ഐഎഎസ് ഉദ്യോഗസ്ഥര്‍ തലയില്‍ അരിച്ചാക്കുമായി; കയ്യടിച്ച് സോഷ്യല്‍ മീഡിയ

കല്‍പ്പറ്റ:വയനാടൊന്നാകെ പ്രളയക്കെടുതിയെ അഭിമുഖീകരിക്കുമ്പോള്‍ തങ്ങളും കൂടെയുണ്ടെന്ന പ്രഖ്യാപനവുമായി ഭരണകൂടവും രംഗത്ത്. ദുരിതമേഖലകളില്‍ സന്ദര്‍ശനം നടത്തി തിരികെ പോകാതെ സാധാരണക്കാരുടെയിടയില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍. പ്രോട്ടോക്കോളും പദവിയും മാറ്റിവച്ച ഐഎഎസുകാരായ എം.ജി. രാജമാണിക്യവും സബ് കലക്ടര്‍ എന്‍.എസ്.കെ. ഉമേഷും ദുരിതാശ്വാസ ക്യാംപുകളില്‍ വിതരണം ചെയ്യാനായി വയനാട് കലക്ടറേറ്റിലെത്തിയ അരിച്ചാക്കുകള്‍ തലച്ചുമടായി ഇറക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയുള്ള ഉദ്യോഗസ്ഥനാണ് എം.ജി. രാജമാണിക്യം. വയനാട് ജില്ലാ സബ് കലക്ടറാണ് എന്‍.എസ്.കെ. ഉമേഷ്.
ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ചശേഷം ഇരുവരും തിങ്കളാഴ്ച രാത്രി 9.30നാണു കലക്ടറേറ്റില്‍ തിരിച്ചെത്തിയത്. ഇവരെത്തിയതിനുപിന്നാലെ ദുരിതാശ്വാസ ക്യാംപുകളിലെത്തിക്കാനുള്ള ഒരു ലോഡ് അരിയുമെത്തി. രാവിലെ മുതല്‍ അവിടെയുണ്ടായിരുന്നു പല ജീവനക്കാരും തളര്‍ന്നു വിശ്രമിക്കാന്‍ പോയിരുന്നു. അവിടെ കുറച്ചു ജീവനക്കാരെ ഉള്ളൂവെന്നു മനസിലാക്കിയ രാജമാണിക്യവും ഉമേഷും അവര്‍ക്കൊപ്പം ചേര്‍ന്നു ലോഡിറക്കുകയായിരുന്നു. അരിച്ചാക്ക് തലയിലും ചുമലിലുമായി ചുമന്നിറക്കിവച്ചു. ലോഡ് മുഴുവന്‍ ഇറക്കിക്കഴിഞ്ഞശേഷം മാത്രമാണ് ഇരുവരും പോയത്. ഇക്കാര്യം ചിത്ര സഹിതം കളക്ട്രേറ്റ് ജീവനക്കാര്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതോടെയാണ് സംഭവം വൈറലായത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍