കുറുവയില്‍ ദിവസം 1050 പേരെ പ്രവേശിപ്പിക്കാന്‍ തീരുമാനം

മാനന്തവാടി:കുറുവാ ദ്വീപില്‍ സന്ദര്‍ശകാനുമതി 950 പേരില്‍ നിന്നും 1050 പേരെയാക്കി ഉയര്‍ത്തിക്കൊണ്ട് തീരുമാനമായി. ഇന്ന് തിരുവനന്തപുരത്ത് നടന്ന വനംവകുപ്പ് ഉന്നതതല യോഗത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇതു സംബന്ധിച്ച് വനംവന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വേണു ഐഎഎസ് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സന്ദര്‍ശക ബാഹുല്ല്യത്തിന്റെ പശ്ചാത്തലത്തില്‍ മഴക്കാലത്ത് കുറുവ അടച്ചിടുന്നത് വരെ താല്‍ക്കാലികമായിട്ടാണ് സന്ദര്‍ശക വര്‍ധനവ് അനുവദിച്ചിരിക്കുന്നത്.
ജില്ലയിലെ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കുറുവാ ദ്വീപില്‍ സന്ദര്‍കര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ടുള്ള സമരങ്ങളുടേയും , പ്രതിഷേധങ്ങളുടേയും പശ്ചാത്തലത്തില്‍ സന്ദര്‍ശകാനുമതി ഉയര്‍ത്തണമെന്നുള്ള ജില്ലാ കളക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സന്ദര്‍ശകാനുമതി 950 എന്നത് 1050 ആക്കി ഉയര്‍ത്തിക്കൊണ്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
നിലിവിലുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് സന്ദര്‍ശകരെ വെട്ടിച്ചുരുക്കിയത്. എന്നാല്‍ കുറുവയുടെ 'ക്യാരിയിങ് കപ്പാസിറ്റി' യുമായി ബന്ധപ്പെട്ട് വിശദമായി ശാസ്ത്രീയ പഠന റിപ്പോര്‍ട്ട് അടുത്തുതന്നെ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സമര്‍പ്പിക്കും. അതിനനുസരിച്ച് ഭാവിയില്‍ സന്ദര്‍ശകരുടെ അനുമതിയെ സംബന്ധിച്ച് അന്തിമതീരുമാനം കൈക്കൊള്ളും. മണ്‍സൂണിന് കുറുവ ദ്വീപ് അടച്ചിടുന്നതുവരെയാണ് ദിനംപ്രതി 1050 പേര്‍ക്ക് പ്രവേശനം നല്‍കാനാനുള്ള താല്‍ക്കാലിക തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
ഓരോ സഞ്ചാര കേന്ദ്രങ്ങളും സ്ഥായിയായി നിലനില്കേണ്ടതാണ്. കുറുവ ദ്വീപിനു പാരിസ്ഥിതിക പ്രാധാന്യം ഏറെ ഉണ്ട്. എല്ലാ സ്ഥലങ്ങൾക്കും വികസനത്തെയും സഞ്ചാരികളെയും ഉള്കൊള്ളുന്നതിനു പരിധിയുണ്ട് അതിനെ carrying capacity എന്ന് പറയുന്നു. കുറുവ ദ്വീപിനും അതുണ്ടല്ലോ? പഠനത്തിലൂടെ അത് നിശ്ചയിക്കാവുന്നതാണ്. 200+200 എന്ന കണക്കു ഇങ്ങനെ വന്നു എന്നെനിക്കു നിശ്ചയമില്ല. എണ്ണം നിശ്ചയിക്കുന്നതിനു പകരം സഞ്ചാരികളുടെ activities അല്ലെങ്കിൽ ദ്വീപിൽ ചെലവഴിക്കുന്ന സമയവും ഒരു സമയം എത്ര പേര് അവിടെ ഉണ്ടാകാമെന്നും നിശ്ചയിച്ചു കൂടെ ? സഞ്ചാരികൾക്കു മുൻകൂർ അനുമതിയും സമയവും നിശ്ചയിച്ചു നൽകിയാൽ നിരാശ ഒരു പരിധിവരെ കുറയ്ക്കാം. കുറുവ ദ്വീപിൽ സന്ദര്ശന അനുമതി ഇല്ല അത് കൊണ്ട് സ്വകാര്യ സംഭരംഭകർ വളരുന്നു എന്നതിൽ യുക്തിയില്ല., അവരും വളരട്ടെ ! (എൽദോ വര്ഗീസ്, മുൻ ഡിടിപിസി മെമ്പർ സെക്രട്ടറി )