മലാല യൂസഫ്‌സായ് വിവാഹിതയായി
നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായ് വിവാഹിതയായി. ബര്‍മിംഗ്ഹാമിലെ സ്വവസതിയില്‍ വച്ചായിരുന്നു വിവാഹം. അസര്‍ ആണ് വരന്‍. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലാണ് വിവാഹം നടന്നത്. മലാല തന്നെയാണ് വിവാഹക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.സ്ത്രീ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിക്കുന്ന പാകിസ്താന്‍ ആക്ടിവിസ്റ്റും ഫെമിനിസ്റ്റും, ഏറ്റവും പ്രായം കുറഞ്ഞ നൊബേല്‍ സമ്മാന ജേതാവുമാണ് മലാല യൂസഫ്‌സായ്. പെണ്‍കുട്ടികള്‍ സ്‌കൂള്‍ വിദ്യാഭ്യാസം നേടുന്നതിനെതിരെയുള്ള താലിബാന്റെ നിരോധനത്തോടുള്ള പ്രതിഷേധത്തിന്റെ പേരിലാണ് മലാല അറിയപ്പെടുന്നത്. സ്വാത്ത് താഴ്‌വരയില്‍ താലിബാന്‍ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിലെ ജീവിതത്തെ സംബന്ധിച്ച് 2009ല്‍ പതിനൊന്ന് വയസ്സുള്ളപ്പോള്‍ ബി.ബി.സിക്ക് വേണ്ടി എഴുതിയ ബ്ലോഗാണ് മലാലയെ ശ്രദ്ധേയയാക്കിയത്. പിന്നീട് പല പുരസ്‌കാരങ്ങള്‍ക്കും നാമ നിര്‍ദ്ദേശം ചെയ്യപ്പെട്ട മലാല പാകിസ്താന്റെ ആദ്യത്തെ ദേശീയ സമാധാന പുരസ്‌കാരം നേടി. മാലാലയോടുള്ള ആദരവ് പ്രകടിപ്പിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം 2012 നവംബര്‍ 10 അന്താരാഷ്ട്ര മലാല ദിനമായി ആചരിച്ചു. 2015ഓടെ ലോകത്തെ എല്ലാ പെണ്‍കുട്ടികളേയും വിദ്യാലയത്തിലെത്തിക്കാനുള്ള ഐക്യരാഷ്ട്ര പ്രചാരണ പരിപാടിയുടെ മുദ്രാവാക്യം 'ഞാനും മലാല' എന്നായിരുന്നു.
2012 ഒക്ടോബര്‍ 9ന് നടന്ന വധ ശ്രമത്തില്‍ മലാലയുടെ തലയ്ക്കും കഴുത്തിനും ഗുരുതരമായ പരുക്കേറ്റു. സ്‌കൂള്‍ കഴിഞ്ഞ് സ്‌കൂള്‍ ബസ്സില്‍ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ആക്രമണം. ആക്രമണത്തെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞ മലാലയുടെ സ്ഥിതി ക്രമേണ ഭേദപ്പെട്ടു. ഇപ്പോള്‍ ബര്‍മിംഗ്ഹാമിലാണ് താമസം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍