നിപ വൈറസ്;സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തിയാല്‍ നടപടി :ജില്ലാ കളക്ടര്‍
കല്‍പ്പറ്റ:സമൂഹ മാധ്യമങ്ങളില്‍ നിപ വൈറസിനെ സംബന്ധിച്ച് വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് മുന്നറിയിപ്പ് നല്‍കി. കളക്‌ട്രേറ്റില്‍ ചേര്‍ന്ന ഇന്റന്‍സിഫൈഡ് ഡയേറിയ കണ്‍ട്രോള്‍ ഫോര്‍ട്ട്‌നൈറ്റ് ഇന്റര്‍സെക്ടറല്‍ മീറ്റിങില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.ശുചിത്വം പാലിക്കുകയാണ് വൈറസിനെതിരെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം. അതിന് ആരോഗ്യ വകുപ്പ് വ്യാപക ബോധവത്ക്കരണ പ്രവര്‍ത്തനം നടത്തണം. മൃഗ സംരക്ഷണ വകുപ്പുമായി സഹകരിച്ച് ജില്ലയിലെ ഫാമുകളില്‍ പരിശോധന നടത്തണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.
ജില്ലയില്‍ സ്ഥിതിഗതികള്‍ നേരിടുന്നതിന് റാപിഡ് റെസ്‌പോണ്‍സ് സംഘത്തെ നിയോഗിച്ചതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ നൂന മര്‍ജ യോഗത്തില്‍ അറിയിച്ചു. റിപ്രൊഡക്ടീവ് ചൈല്‍ഡ് ഹെല്‍ത്ത്, നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍, രോഗപ്രതിരോധ പ്രവര്‍ത്തനം, നാഷണല്‍ അര്‍ബന്‍ ഹെല്‍ത്ത് മിഷന്‍ എന്നിവയ്ക്കനുവദിച്ചതില്‍ 94 ശതമാനവും (14 കോടി) ചെലവഴിച്ചു കഴിഞ്ഞു. നവജാത ശിശുക്കളുടേയും അമ്മമാരുടേയും ശുശ്രൂഷയ്ക്കുള്ള ജനനി ശിശു സുരക്ഷ കാര്യക്രം പദ്ധതിയുടെ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് 1.39 കോടി കൈമാറി. പ്രസവാനന്തര ശുശ്രൂഷയ്ക്കായി ഗ്രാമപ്രദേശങ്ങളില്‍ 700 രൂപയും നഗര പ്രദേശങ്ങളില്‍ 600 രൂപയും വീടുകളിലെ പ്രസവത്തിന് 500 രൂപയും ധനസഹായം നല്‍കി. ഈ വിഭാഗത്തില്‍ 13.5 ലക്ഷം രൂപ വിതരണം ചെയ്തു. 107 ജീവനക്കാരുടെ പരിശീലനത്തിന് 1,30,926 ചെലവഴിച്ചു. ആശുപത്രികളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ വകയിരുത്തിയ 1.21 കോടി രൂപയും അനുവദിച്ചു. സാന്ത്വന ചികിത്സയ്ക്ക് 14,56,031 രൂപയും, ആരോഗ്യബോധവത്ക്കരണ പ്രവര്‍ത്തനത്തിന് 9.38 ലക്ഷവും, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 9.11 ലക്ഷവും മാര്‍ച്ച് വരെ ദേശീയ ആരോഗ്യമിഷന്‍ ചെലവഴിച്ചതായും ഡിഎംഒ അറിയിച്ചു. ആര്‍ സി എച് ഓഫീസര്‍ ഡോ. പി ദിനേശ്, കല്‍പ്പറ്റ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. അശ്വതി മാധവന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏല്യാമ്മ നൈനാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍