പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതി ഈടാക്കും; അടച്ചില്ലെങ്കില്‍ പിഴ

പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതി ഈടാക്കാനുള്ള നടപടികള്‍ മോട്ടോര്‍ വാഹനവകുപ്പ് കര്‍ശനമാക്കി. അടച്ചില്ലെങ്കില്‍ പരിശോധന വേളയില്‍ ഇനി മുതല്‍ പിഴയടക്കേണ്ടിവരും. 2017 ജനുവരി 1 ന് 10 വര്‍ഷമോ അതില്‍ കൂടുതലോ പഴക്കമുള്ള നാലും അതില്‍ കൂടുതല്‍ ചക്രങ്ങളുമുള്ള ട്രാന്‍സ്‌പോര്‍ട്ട്,നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കാണ് ഗ്രീന്‍ ടാക്‌സ് ഈടാക്കുന്നത്.ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് 200 രൂപയും മീഡിയം മോട്ടോര്‍ വാഹനങ്ങള്‍ക്ക് 300 രൂപയും ഹെവി മോട്ടോര്‍ വാഹനങ്ങള്‍ക്ക് 400 രൂപയുമാണ് നികുതി. 15 വര്‍ഷമോ അതില്‍ കൂടുതലോ പഴക്കമുള്ളതും നാലും അതില്‍ കൂടുതല്‍ ചക്രമുള്ളതുമായ മോട്ടോര്‍ കാര്‍ ഉള്‍പ്പെടെയുളള നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക്് 5 വര്‍ഷത്തേക്ക് 400 രൂപയാണ് ഗ്രീന്‍ ടാക്‌സ് നിശ്ചയിച്ചിരിക്കുന്നത്.
മോട്ടോര്‍ സൈക്കില്‍, ഓട്ടോറിക്ഷകള്‍ തുടങ്ങി നാല് ചക്രങ്ങളില്‍ കുറവുള്ള വാഹനങ്ങള്‍ക്ക് ഗ്രീന്‍ ടാക്‌സ് ഏര്‍പ്പെടുത്തിയിട്ടില്ല. ഗ്രീന്‍ ടാക്‌സ് അടയ്ക്കാത്ത വാഹനങ്ങള്‍ക്ക് ഇനി മുതല്‍ മോട്ടോര്‍ വാഹനവകുപ്പ് ഓഫീസില്‍ നിന്ന് സേവനം ലഭിക്കില്ല. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഫിറ്റ്‌നസ് ടെസ്റ്റിന് ഹാജരാക്കുമ്പോഴും നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ ഹാജരാക്കുമ്പോഴും ഗ്രീന്‍ ടാക്‌സ് അടച്ചുവെന്ന് ഉറപ്പു വരുത്തും. ഗ്രീന്‍ ടാക്‌സിന് ഫൈന്‍, അഡീഷണല്‍ ടാക്‌സ്, പലിശ എന്നിവ ഈടാക്കില്ല. പരിശോധന വേളയില്‍ ഗ്രീന്‍ ടാക്‌സ് അടയ്ക്കാത്ത വാഹനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ 100 രൂപ പിഴ ഈടാക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് പ്രവേശിക്കുന്ന സീരിയല്‍ നമ്പര്‍ 1, 2 എന്നിവയില്‍ പ്രതിപാദിക്കുന്ന ട്രാന്‍സ്‌പോര്‍ട്ട്, നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും ചെക്ക് പോസ്റ്റ് വഴിയോ അല്ലാതെയോ ഗ്രീന്‍ ടാക്‌സ് ഈടാക്കും. വാഹനം ഓടുന്നില്ല എന്ന കാരണത്തിലും മറ്റും ഗ്രീന്‍ ടാക്‌സില്‍ നിന്നും ഒഴിവാകേണ്ട സാഹചര്യത്തില്‍ വാഹന ഉടമയ്ക്ക് ജി.ഫോമില്‍ അപേക്ഷ നല്‍കാം. കാലയളവിന് 30 ദിവസം മുമ്പ് അപേക്ഷ സമര്‍പ്പിച്ചിരിക്കണം.നിശ്ചിത കാലയളവിലേക്ക് മാത്രമാണ് ഇങ്ങനെ ഇളവുകള്‍ നേടാന്‍ കഴിയുക. ഒരു വര്‍ഷത്തേക്കോ, മാസത്തേക്കോ, രണ്ടുമാസത്തേക്കോ നികുതി ഇളവിന് ജി.ഫോം സമര്‍പ്പിക്കാം. ടാക്‌സ് ഒഴിവാക്കാനുള്ള ജി ഫോം അപേക്ഷ നല്‍കിയ ശേഷം വണ്ടി ഓടിയാലും മറ്റ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വണ്ടി ടാക്‌സ് ഒടുക്കാതെ സംസ്ഥാനത്ത് ഓടിയാലും ഇരട്ട നികുതിയും ഈടാക്കും. 50 മുതല്‍ 400 രൂപവരെയാണ് വിവിധ വാഹനങ്ങള്‍ക്ക് ഇതിനായി ജി.ഫോം ഫീസ് അടക്കേണ്ടത്. ജി ഫോം അപേക്ഷ ഫോറം മോട്ടോര്‍ വാഹന വകുപ്പിന്റെ www.keralamvd.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍