കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നം: മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു

കല്‍പ്പറ്റ: വനം വകുപ്പ് അനധികൃതമായി പിടിച്ചെടുത്ത കാഞ്ഞിരത്തിനാല്‍ ജോര്‍ജ്ജിന്റെ ഭൂമി പ്രശ്‌നത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു. കാഞ്ഞിരത്തിനാല്‍ സമരസഹായ സമിതി ലീഗല്‍ കമ്മിറ്റി ചെയര്‍മാന്‍ വി.ടി.പ്രദീപ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. വനം വകുപ്പ് പിടിച്ചെടുത്ത ഭൂമി തിരികെ നല്‍കിക്കൊണ്ട് 2007ല്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നെങ്കിലും ഒരേ ഭൂമി ഒരേ ജീവന്‍ എന്ന പരിസ്ഥിതി സംഘടന ഹൈക്കോടതിയെ സമീപിക്കുകയും ഭൂമി തിരികെ നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിക്കുകയുമായിരുന്നു. 2009 ല്‍ വിജിലന്‍സും 2016 ല്‍ മാനന്തവാടി സബ് കലക്ടറായിരുന്ന ശീറാം സാംബശിവറാവുവും ജോര്‍ജ്ജിന്റെ ഭൂമി വനഭൂമിയല്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യാജരേഖയുണ്ടാക്കിയാണ് ഭൂമി പിടിച്ചെടുത്തതെന്നും കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ കേസ് വാദത്തിന് വന്നപ്പോള്‍ സര്‍ക്കാര്‍ ബോധപൂര്‍വ്വം മൗനം പാലിച്ച് സര്‍ക്കാരിന് അനുകൂലമായി വിധി വാങ്ങിക്കുകയായിരുന്നു. ചീഫ് സെക്രട്ടറിയായ നളിനി നെറ്റോയും നിയമ സെക്രട്ടറിയും അഡ്വക്കറ്റ് ജനറലും റവന്യൂ വകുപ്പും പൂര്‍ണ്ണമായും ജോര്‍ജ്ജിന് അനുകൂലമായ നിലപാട് സ്വീകരിച്ചെങ്കിലും സര്‍ക്കാര്‍ തെറ്റ് ചെയ്ത വനം വകുപ്പ് ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതാണ് ഭൂമി തിരികെ നല്‍കി കൊണ്ട് റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവ് കോടതി റദ്ദാക്കാനുണ്ടായ സാഹചര്യം. ജോര്‍ജ്ജിന് അര്‍ഹതപ്പെട്ട നീതി അട്ടിമറിക്കപ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുത്തുന്ന മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും അധ്യക്ഷതയില്‍ ചേര്‍ന്ന യോഗങ്ങളുടെ മിനുട്‌സും ചീഫ് സെക്രട്ടറിയും അഡ്വക്കറ്റ് ജനറലും നിയമ സെക്രട്ടറിയും സര്‍ക്കാറിന് നല്‍കിയ നിയമ ഉപദേശങ്ങളുടെ പകര്‍പ്പുകളും സഹിതമാണ് വി.ടി.പ്രദീപ് കുമാര്‍ കമ്മീഷന് മുന്നില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍