തകര്‍ന്ന പാതകളുടെ പുനര്‍നിര്‍മാണം; വ്യക്തതയില്ലാതെ പൊതുമരാമത്ത്

കല്‍പ്പറ്റ: അതിശക്തമായ കാലവര്‍ഷത്തിനിടെ വയനാട്ടില്‍ ഉരുള്‍പൊട്ടിയും മണ്ണിടിഞ്ഞും വെള്ളം കെട്ടിനിന്നും നശിച്ച റോഡുകളും പാലങ്ങളും കലുങ്കുകളും എപ്പോഴേക്കു നന്നാക്കാനാകുമെന്ന ചോദ്യത്തിനു വ്യക്തമായ മറുപടിയില്ലാതെ പൊതുമരാമത്ത് വകുപ്പ്. ഭരണാനുമതിയും സങ്കേതികാനുമതിയും ലഭിക്കുന്ന മുറയ്ക്കു ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി എല്ലാ പ്രവൃത്തികളും നടത്താന്‍ വര്‍ഷങ്ങള്‍തന്നെ വേണ്ടിവരുമെന്നാണ് മരാമത്ത് അധികൃതര്‍ നല്‍കുന്ന സൂചന. അടിയന്തര പ്രാധാന്യമുള്ള പ്രവൃത്തികള്‍ ക്വട്ടേഷന്‍ അടിസ്ഥാനത്തില്‍ നടത്താനും മാസങ്ങളെടുക്കും. കൊടിയ തകര്‍ച്ചയാണ് ജില്ലയില്‍ മരാമത്ത് വകുപ്പിനു കീഴിലുള്ള റോഡുകള്‍ക്കുണ്ടായത്. മൂന്നു താലൂക്കുകളിലുമായി 900 കിലോമീറ്റര്‍ റോഡാണ് വകുപ്പിനു അധീനതയില്‍. ഇതില്‍ 670.81 കിലോമീറ്ററാണ് തകര്‍ന്നത്. ഇതുമൂലം ഏകദേശം 735 കോടി രൂപയുടെ നഷ്ടം ഉണ്ടായി.റോഡുകള്‍ പൂര്‍ണ അര്‍ഥത്തില്‍ സഞ്ചാരയോഗ്യമാക്കുന്നതിനു 331.45 കിലോമീറ്റര്‍ ടാറിംഗും 339.36 കിലോമീറ്റര്‍ പാച്ച്വര്‍ക്കും നടത്തുന്നതിനു പുറമേ തകര്‍ന്ന പാലങ്ങളും കലുങ്കുകളും പുനര്‍നിര്‍മിക്കണം. മരാമത്ത് വകുപ്പിനു കീഴിലുള്ള പാലങ്ങളില്‍ നാലെണ്ണം പൂര്‍ണമായും അഞ്ചെണ്ണം ഭാഗികമായും തകര്‍ന്നുകിടക്കുകയാണ്. 16 കലുങ്കുകള്‍ തകര്‍ന്നു. കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ നാലും ബത്തേരിയില്‍ ഒന്നും മാനന്തവാടി നിയോജകമണ്ഡലത്തില്‍ പതിനൊന്നും കലുങ്കുകളാണ് വെള്ളം കുത്തിയൊലിച്ചും മറ്റും തകര്‍ന്നത്.കലുങ്കുകള്‍ നശിച്ചു 3.31ഉം പാലങ്ങള്‍ തകര്‍ന്ന് ഏകദേശം 20ഉം കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ കല്‍പ്പറ്റയില്‍ 21.4ഉം ബത്തേരിയില്‍ 166.13ഉം മാനന്തവാടിയില്‍ 151.83ഉം കിലോമീറ്റര്‍ റോഡിലാണ് പാച്ച് വര്‍ക്ക് നടത്തേണ്ടതെന്നു മരമാത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിയോജകമണ്ഡലങ്ങളില്‍ യഥാക്രമം 113.64ഉം 98.99ഉം 118.82ഉം കിലോമീറ്ററിലാണ് ടാറിംഗ് ചെയ്യേണ്ടത്. ജില്ലയില്‍ വകുപ്പിനു അധീനതയിലുളള പാതകളില്‍ 128.99 കിലോമീറ്റര്‍ സ്‌റ്റേറ്റ് ഹൈവേയാണ്. കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ 49.12ഉം മാനന്തവാടി മണ്ഡലത്തില്‍ 23ഉം കിലോമീറ്റര്‍ സംസ്ഥാനപാതയാണ് കാലവര്‍ഷത്തില്‍ തകര്‍ന്നത്. ബത്തേരി നിയോജകമണ്ഡലത്തില്‍ സ്‌റ്റേറ്റ് ഹൈവേയില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഗ്രാമീണപാതകളും തകര്‍ന്നുകിടക്കുകയാണ്. തദ്ദേശസ്ഥാപനങ്ങള്‍ക്കു കീഴിലുള്ളതില്‍ 1078.17 കിലോമീറ്റര്‍ റോഡാണ് സഞ്ചാരയോഗ്യമല്ലാതായത്. 178.5 കോടി രൂപയാണ് ഇതുമൂലം നഷ്ടം. ദേശീയപാതയില്‍ 19 കിലോമീറ്റര്‍ തകര്‍ന്നു 1.36 കോടി രൂപയുടെ നഷ്ടവും ജില്ലയിലുണ്ടായി. ജില്ലയില്‍ 650 വീടുകള്‍ പൂര്‍ണമായും 9250 ഭവനങ്ങള്‍ ഭാഗികമായും ലഭിച്ചുവെന്നാണ് ഏറ്റവും ഒടുവില്‍ ലഭ്യമായ കണക്കുകള്‍ വ്യക്തമാക്കുന്നത്. വീടുകള്‍ പൂര്‍ണമായി നശിച്ച് 44.09ഉം ഭാഗികമായി തകര്‍ന്നു 33.94ഉം കോടി രൂപയുടെ നഷ്ടം ഉണ്ടായി. സ്‌കൂളുകളടക്കം സര്‍ക്കാര്‍ ഉടമസ്ഥതിയിലുള്ള 47 കെട്ടിടങ്ങള്‍ നശിച്ച് 5.94 കോടി രൂപയുടെ നഷ്ടം സംഭവിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍