വീണ്ടും എടിഎം തട്ടിപ്പ് എസ്ബിഐ മാനന്തവാടി ശാഖയിലെ ഉപഭോക്താക്കളില്‍ നിന്നും അരലക്ഷത്തോളം കവര്‍ന്നു ;ഒരാഴ്ചക്കുള്ളില്‍ പണം നഷ്ടപ്പെട്ടത് നാല് പേര്‍ക്ക്; ഇടപാടുകാര്‍ ആശങ്കയില്‍

മാനന്തവാടി എസ്ബിഐ ശാഖയിലെ ഉപഭോക്താക്കളായ ഒണ്ടയങ്ങാടി സ്വദേശി സുനില്‍കുമാറിന്റെ 40,000 രൂപയും, കുഞ്ഞോം സ്വദേശി കുഞ്ഞിരാമന്റെ 7000 രൂപയുമാണ് ഇന്ന് നഷ്ടപ്പെട്ടത്. ഒറീസ്സയിലെ കട്ടക്കില്‍ നിന്നുമാണ് ഇരുവരുടേയും അക്കൗണ്ടുകളില്‍ നിന്നും ഡ്യൂപ്ലിക്കേറ്റ് എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരി 16ന് ഇതേ ബ്രാഞ്ചിലെ രണ്ട് പേരുടെ 76,400 രൂപ സമാനരീതിയില്‍ കൊല്‍ക്കത്തയില്‍ നിന്നും പിന്‍വലിച്ചിരുന്നു. എടിഎം കാര്‍ഡ് കൈമാറാതെയും, പിന്‍ നമ്പര്‍ വെളിപ്പെടുത്താതെയും ഇവരുടെ അക്കൗണ്ടുകളിലെ പണം എങ്ങനെ നഷ്ടപ്പെട്ടൂവെന്നതാണ് ആശങ്കക്കിടയാക്കുന്നത്.കാട്ടിക്കുളത്തെ തയ്യല്‍തൊഴിലാളിയായ സുനില്‍ കുമാര്‍ വീട് നിര്‍മ്മാണത്തിനായെടുത്ത ബാങ്ക് ലോണില്‍ നിന്നുമാണ് 40000 രൂപ പിന്‍വലിച്ചിരിക്കുന്നത്. ഇന്ന് രാവിലെ രണ്ട് തവണകളിലായി വന്ന മെസ്സേജുകള്‍ പരിശോധിച്ചപ്പോഴാണ് തന്റെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചതായി സുനിലിന് മനസ്സിലായത്. തുടര്‍ന്ന് ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് ഒറീസയിലെ കട്ടക്കിലെ ഒരു എടിഎമ്മില്‍ നിന്നുമാണ് പണം പിന്‍വലിച്ചതായി മനസ്സിലാകുന്നത്. ഇതേ എടിഎമ്മില്‍ നിന്നും കുഞ്ഞോം സ്വദേശിയായ കുഞ്ഞിരാമന്റെ 7000 രൂപയും പിന്‍വലിച്ചിട്ടുണ്ട്. കുഞ്ഞിരാമന്റെ അക്കൗണ്ടില്‍ ആകെയുണ്ടായിരുന്ന തുകയാണ് പിന്‍വലിച്ചിരിക്കുന്നത്. തുടര്‍ന്ന് സുനില്‍ കുമാര്‍ മാനന്തവാടി പോലീസില്‍ പരാതി നല്‍കി. ജനുവരി 16്‌ന് ഇതേ രീതിയില്‍ മറ്റ് രണ്ട് പേരുടെ 76400 രൂപ നഷ്ടപ്പെട്ടിരുന്നു. കമ്മന സ്വദേശി മോഹനന്റെ അക്കൗണ്ടില്‍ നിന്നും, മാത്യുവിന്റെ അക്കൗണ്ടില്‍ നിന്നുമാണ് പണം നഷ്ടപ്പെട്ടത്. മൂന്ന് തവണകളിലായിട്ടാണ് 76400 പിന്‍വലിച്ചിരിക്കുന്നത്. പണം പിന്‍വലിക്കപ്പെട്ടതിന് ശേഷം മെസ്സേജ് വന്നപ്പോഴാണ് ഇരുവരും ഇക്കാര്യം അറിയുന്നത്. തുടര്‍ന്ന് ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് എടിഎം കാര്‍ഡുപയോഗിച്ച് കൊല്‍ക്കത്തയിലെ കൗണ്ടറുകളില്‍ നിന്നുമാണ് പണം പിന്‍വലിച്ചതെന്ന് വ്യക്തമായത്. ഇതിനെ തുടര്‍ന്ന് ഇരുവരും ബാങ്കധികൃതര്‍ക്കും പോലീസിലും പരാതി നല്‍കിയിരുന്നു.
ഒരാഴ്ചക്ക് ശേഷം വീണ്ടും സമാന തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതോടെ ബാങ്കധികൃതരും ആശങ്കയിലായിരിക്കുകയാണ്. ഉപഭോക്താവിന്റെ പണം തിരികെ നല്‍കാനുള്ള ഉത്തരവാദിത്തം തങ്ങളുടേതാണെങ്കിലും എടിഎം കാര്‍ഡുപയോഗിച്ച്, ഉപഭോക്താവിന് മാത്രമറിയുന്ന പിന്‍ നമ്പര്‍ ഉപയോഗിച്ച് നടത്തിയ തട്ടിപ്പായതിനാല്‍ ബാങ്കിന് അന്വേഷിച്ച് മാത്രമേ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുള്ളൂവെന്നാണ് ബാങ്ക് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പണം നഷ്ടപ്പെട്ടവര്‍ തങ്ങള്‍ ആരോടും എടിഎം കാര്‍ഡ് നമ്പറോ പിന്‍ നമ്പറോ വെളിപ്പെടുത്തിയിട്ടില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും പിന്‍ നമ്പര്‍ പുറത്ത് പറയാതെ മറ്റൊരാള്‍ക്ക് ഒരുതരത്തിലും പണമെടുക്കാന്‍ കഴിയില്ലെന്നാണ് ബാങ്ക് വ്യക്തമാക്കുന്നത്. എന്ത് തന്നെയായാലും എടിഎം കൗണ്ടറില്‍ നിന്നും പണമെടുത്തവരുടെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചുവരുന്നതായും ബാങ്കിന്റേതായ രീതിയില്‍ അന്വേഷണം പുരോഗമിക്കുന്നതായും ബാങ്ക് അധികൃതര്‍ ഓപ്പണ്‍ ന്യൂസറോട് വ്യക്തമാക്കി. എന്നാല്‍ തങ്ങള്‍ വിശ്വസിച്ച് നല്‍കുന്ന പണം ഉത്തരവാദിത്തത്തോടെ തിരികെ നല്‍കാനുള്ള ബാധ്യത ബാങ്കിനുണ്ടെന്നും ഏതറ്റം വരെ പോയാലും തങ്ങള്‍ക്ക് നഷ്ടമായ പണം ബാങ്കില്‍ നിന്നും തിരികെ ലഭിക്കുന്നതിനായി ശ്രമിക്കുമെന്നും ഇടപാടുകാരും പറയുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
http://imrdsoacha.gov.co/silvitra-120mg-qrms