നിര്‍മ്മാണ പ്രവൃത്തിക്കിടെ മണ്ണിടിഞ്ഞ് വീണു; ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

മാനന്തവാടി: എരുമത്തെരുവ് ചെറ്റപ്പാലം ബൈപ്പാസ് റോഡിനരികെ സ്വകാര്യ വ്യക്തിയുടെ കെട്ടിട നിര്‍മ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് വീണ് മണ്ണിനടിയില്‍പ്പെട്ട തൊഴിലാളി മരിച്ചു. തിരുനെല്ലി അപ്പപ്പാറ ആക്കൊല്ലി കോളനി സ്വദേശിയും നിലവില്‍ മാനന്തവാടി കല്ലിയോട്ട് സമരഭൂമിയില്‍ താമസിച്ചുവരുന്ന മണി എന്ന മാണിക്കന്‍ (35) ആണ് മരിച്ചത്. ഇദ്ദേഹത്തിനൊപ്പം മണ്ണിനടിയില്‍പ്പെട്ട കണിയാരം ആനിക്കണ്ടി പ്രമോദ് (46) എന്നയാളെ പരിക്കുകളോടെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 .30 ഓടെയാണ് അപകടം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാനന്തവാടി ഫയര്‍ഫോഴ്‌സ് രണ്ട് പേരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മണി മരിക്കുകയായിരുന്നു. ജെസിബി ഉപയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ദുരന്തനിവാരണ അതോറിട്ടിയുടെ നിരോധനം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അപകടസ്ഥലത്ത് ജെസിബി ഉപയോഗിച്ച് പ്രവൃത്തി നടന്നതുമായി ബന്ധപ്പെട്ട് റവന്യു വകുപ്പ് അന്വേഷണം ആരംഭിച്ചു. സബ് കളക്ടറുടെ ചുമതല വഹിക്കുന്ന ഡപ്യൂട്ടി കളക്ടര്‍ ദേവകി, കൗണ്‍സിലര്‍ സിന്ദു സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
അപകടം നടന്ന് വൈകിയാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചതെന്ന ആരോപണവും ഉയരുന്നുണ്ട്. കുത്തനെ മണ്ണെടുത്തതിന്റെ അടിഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മ്മാണാര്‍ത്ഥം കോണ്‍ക്രീറ്റ് പ്രവൃത്തി ചെയ്യുന്നതിനിടെ മുകളില്‍ നിന്നും മണ്ണിടിഞ്ഞ് ദേഹത്തേക്ക് വീഴുകയായിരുന്നൂവെന്ന് ചികിത്സയില്‍ കഴിയുന്ന പ്രമോദ് ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു. ഇദ്ദേഹത്തിന് ശരീരഭാഗങ്ങളില്‍ ചതവേറ്റതൊഴിച്ചാല്‍ മറ്റ് കാര്യമായ പരിക്കുകളൊന്നുമില്ല.
അസി. സ്റ്റേഷന്‍ ഓഫീസര്‍ പി സി ജെയിംസ്, അസി. സ്റ്റേഷന്‍ ഓഫീസര്‍ (ഗ്രേഡ്) പിം എം അനില്‍ , ഫയര്‍ ആന്റ് റസ്‌ക്യു ഓഫിസര്‍ (ഡ്രൈവര്‍) മാരായ കെ ജി ശശി, വിശാല്‍ അഗസ്റ്റിന്‍, കെ എ സനൂപ്,ഫയര്‍ ആന്റ് റസ്‌ക്യു ഓഫിസര്‍മാരായ വി പി വിനോദ് ,വി എം നിതിന്‍, എ എസ് ശ്രീകാന്ത്, പി ധീരജ് , ടി ബിനീഷ് ബേബി, കെ പി ഷാഹുല്‍ ഹമീദ്, ഹോം ഗാര്‍ഡ്മാരായ എന്‍ പി അജീഷ്, വി എഫ് ഷിബു എന്നിവരടങ്ങുന്ന അഗ്‌നി ശമന സേനാംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍