നവകേരള നിര്‍മ്മിതിക്കായി വയനാട് ജില്ല 2.54 കോടി സമാഹരിച്ചു

നവകേരള പുനര്‍നിര്‍മ്മിതിക്കായി വയനാട് ജില്ലയില്‍ നിന്നും ഇതുവരെ സമാഹരിച്ചത് 2,54,78,021 രൂപ. വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍, കൂടാതെ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് വരെ സമാഹരിച്ച തുകയാണിത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനായി ജില്ലാ കളക്ടറേറ്റില്‍ ഇതുവരെ ലഭിച്ചത് 1,41,87,870 രൂപയായിരുന്നു. ഇതിനു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 10 മുതല്‍ 15 വരെ നടത്തിയ ധനസമാഹരണ യജ്ഞത്തിലൂടെയാണ് ബാക്കി തുകയായ 1,12,90,151 സമാഹരിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സമാഹരിച്ച തുകകള്‍ ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഏറ്റുവാങ്ങി.
നിയോജകമണ്ഡലാടിസ്ഥാനത്തില്‍ മാനന്തവാടി ഗാന്ധിപാര്‍ക്ക്, സുല്‍ത്താന്‍ ബത്തേരി നഗരസഭ ഹാള്‍, കല്‍പ്പറ്റ ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാള്‍ എന്നിവടങ്ങളിലായിരുന്നു വിഭവ സമാഹരണം. ജില്ലാതല ഉദ്ഘാടനം രാവിലെ 10ന് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നടന്നു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ആദ്യ തുകയായി 4.96 ലക്ഷം രൂപ മാനന്തവാടി നഗരസഭ ഉപാദ്ധ്യക്ഷ ശോഭ രാജന്‍, സ്ഥിരം സമിതിയംഗം പി.ടി ബിജു എന്നിവരില്‍ നിന്നും സ്വീകരിച്ചു. തുടര്‍ന്ന് മാനന്തവാടി നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് ഭാരവാഹികള്‍ സമാഹരിച്ച തുകകള്‍ മന്ത്രിക്കു കൈമാറി. തിരുനെല്ലി ഗ്രാമപഞ്ചായത്ത് എട്ടു ലക്ഷം, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് 7.27 ലക്ഷം, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് 1.20 ലക്ഷം, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് 6.50 ലക്ഷം, എടവക ഗ്രാമപഞ്ചായത്ത് 5.24 ലക്ഷം എന്നി തുകകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചു നല്‍കി. കൂടാതെ വിവിധ വ്യക്തികളും സംഘടനകളും തുക കൈമാറി. മാനന്തവാടി നിയോജക മണ്ഡലത്തില്‍ നിന്നും ആകെ സമാഹരിച്ച തുക 33,23,775 രൂപയാണ്.
സുല്‍ത്താന്‍ ബത്തേരി നഗരസഭ ഹാളില്‍ നടന്ന പരിപാടിയില്‍ മുമ്പു നല്‍കിയ എട്ട് ലക്ഷത്തിനു പുറമെ സുല്‍ത്താന്‍ ബത്തേരി നഗരസഭ 27,500 രൂപയും മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് 18,650, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് 5,95,130, നെന്‍മേനി ഗ്രാമപഞ്ചായത്ത് 8,63,393, അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് 3,89,367, മീനങ്ങാടി ഗ്രാമപഞ്ചായത്ത് 9,90,361, പൂതാടി ഗ്രാമപഞ്ചായത്ത് എട്ടു ലക്ഷം, നൂല്‍പ്പുഴ 7,21,563 എന്നി തുകകളും കൈമാറി. കൂടാതെ വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും ധനസമാഹരണത്തില്‍ പങ്കാളികളായി. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ നിന്നും ആകെ 47,17,664 രൂപ സമാഹരിച്ചു.
ധനസമാഹരണത്തിന്റെ സമാപനം വൈകീട്ട് അഞ്ചിന് ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്നു. കല്‍പ്പറ്റ നിയോജക മണ്ഡല പരിധിയിലെ ഗ്രാമപഞ്ചായത്തുകളും സ്ഥാപനങ്ങളും സംഘടനകളും ധനസമാഹരണത്തില്‍ പങ്കാളികളായി. കല്‍പ്പറ്റ നഗരസഭ 7.40 ലക്ഷം, പൊഴുതന ഗ്രാമപഞ്ചായത്ത് രണ്ടു ലക്ഷം, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് 6,43,212, മുട്ടില്‍ ഗ്രാമപഞ്ചായത്ത് 1,88,766, തരിയോട് ഗ്രാമപഞ്ചായത്ത് 1,86,807, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് 1,04,927 എന്നിങ്ങനെ തുകകള്‍ കൈമാറി. കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ നിന്നും ആകെ സമാഹരിച്ച തുക 32,48,712 രൂപയാണ്.
മുമ്പ് ജില്ലാ പഞ്ചായത്ത് 25 ലക്ഷവും മറ്റുചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആദ്യഘഡുവായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറിയിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനതു ഫണ്ടിനു പുറമെ പഞ്ചായത്ത് പരിധിയിലെ വ്യക്തികളില്‍ നിന്നും കുടുംബങ്ങളില്‍ നിന്നുമടക്കം പിരിച്ച തുകയാണ് രണ്ടാം ഘട്ടത്തില്‍ നല്‍കിയകത്. സാങ്കേതിക കാരണങ്ങളാല്‍ തുക കൈമാറാന്‍ ബാക്കിയുള്ള തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളോട് സെപ്റ്റംബര്‍ 19 നകം തുക നേരിട്ടോ താലൂക്ക് ഓഫിസുകള്‍ വഴിയോ നല്‍കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ജനകീയ പങ്കാളിത്തത്തോടെ നാടിനെ പുനര്‍നിര്‍മ്മിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും 40,000 കോടിയോളം രൂപ അതിനായി വേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. വിഭവ സമാഹരണം യജ്ഞം വിജയിപ്പിക്കാന്‍ ശ്രമിച്ച എല്ലാവര്‍ക്കും മന്ത്രി നന്ദിയും അഭിനന്ദനവും അറിയിച്ചു. പുനര്‍നിര്‍മ്മാണത്തിന് ശാസ്ത്രീയ രീതികളോടൊപ്പം തന്നെ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്ന പദ്ധതികളും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
ധനസമാഹരണത്തിന്റെ വിവിധ കേന്ദ്രങ്ങളിലായി എം.എല്‍.എമാരായ ഒ.ആര്‍ കേളു, ഐ.സി ബാലകൃഷ്ണന്‍, സി.കെ ശശീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.എല്‍ സാബു, കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ്, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഓഫിസര്‍ ഡോ. വേണു, ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍, എ.ഡി.എം കെ. അജീഷ്, സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ജില്ലാ പൊലിസ് മേധാവി ആര്‍ കറുപ്പസാമി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, മറ്റു ജനപ്രതിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍