റവും വലിയ പീഡനവും ജനാധിപത്യവിരുദ്ധതയും അരങ്ങേറുന്നത്.
നിലവിലെ വിവാദങ്ങള്‍ക്കു തുടക്കം കോളേജിലെ ബികോം രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായ ജിഷ്ണു വേണുഗോപാലില്‍ നിന്നാണ് എസ്.എഫ്.ഐ ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ 22നു ക്യാമ്പസിനു പുറത്ത് സംഘടനയുടെ കൊടി ഉയര്‍ത്തിയ ജിഷ്ണുവിനെ മാനേജ്‌മെന്റ് ഇപ്പോഴും വേട്ടയാടല്‍ തുടരുകയാണ്. അടുത്തദിവസം തന്നെ കൊടിപറിച്ചു മാനേജ്മെന്റധികൃതര്‍ ദൂരേക്കെറിഞ്ഞു. പിന്നീട് അടിയന്തിരമായി വകുപ്പുതലവന്‍മാരുടെ യോഗം ചേര്‍ന്നു. വിദ്യാര്‍ഥിയായ ജിഷ്ണുവിനെയും അതോടൊപ്പം ജിഷ്ണുവിന്റെ രക്ഷിതാവിനെയും യോഗത്തിലേക്കു വിളിപ്പിച്ച് മാനസികമായി പീഡിപ്പിക്കുകയും കോളേജില്‍ നിന്നു പുറത്താക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് എസ്.എഫ്.ഐ ജില്ലാ നേതൃത്വം വിഷയം ഏറ്റെടുക്കുകയും, മാനേജ്‌മെന്റ് നിഷേധാത്മക സമീപനം സ്വീകരിക്കുകയും ചെയ്തതിനെത്തുടര്‍ന്നു സംഘടിപ്പിക്കപ്പെട്ട പ്രതിഷേധ മാര്‍ച്ചാണ് നിര്‍ഭാഗ്യകരമായ സമീപനങ്ങളിലേക്ക് വഴുതിയത്.
പ്രതിഷേധ മാര്‍ച്ചിന്റെ നിര്‍ഭാഗ്യകരമായ സമീപനത്തോട് നാം വിയോജിക്കുമ്പോള്‍ തന്നെ അതുയര്‍ത്തുന്ന രാഷ്ട്രീയത്തെ തിരിച്ചറിയേണ്ടതുണ്ട്. ഇന്ന് നമ്മുടെ ക്യാമ്പസുകള്‍ അരാഷ്ട്രീയവല്‍ക്കരണത്തിന്റെ പാതയിലൂടെയാണ് കടന്നു പോകുന്നത്. ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികളുടെ സംഘടിക്കാനുള്ള അവകാശം തച്ചുടക്കപ്പെടുന്നു. വെറും പള്ളികൂടങ്ങളായി ക്യാമ്പസുകളിലെ മാറ്റാനുള്ള നീക്കത്തിന്റെ ആദ്യപടിയാണ് അരാഷ്ട്രീയവല്‍ക്കരണം. വിദ്യാര്‍ത്ഥികളുടെ മാത്രമല്ല ആധ്യാപകരുടെയും സംഘടിക്കാനുള്ള, പ്രതികരിക്കാനുള്ള അവകാശത്തേയാണ് ഇവിടെ കൂച്ചുവിലങ്ങിടുന്നത്. സ്വയംഭരണാവകാശം നേടുന്ന എല്ലാ കോളേജുകളിലും ആദ്യം നടപ്പില്‍ വരുത്തുന്ന നയം അരാഷ്ട്രീയവല്‍ക്കരണം ആണ്. എന്തിനാണ് കോളേജ് മാനേജ്മന്റ് അല്ലെങ്കില്‍ മറ്റു ഭരണാധിവര്‍ഗങ്ങള്‍ സംഘടിക്കാനുള്ള അവകാശത്തെ ഭയക്കുന്നത്? എന്തുകൊണ്ടാണ് വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയ നിലപാടുകളെ എതിര്‍ക്കുന്നത്? വ്യക്തമായ ഒരു കാരണം തിരശ്ശീലക്കു പിന്നില്‍ ഒളിച്ചിരിപ്പുണ്ട്.
ഇന്നത്തെ നമ്മുടെ ക്യാമ്പസുകള്‍ എന്നു പറയുന്നത് നമ്മുടെ വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മകതകളാല്‍ സമ്പുഷ്ടമാണ്. കൂടാതെ സംഘടിച്ചു ആവശ്യങ്ങളും അവകശങ്ങളും നേടാനുള്ള സ്വാതന്ത്ര്യവും അവര്‍ക്കുണ്ട്. എന്നാല്‍ ഇതിനെയാണ് മാനേജ്‌മെന്റുകള്‍ ഭയപ്പെടുന്നത്. ''അച്ചടക്കമെന്ന'' കപട മുഖാമൂടി അണിഞ്ഞു അവര്‍ നടപ്പാക്കുന്ന ആരാഷ്ട്രീയവല്‍ക്കരണം കാമ്പസുകളെ വന്‍ ദുരന്തത്തിലേക്കാണ് തള്ളിവിടുക. ക്യാമ്പസിന്റെ അക്രമ സ്വഭാവം ഒഴിവാക്കാമെന്നും അച്ചടക്കം നടപ്പാക്കുന്നത് വഴി അക്കാദമിക് നിലവാരം ഉയര്‍ത്താമെന്നും പറഞ്ഞുകൊണ്ട് ഭൂരിഭാഗം രക്ഷിതാക്കളുടെ കണ്ണില്‍ പൊടിയിടുന്നു. ഈ കപട മുഖത്തെ വിശ്വസിച്ചുകൊണ്ടു ഭൂരിഭാഗം രക്ഷിതാക്കളും ഈ ചിലന്തി വലയില്‍ വീണു പോകുകയാണ് പതിവ്. എന്നാല്‍ ഇവിടെ സംഭവിക്കുന്നത് മറ്റൊന്നാണ്. അരാഷ്ട്രീയവല്‍ക്കരണം നടപ്പാക്കുന്നത് വഴി, സര്‍ഗ്ഗാത്മകതയെ നഷ്ടപെടുത്തുമ്പോള്‍ ഇവിടെ യഥാര്‍ത്ഥത്തില്‍ നടക്കുന്നത് വിദ്യാര്‍ത്ഥികളുടെ പ്രതികരണശേഷി ഇല്ലാതാക്കുകയാണ്. പ്രതികരണശേഷി ഇല്ലാത്ത വിദ്യാര്‍ഥികള്‍ ഉള്ളടത്തു മാത്രമേ മാനേജ്‌മെന്റിന്റെയും മറ്റ് ഭരണവര്‍ഗത്തിന്റെയും വ്യവസ്ഥാപിത താല്പര്യങ്ങള്‍ നടപ്പിലാക്കുവാന്‍ സാധിക്കുകയുള്ളു. അതിനു വേണ്ടിയാണിവര്‍ അരാഷ്ട്രീയവാദത്തിന് വേണ്ടി മുറവിളി കൂട്ടുന്നത്. ക്യാമ്പസുകളില്‍ രാഷ്ട്രീയം അഥവാ സംഘടിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ തീര്‍ച്ചയായും വിദ്യാര്‍ഥികള്‍ തങ്ങള്‍ക്കെതിരായ നിലപാടുകള്‍ മനസ്സിലാക്കുകയും അതിനെതിരെ പ്രതികരിക്കുകയും ചെയ്യും. ഇത് ഇല്ലായ്മ ചെയ്യുവാനാണ് കപട അച്ചടക്ക വാദികളായി ഇവര്‍ മുന്നോട്ട് വരുന്നത്. വിദ്യാര്‍ത്ഥികളുടെ മാത്രമല്ല അധ്യാപകരുടെയും സംഘടിക്കുവാനുള്ള സ്വാതന്ത്ര്യത്തെ നശിപ്പിച്ചാല്‍ മാത്രമേ അവരുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ പൂര്‍ണമായും നടപ്പിലാകൂ. അരാഷ്ട്രീയവല്‍ക്കരണത്തിന്റെ ആദ്യപടിയായി സര്‍ഗ്ഗാത്മകതയെ പറിച്ചെറിയുമ്പോള്‍ അതുവഴി വിദ്യാര്‍ത്ഥികള്‍ ചിന്തിക്കാന്‍ കഴിയാത്ത, ക്ലാസ്സ്‌റൂമുകളുടെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്നവരായി മാറും. പൊള്ളയായ അക്കാദമിക് നിലവാരത്തില്‍ രക്ഷിതാക്കള്‍ മയങ്ങിവീഴുമ്പോള്‍ അവരറിയുന്നില്ല അറിവെന്നത് പാഠപുസ്തകത്തില്‍ ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല എന്നുള്ളത്. അതുതന്നെയാണ് കലാലയവും പള്ളിക്കുടവും തമ്മിലുള്ള അന്തരം. അങ്ങനെ വിദ്യാര്‍ത്ഥികളെ കൂപമണ്‍ഡൂകങ്ങളാക്കി മാറ്റി അധികാരി വര്‍ഗം അവരുടെ വ്യവസ്ഥാപിത താല്പര്യങ്ങള്‍ സംരക്ഷിക്കുന്നു. ഇവര്‍ അവകാശപ്പെടുന്ന അക്കാദമിക് ഉയര്‍ച്ച താത്കാലികമാണെന്നും ജീവിതത്തില്‍ ഈ വിദ്യാര്‍ത്ഥികള്‍ പരാജയപെട്ടു പോകുന്നു എന്നുള്ളതാണു തിരിച്ചറിയപ്പെടാതെ സത്യം. ഇതിനെല്ലാം പുറമെ വ്യവസ്ഥാപിത താല്പര്യങ്ങളെ സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മള്‍ മറന്നുപോകുന്ന ഒരു കാര്യം അല്ലെങ്കില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ നമ്മുടെ ക്യാമ്പസുകളില്‍ അരാഷ്ട്രീയവല്‍ക്കരണം മൂലം കടന്നുവരുന്ന ഒരു മാരക വൈറസ് ആണ് ''വര്‍ഗ്ഗിയത''. ഇന്ന് വിവിധ സംഘടനകളിലാണ് വിദ്യാര്‍ത്ഥികള്‍ നിലകൊള്ളുന്നതെങ്കില്‍ വര്‍ഗീയതയുടെ കടന്നുകയറ്റം മതത്തിന്റെ പേരില്‍ കടിപിടി കൂടുന്ന ഒരു വിദ്യാര്‍ത്ഥി സമൂഹത്തെയാണ് സൃഷ്ടിക്കുക. ഞാന്‍ ഹിന്ദുവാണ് മുസ്ലിമാണ് ക്രിസ്ത്യനാണ് എന്ന് പറഞ്ഞുകൊണ്ട് നമ്മളുടെ വിദ്യാര്‍ത്ഥികള്‍ പരസ്പരം മത്സരിക്കുന്ന ഒരു കാലം അത് വിദൂരമല്ല. എല്ലാവരും ഒരുമിച്ചിരുന്നു പഠിക്കുന്ന, ഒരേ പാത്രത്തില്‍ ഭക്ഷണം കഴിക്കുന്ന കാഴ്ച്ചകള്‍ നമ്മുടെ കണ്ണുകളില്‍ നിന്ന് മാഞ്ഞു പോകുവാന്‍ തുടങ്ങും. വ്യവസ്ഥാപിത താല്പര്യങ്ങള്‍ക്കുവേണ്ടി അരാഷ്ട്രീയവല്‍ക്കരണം നടത്തുമ്പോള്‍, സര്‍ഗ്ഗാത്മകതയെ നഷ്ടപ്പെടുത്തുമ്പോള്‍ നമ്മള്‍ അറിയാതെ തന്നെ കടന്നുവരുന്ന ചില വിപത്തുകളാണ് ഇവയെല്ലാം. ഒരേ ബഞ്ചിലിരിന്നു പഠിക്കുന്ന വ്യത്യസ്ത മതസ്ഥരായ വിദ്യാര്‍ത്ഥികള്‍ ഇനി വെവ്വേറെ ബെഞ്ചുകളിലേക്കും അത് പിന്നീട് വ്യത്യസ്ത ക്ലാസ്സുകളിലേക്കും മാറും. പലയിടങ്ങളിലും സ്ത്രീയും പുരുഷനും ഒരുമിച്ചു ഒരു സ്‌കൂളില്‍ പഠിക്കാത്തതുപോലെ മതത്തിനനുസരിച്ചു വ്യത്യസ്തമായ കാലാലയങ്ങളിലേക്ക് വഴിമാറും. ഇതിനെയെല്ലാം തടയാന്‍ ഒരു ഭരണാധിവര്‍ഗ്ഗത്തിനും അന്ന് സാധിക്കുകയില്ല. ഇതിനെല്ലാം ഇന്ന് തടസ്സമായി നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ സംഘടന ബോധത്തെ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ തീര്‍ച്ചയായും തടയപ്പെടേണ്ടതാണ്.
ക്യാമ്പസുകളിലെ അരാഷ്ട്രീയവല്‍ക്കരണത്തെ ഇതുവരെ തടഞ്ഞു നിര്‍ത്തിയിരുന്നത് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ ശക്തമായ ഇടപെടലുകളാണ്. എങ്കിലും ചുരുക്കം ചില ഇടങ്ങളില്‍ സ്വയംഭരണാധികാരത്തിന്റെ മറപറ്റി ചില ക്യാമ്പസുകള്‍ അരാഷ്ട്രീയവള്‍ക്കരിക്കപ്പെട്ടിരിക്കുന്നു. അതിന്റെ ദൂഷ്യവശങ്ങള്‍ താമസം കൂടാതെ തന്നെ നമ്മള്‍ കണ്ടതുമാണ്. ഇവരുടെ കപട മുഖത്തില്‍ സമൂഹം വീണുപോകാതെ ഇരിക്കേണ്ടതാണ് ആദ്യം ശ്രദ്ധ കൊടുക്കേണ്ടത്. ഇല്ലായെങ്കില്‍ നമ്മുടെ പുതു തലമുറ പ്രതികരണ ശേഷി ഇല്ലാത്ത ഒന്നായി മാറും. വര്‍ഗ്ഗീയതയുടെ പേരില്‍ പരസ്പരം യുദ്ധം ചെയ്യാന്‍ ആരംഭിക്കും. പ്രതികരണശേഷി ഇല്ലാത്ത യൗവ്വനത്തിന് ഭാവിയില്‍ നമ്മുടെ സമൂഹത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ അരാഷ്ട്രീയവല്‍ക്കരണത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കികൊണ്ട് പ്രതികരണശേഷിയുള്ള, വര്‍ഗ്ഗീയതയെ ചെറുക്കുന്ന ഒരു സമൂഹം നമുക്ക് കെട്ടിപ്പടുക്കേണ്ടതുണ്ട്. എന്നാല്‍ നാം നേരിടുന്ന പ്രതിസന്ധികള്‍ ഏറെയാണ്. നവലിബറല്‍ വ്യവസ്ഥകള്‍ നിര്‍മ്മിച്ചെടുക്കുന്ന സാമ്പത്തികക്രമവും ഹിന്ദുത്വ വര്‍ഗീയ ഫാസിസത്തിന്റെയും വളര്‍ച്ചമൂലം മൊത്തത്തിലുള്ള രാഷ്ട്രീയം അധ:പതിക്കുന്നതോടൊപ്പം, ക്യാമ്പസ് രാഷ്ട്രീയവും അധഃപതിച്ചുകൊണ്ടിരിക്കുന്നുണ്ട്. ജാതി മേല്‍ക്കോയ്മയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും അടിസ്ഥാനത്തിലുള്ള സാമൂഹ്യ വിഭജനം, സ്വാഭാവികമായും ക്യാമ്പസ്സുകളിലും പ്രതിഫലിപ്പിക്കപ്പെടും. എല്ലാ സാമൂഹ്യ വിരുദ്ധത പ്രവണതകളേയും തുടച്ചുനീക്കുന്നതിനുള്ള മാര്‍ഗം, വിദ്യാര്‍ത്ഥികളെ രാഷ്ട്രീയത്തില്‍നിന്ന് അകറ്റിനിര്‍ത്തിയും യൂണിയനുകള്‍ രൂപീകരിക്കാനുള്ള അവരുടെ ന്യായമായ ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കാന്‍ ശ്രമിച്ചുകൊണ്ടുമല്ല കണ്ടെത്തേണ്ടത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി നെഹ്‌റുവിന്റെ പ്രസ്താവനയനുസരിച്ച്, അത്തരം ശ്രമങ്ങള്‍ നമ്മുടെ സാംസ്‌കാരിക മുന്നേറ്റത്തെ വികൃതപ്പെടുത്തുക മാത്രമേ ചെയ്യു. തെറ്റായ പ്രവണതകളെ നേരിടേണ്ടതും പരാജയപ്പെടുത്തേണ്ടതും വിദ്യാര്‍ത്ഥികള്‍തന്നെയാണ്. വിദ്യാര്‍ത്ഥികളുടെ സംഘടനാ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ജനാധിപത്യ വിരുദ്ധ നിലപാടുകളുമായി നിലകൊള്ളുന്ന സ്വാശ്രയ മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ എല്ലാം കടപുഴകി വീഴുകതന്നെ ചെയ്യും.
സമൂഹത്തില്‍ ക്രമസമാധാനപ്രശ്‌നം ഉണ്ടാക്കുന്ന വിധത്തിലേക്ക് ക്യാമ്പസ് രാഷ്ട്രീയം വഴുതിപ്പോകുകയാണെങ്കില്‍, അത് ഗൗരവമായി കാണേണ്ടതുതന്നെയാണ് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ദേശീയ പ്രശ്‌നങ്ങളും സാമൂഹ്യപ്രശ്‌നങ്ങളും എടുത്തുകൊണ്ട് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന ന്യായമായ പ്രതിഷേധങ്ങളെ സമൂഹത്തിന്റെ മുന്നേറ്റം എന്ന, കൂടുതല്‍ വിപുലമായ താല്‍പര്യം കണക്കിലെടുത്തുകൊണ്ട് പരിഗണിക്കേണ്ടതുണ്ട്. ഫ്രാന്‍സിലെ സോര്‍ബോണ്‍ യൂണിവേഴ്‌സിറ്റിയില്‍ പൊട്ടിപ്പുറപ്പെട്ട 1968ലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം നിരവധി സ്ഥാപനങ്ങളുടെ അടിക്കല്ലുകള്‍ ഇളക്കി; യൂറോപ്പിലൊട്ടാകെ മൗലികമായ മാറ്റങ്ങള്‍ വരുന്നതിനിടയാക്കി. ഇക്കാലത്ത് ഇംഗ്ലണ്ടില്‍ ഫീസ് വര്‍ദ്ധനയ്‌ക്കെതിരായി നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളും ലാറ്റിന്‍ അമേരിക്കയില്‍ ഉടനീളം നടന്ന ജനാധിപത്യത്തിനുവേണ്ടിയുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളും, രാഷ്ട്രീയ സ്ഥാപനങ്ങളെയാകെത്തന്നെ ഉടച്ചുവാര്‍ക്കുന്നതിന് കാരണമായിത്തീര്‍ന്നു. വിദ്യാഭ്യാസ അവസരം വ്യാപകമാക്കുന്നതിനുവേണ്ടിയുള്ള ചിലിയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം പല ആനുകൂല്യങ്ങളും നല്‍കുന്നതിന് ഗവണ്‍മെന്റിനെ നിര്‍ബന്ധിതമാക്കിത്തീര്‍ത്തു. ആ അര്‍ത്ഥത്തില്‍ ആഴത്തില്‍ പരിശോധിക്കുമ്പോള്‍ ഡോണ്‍ ബോസ്‌കോ അടക്കമുള്ള ക്യാമ്പസുകള്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ നടത്തുന്ന ജനാധിപത്യ വിരുദ്ധ നയങ്ങള്‍ക്കെതിരെ എസ്.എഫ്.ഐ നടത്തുന്ന സമരമുന്നേറ്റം സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള വിപുലമായ വിദ്യാര്‍ഥിപക്ഷ ഇടപെടലായി കാണേണ്ടതുണ്ട്. ഇനിയൊരു ജിഷ്ണു പ്രണോയ്മാരും ഉണ്ടാകുവാന്‍ പാടില്ല. ആശയങ്ങളുടെ ഏറ്റുമുട്ടലിനുള്ള അരങ്ങാണ് ക്യാമ്പസുകള്‍.. ആ അരങ്ങുകള്‍ തനിയെ ഉണ്ടാവുകയില്ല എന്നത് ചരിത്ര സത്യമാണ്. ആശയങ്ങളുടെ ഏറ്റുമുട്ടലില്ലാതെ ഒരു സംസ്‌കാരത്തിനും പുരോഗമിക്കാന്‍ കഴിയുകയില്ല; ജനങ്ങളെ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നവും പരിഹരിക്കുന്നതിന് കഴിയുകയില്ല; ജനങ്ങള്‍ക്കും രാഷ്ട്രത്തിനും മെച്ചപ്പെട്ട ഭാവി പ്രദാനംചെയ്യുന്ന ഒരു ദര്‍ശനത്തിനും ഉയര്‍ന്നുവരാന്‍ കഴിയുകയില്ല. വയനാടിന് മാത്രമായി ഇതില്‍നിന്നൊരു മോചനമില്ല.
ലേഖനം:അരവിന്ദ് എം.എസ്
( കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മാനന്തവാടി ക്യാമ്പസ്സിന്റെ യു.യു.സി എസ്.എഫ്.ഐ, എസ്.എഫ്.ഐ പനമരം ഏരിയ കമ്മറ്റി അംഗം)


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
Стремись не к тому, чтобы добиться успеха, а к тому, чтобы твоя жизнь имела смысл. https://helloworld.com?h=c2ed607bfe9f4bc8b9a45fd72a47c5e5&
Стремись не к тому, чтобы добиться успеха, а к тому, чтобы твоя жизнь имела смысл. https://helloworld.com?h=c2ed607bfe9f4bc8b9a45fd72a47c5e5&
Стремись не к тому, чтобы добиться успеха, а к тому, чтобы твоя жизнь имела смысл. http://bit.do/fLc9r?h=c2ed607bfe9f4bc8b9a45fd72a47c5e5&
കാമ്പസുകളില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലായ്മയുടെ തിക്തഫലങ്ങള്‍ കേരളം നന്നായി അനുഭവിക്കുന്നുണ്ട്. ഇറച്ചിക്കോഴികളെ സൃഷ്ടിച്ചെടുക്കുന്നതുപോലെ പരുവപ്പെടുത്തലല്ല കലാലയങ്ങളില്‍ നടക്കേണ്ടത്. സമൂഹത്തെ നയിക്കാനും തിരുത്താനും ശേഷിയുള്ള അടുത്ത തലമുറയെയാണ് വാര്‍ത്തെടുക്കേണ്ടത്.നമ്മുടെ രക്ഷിതാക്കളും അധികാരികളും തുറന്ന മനസ്സോടെ ഈ വിഷയം മനസ്സിലാക്കുകയും ഇടപെടുകയും വേണം. ഈ ലേഖനം നമ്മുടെ കാമ്പസുകളില്‍ വിതരണം ചെയ്യണം. അരവിന്ദ് നന്നായി എഴുതിയിരിക്കുന്നു.