സമൂഹമനഃസാക്ഷിക്കൊരുമറുമൊഴി..! ഹ്രസ്വ ചിത്രം മികച്ച അഭിപ്രായം നേടുന്നു

തലപ്പുഴ:കാറ്റത്തറുത്തിട്ട മാമ്പഴത്തിന്റെ മധുരത്തേക്കാള്‍ വെള്ളാരം കല്ലുകൊണ്ട് നോവിച്ച കണ്ണിമാങ്ങയുടെ പുളിയാണിന്ന് നമുക്കിഷ്ടമെന്ന ഓര്‍മ്മപ്പെടുത്തലുമായി മലയാളി മനസ്സിലേക്ക് ഇടിച്ചിറങ്ങുന്ന നൊമ്പരമായി മാറുകയാണ് മറുമൊഴിയെന്ന ഹ്രസ്വചിത്രം. തലപ്പുഴ സ്വദേശികള്‍ അണിയിച്ചൊരുക്കിയ മറുമൊഴി സമകാലിക പൊതുസമൂഹത്തിന്റെ നേര്‍ക്കാഴ്ചയാകുകയാണ്. ഹ്രസ്വചിത്രത്തിനൊടുവില്‍ പാറുകുട്ടിയെന്ന ബാലിക നമുക്കൊരു മുന്‍കരുതലാകുകയാണ് ചെയ്യുന്നത്.നിതിന്‍ തലപ്പുഴ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കെപി ബിജീഷാണ്. യൂട്യൂബില്‍ റിലീസ് ചെയ്ത ചിത്രം മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരക്കണക്കിനാളുകളാണ് കണ്ടത്. നെറികെട്ട ലോകത്തോട് കാലം ചിലപ്പോള്‍ കുഞ്ഞുനാവുകളിലൂടെയാവും ചോദ്യങ്ങള്‍ ചോദിക്കുക.
നിഷ്‌കളങ്കതയില്‍ നിന്നുയരുന്ന ഇത്തരം ചോദ്യങ്ങളാണ് നാം പറയാതെ പോകുന്ന ഉത്തരങ്ങള്‍ പറയാന്‍ നമ്മെ നിര്‍ബന്ധിതരാക്കുന്നതെന്ന് ഈ കൊച്ചു ചിത്രത്തിലൂടെ അണിയറ പ്രവര്‍ത്തകര്‍ ആശയസംവേദനം നടത്തുന്നു.അതെല്ലങ്കില്‍ ഇത്തരം മറുമൊഴികളാണ് നമുക്ക് ചിലപ്പോള്‍ തിരിച്ചറിവുകള്‍ തരുന്നതെന്നും ആദ്യശ്രമമായ മറുമൊഴിയെന്ന കൊച്ചു ചിത്രത്തിലൂടെ ഈ കൂട്ടായ്മ വെളിപ്പെടുത്തുന്നു. ചിത്രത്തിന്റെ ആമുഖ ഭാഷണം നിര്‍വ്വഹിച്ചിരിക്കുന്നത് മലയാള സിനിമയിലെ നടന വിസ്മയം ഇന്ദ്രന്‍സാണ്. ചിത്രത്തില്‍ പാറുക്കുട്ടിയായി അഭിനയിച്ചിരിക്കുന്നത് അഞ്ജിമ ഷിബുവെന്ന കൊച്ചുകലാകാരിയാണ്. കെപി ബിജീഷ് നിര്‍മ്മിച്ച ചിത്രത്തിന്റെ കഥതിരക്കഥ സംവിധാനം നിതിന്‍ തലപ്പുഴയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. അഭിലാഷ് മാനന്തവാടി ക്യാമറയും, റെഹീസ് എഡിറ്റിംഗും നിര്‍വ്വഹിച്ച ചിത്രം യൂട്യൂബില്‍ റിലീസ് ചെയ്ത ആദ്യദിനം തന്നെ 30000 ത്തിലധികമാളുകള്‍ കണ്ടിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍