കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകം; ശാസ്ത്രീയ അന്വേഷണം പുരോഗമിക്കുന്നു; കണ്ണൂര്‍ റെയ്ഞ്ച് ഐ.ജി. ബല്‍റാം കുമാര്‍ ഉപാധ്യായ
വെള്ളമുണ്ട: നവദമ്പതിമാര്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നു.അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനായി കണ്ണൂര്‍ റെയ്ഞ്ച് ഐ.ജി. ബല്‍റാം കുമാര്‍ ഉപാധ്യായ ഇന്ന് ജില്ലയിലെത്തി.കൊലപാതകം നടന്ന വീട്ടില്‍ മൂന്നരയോടെയാണ് ഐ.ജി യും സംഘവുമെത്തിയത്. പത്ത് മിനിറ്റോളം വീട്ടില്‍ ചെലവഴിച്ച ശേഷം കോറോം പോലീസ് സ്‌റ്റേഷനായി നിര്‍മ്മിച്ച കെട്ടിടത്തിലും ഐ.ജി യും സംഘവുമെത്തി.ജില്ലാ പോലീസ് മേധാവി കറുപ്പ സാമി,അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി ഡി.വൈ.എസ്.പി കെ.എം. ദേവസ്യ, കല്‍പ്പറ്റ ഡിവൈ.എസ്.പി, പ്രിന്‍സ് അബ്രഹാം,രഹസ്യാന്വേഷണ വിഭാഗം ഡി.വൈ.എസ്.പി ബിജോ അലക്‌സാണ്ടര്‍, സി.ഐ മാരായ പി.കെ മണി, എം.ഡി. സുനില്‍ എന്നിവര്‍ക്കു പുറമെ എസ്.ഐ മാര്‍ ഉള്‍പ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരും ഐ.ജി വിളിച്ചു ചേര്‍ത്ത മണിക്കൂറുകളോളം നീണ്ട യോഗത്തില്‍ പങ്കെടുത്തു. ശാസ്ത്രീയമായ രീതിയിലുള്ള അന്വേഷണം പുരോഗമിക്കുന്നതായി ഐ.ജി. മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അന്വേഷണ പരിധിയിലുള്ള കാര്യമായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറായന്‍ സാധിക്കില്ല. എല്ലാ മേഖലകളിലും സമഗ്രമായ രീതിയില്‍ അന്വേഷണം നടത്തും. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന കാര്യങ്ങളില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട. സോഷ്യല്‍ മീഡിയ വഴി തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ഇത്തരം കാര്യങ്ങള്‍ പോലീസ് പ്രത്യേകം നിരീക്ഷിക്കും. ജനങ്ങള്‍ക്ക് എന്തു പരാതിയുണ്ടെങ്കിലും പോലീസുമായി ബന്ധപ്പെടാം. സ്‌റ്റേഷനിലെത്തി കാര്യങ്ങള്‍ ധരിപ്പിക്കാം. സംഭവം നടന്നതിനു ശേഷം പോലീസ് പട്രോളിങ് കാര്യക്ഷമമാക്കിയിട്ടുണ്ടെന്നും ഐ.ജി. പറഞ്ഞു.
കൊലപാതകം നടന്ന വീട്ടില്‍ ഇന്ന് ഫൊറന്‍സിക് വിദഗ്ദര്‍ പരിശോധന നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ. പ്രസന്നന്റെ നേതൃത്വത്തിലാണ് നാലു പേരടങ്ങുന്ന സംഘം പരിശോധന നടത്തിയത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍