മിന്നല്‍പ്രളയം: 32 മൃതദേഹങ്ങള്‍ കണ്ടെടുത്തു, 174 പേര്‍ക്കായി തെരച്ചില്‍
ഡെറാഡൂണ്‍/ജോഷിമഠ്: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമലയിടിഞ്ഞുണ്ടായ മിന്നല്‍പ്രളയത്തില്‍ മരിച്ച 32 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തി. കാണാതായ 174 പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. വൈദ്യുത പദ്ധതിയുടെ ടണലില്‍ അകപ്പെട്ട 34 പേരെ രക്ഷപ്പെടുത്താനുള്ള ശ്രമം നടന്നുവരികയാണ്. നന്ദാദേവി മഞ്ഞുമലയുടെ ഒരു ഭാഗം ഞായറാഴ്ച ഇടിഞ്ഞു വീണതിനെത്തുടര്‍ന്നായിരുന്നു മിന്നല്‍പ്രളയമുണ്ടായത്.
ഇന്നലെ അഞ്ചു മൃതദേഹങ്ങളാണു കണ്ടെടുത്തത്. തപോവന്‍വിഷ്ണുഗഡ് വൈദ്യുത പദ്ധതി, ഋഷിഗംഗ വൈദ്യുത പദ്ധതി എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളെയും ഏതാനും നാട്ടുകാരെയുമാണു കാണാതായത്. ഐടിബിപി, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് എന്നിവ സംയുക്തമായാണ് തപോവന്‍വിഷ്ണുഗഡ് പദ്ധതിയുടെ ടണലില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവരുന്നത്. 2.5 കിലോമീറ്റര്‍ നീളവും 12 അടി ഉയരവുമുള്ള ഹെഡ് റേസ് ടണലി(എച്ച്ആര്‍ടി)ലാണ് തൊഴിലാളികള്‍ കുടുങ്ങിയിരിക്കുന്നത്.
ടണലില്‍ വന്‍തോതില്‍ അടിഞ്ഞിരിക്കുന്ന ചെളിയും മണ്ണും നീക്കിവരികയാണ്. 120 മീറ്റര്‍ ഭാഗത്ത് ചെളിയും മണ്ണും നീക്കിയെന്ന് ഐടിബിപി വക്താവ് വിവേക്കുമാര്‍ പാണ്ഡെ പറഞ്ഞു. ടണലില്‍ അകപ്പെട്ടവരുമായി ബന്ധം സ്ഥാപിക്കാന്‍ ആയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
600 സേനാംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മിന്നല്‍പ്രളയത്തെത്തുടര്‍ന്ന് 13 ഗ്രാമങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്.ഇവിടേക്ക് റോഡ് മാര്‍ഗം സഞ്ചരിക്കാനാവില്ല. 2500 പേരാണ് ഈ ഗ്രാമങ്ങളിലുള്ളത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മൂന്നു മന്ത്രിമാരെ ഉത്തരാഖണ്ഡിലേക്ക് അയച്ചു.