OPEN NEWSER

Friday 11. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഹാജര്‍ കുറഞ്ഞതിന്റെ പേരില്‍ ആദിവാസി വിദ്യാര്‍ത്ഥികളുടെ പേരുവെട്ടി: എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ കഴിയാതെ വിദ്യാര്‍ത്ഥികള്‍ 

  • S.Batheri
30 Mar 2018

പനമരം പഞ്ചായത്തിലെ നീർവാരം ഗവൺമെൻറ് ഹയർ സെക്കന്ററി സ്കൂളിലെ നാലോളം ആദിവാസി വിദ്യാർത്ഥികൾക്കാണ് ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ കഴിയാതെ വന്നത്. ഹാജർ കുറവിന്റെ പേരിൽ ഈ വിദ്യാർത്ഥികളുടെ പേര് വെട്ടിയതുകൊണ്ടാണ് പരീക്ഷ നിഷേധിക്കപ്പെട്ടത്. എന്നാൽ സ്ക്കൂളിന്റെ നിലവാര തകർച്ച പേടിച്ചാണ് സ്ക്കൂൾ അധികൃതർ ഇത്തരത്തിലൊരു നീക്കത്തിന് മുതിർന്നതെന്ന് ആക്ഷേപമുണ്ട്.

എന്നാൽ തുടർച്ചയായി സ്ക്കൂളിൽ വരാതിരുന്നതിന്റെ അടിസ്ഥാനത്തിൽ നിയമപരമായി സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ മാത്രമാണ് തങ്ങൾ സ്വീകരിച്ചതെന്നും, ബന്ധപ്പെട്ട വിദ്യഭ്യാസ അധികൃതർക്ക് എല്ലാ രേഖകളും സമർപ്പിച്ചിട്ടുണ്ടെന്നും സ്ക്കൂൾ പ്രധാനധ്യാപകൻ വ്യക്തമാക്കി

അധ്യയന വർഷ ആരംഭംമുതൽ 54 വിദ്യാർത്ഥികൾ ഈ സ്കൂളിൽ പത്താം  ക്ലാസ്സിൽ പടിച്ചിരുന്നു. അതിൽ 49 വിദ്യാർത്ഥികൾ മാത്രമാണ് SSLC  പരീക്ഷ എഴുതിയിട്ടുള്ളത്.  പരീക്ഷ എഴുതാത്ത വിദ്യാർത്ഥികളിൽ ഒരാളൊഴികെ നാല് പേർ ആദിവാസി വിഭാഗത്തിൽ പെട്ടവരാണ് .

അമ്മാനി പാറവയൽ  പണിയ കോളനിയിലെ വിദ്യാർത്ഥികളായ ബബീഷ്,  അമൽ  എന്നിവർ  ഡിസംബർ മാസംവരെ സ്കൂളിൽ പോയിട്ടുണ്ടായിരുന്നതായും ക്രിസ്മസ് പരീക്ഷ എഴുതി വിജയിച്ചതായും പറയുന്നുണ്ട്.

ജനുവരി മാസത്തിൽ, കുടുംബാംഗങ്ങളുടെ ശബരിമല തീർത്ഥാടന യാത്രയുമായി ബന്ധപ്പെട്ടു 2 ദിവസം സ്കൂളിൽ പോയിട്ടില്ല എന്ന് ഇവർ പറയുന്നു. അതിനു ശേഷം സ്കൂളിൽ ചെന്നപ്പോൾ 'ഇനി സ്കൂളിലേക്കു വരേണ്ട' എന്ന രീതിയിൽ ഹെഡ് മാസ്റ്ററും അധ്യാപകരും സംസാരിച്ചു എന്നും, തുടർന്ന് ഹെഡ് മാസ്റ്ററും ടീച്ചർമാരും വീട്ടിൽ ചെന്ന് ഇതേ രീതിയിൽ അറിയിച്ചിട്ട് പോയി എന്നും ബബീഷ് പറയുന്നു.

ദിവസങ്ങൾക്കു ശേഷം രണ്ടു അധ്യാപികമാരും ഒരു അധ്യാപകനും ബബീഷിന്റെ അമ്മയെ കാണുന്നതിന് വേണ്ടി അവർ പണിയെടുക്കുന്ന സ്ഥലത്തു ചെന്നിരുന്നു എന്നും എന്തോ ഒരു കടലാസിൽ  ഒപ്പിട്ടു വാങ്ങിച്ചതായും  ബബീഷിന്റെ  അമ്മ ജാനു പറഞ്ഞു. 

അധ്യാപകർ എന്ത് പറഞ്ഞിട്ടാണ് ഒപ്പിടാൻ ആവശ്യപ്പെട്ടത്  എന്ന് ചോദിച്ചപ്പോൾ ജാനു പറഞ്ഞത് "ഈ വര്ഷം ബബീഷിനു പരീക്ഷ എഴുതാൻ പറ്റില്ല, അതിനു ഒപ്പിട്ടു തരണം, ഈ വര്ഷം പരീക്ഷ എഴുതിയാൽ ബബീഷ് ജയിക്കില്ല എന്ന് അവർ പറഞ്ഞു" എന്നാണ്. എഴുതാനും വായിക്കാനും അറിയാത്തതിനാൽ   അതിൽ എന്താണ്  എഴുതിയിട്ടുണ്ടായിരുന്നത് എന്ന് അറിയില്ല എന്നും അവർ പറഞ്ഞു. പിന്നീട് അമ്മയെ കൂട്ടി സ്കൂളിൽ ചെന്നു "തോറ്റാലും സാരമില്ല പരീക്ഷ എഴുതണം" എന്ന്    ആഗ്രഹം അറിയിച്ചപ്പോൾ  'ഇനി ഇങ്ങോട്ടു വരേണ്ട,  അടുത്ത വര്ഷം പരീക്ഷ എഴുതാം' എന്ന്  അധ്യാപകർ പറഞ്ഞതായും ബബീഷ് പറയുന്നു.  വണ്ടികൂലിക്കു  പണമില്ലത്തതിനാൽ  ട്രൈബൽ ട്രൈബൽ ഓഫിസിൽ പോയി ഈ വിവരം അറിയിക്കാൻ സാധിച്ചില്ല എന്നും ജാനു പറഞ്ഞു. 

ബബീഷ്  താഴ്ന്ന ക്ലാസ്സിൽ പഠിക്കുമ്പോൾ   മിക്ക ദിവസവും സ്കൂളിൽ കൊണ്ടുപോകുന്നതും, വൈകുന്നേരം ക്ലാസ് തീരുന്നതുവരെ നീർവാരത്തെ കടകളുടെ സമീപം കാത്തിരുന്നു കുട്ടിയെ തിരിച്ചു വീട്ടിലേക്ക് കൂട്ടിക്കൊണ്ടു  പോകുമായിരുന്നു എന്നും അങ്ങിനെ കഷ്ടപെട്ടാണ്  ബബീഷിനെ പഠിപ്പിച്ചത് എന്ന് ജാനു സങ്കടത്തോടെ പറഞ്ഞു.

ബബീഷ് ഒൻപതാം തരത്തിൽ പഠിക്കുമ്പോൾ കാലിനു സുഖമില്ലാതായ സമയത്തുപോലും മുടങ്ങാതെ പരീക്ഷ എഴുതിക്കാൻ സ്കൂളിലേക്കു കൊണ്ടുപോയിട്ടുണ്ട് എന്നും അവർ കൂട്ടിച്ചേർത്തു. മാത്രമല്ല, കായിക മത്സരങ്ങളിലെല്ലാം പങ്കെടുത്തു ബബീഷ്  സമ്മാനം  വാങ്ങിച്ചിട്ടുണ്ടെന്നും അതെല്ലാം  സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നും അമ്മ  ജാനു പറയുന്നു. അടുത്ത വര്ഷം പരീക്ഷ എഴുതിക്കണമെന്നു പറഞ്ഞപ്പോൾ ആ അമ്മ പറഞ്ഞത്, "ഒരു വര്ഷം  പോയില്ലേ, നീർവാരം സ്കൂളിലെക്കു ഇനി   വിടുന്നില്ല, ടി സി വാങ്ങി വേറെ സ്കൂളിൽ ചേർക്കണം" എന്നാണ്. അമലിന്റെ കാര്യവും ഏതാണ്ട് സമാനമാണ്, പക്ഷെ സ്കൂളിൽ  ചെന്നന്വേഷിച്ചപ്പോൾ "പേര് വെട്ടി, അതുകൊണ്ട് ഈ വര്ഷം പരീക്ഷ എഴുതാൻ പറ്റില്ല' എന്നു അധ്യാപകർ പറഞ്ഞതായി അമൽ ഓർക്കുന്നു. 

നീർവാരം അഞ്ഞണിക്കുന്നു സ്വദേശിയായ  അനീഷ് ആണ്  ഇത്തരത്തിൽ പരീക്ഷ എഴുതാൻ പറ്റാതായ മറ്റൊരാൾ. അനീഷിന്റെ   കുട്ടിക്കാലത്തുതന്നെ  അമ്മ  മരിച്ചപോയതാണ്, അച്ഛൻ കാര്യമായി ശ്രദ്ധിക്കാറില്ലെന്നും സഹോദരിയുടെ ഒപ്പമാണ് താമസമെന്നും മനസിലാക്കിയതിനാൽ ,   മറ്റുകാര്യങ്ങളൊന്നും തന്നെ ഈ കുട്ടിയോടു  ചോദിക്കാൻ തോന്നിയില്ല. പരീക്ഷ എഴുതാത്തതിനെപ്പറ്റി ചോദിച്ചപ്പോൾ, "സ്കൂളിൽ  പേര് വെട്ടി, അതുകൊണ്ട് ഈ വര്ഷം പരീക്ഷ എഴുതാൻ പറ്റില്ല" എന്ന് അധ്യാപകർ പറഞ്ഞതായി അനീഷ് പറയുന്നു.  ഒരു കുടുംബാംഗത്തിനു സുഖമില്ലാതായപ്പോൾ   രണ്ടാഴ്ചയോളം അനീഷിനു  സ്കൂളിൽ പോകാൻ പറ്റിയില്ല എന്നാണ് അറിഞ്ഞത്. അതിനു ശേഷം സ്കൂളിൽ ചെന്നപ്പോഴാണ് പേര് വെട്ടിയ കാര്യം പറഞ്ഞത്. പിന്നീട് പരീക്ഷ എഴുതണമെന്നു സ്കൂളിൽ ചെന്നുപറഞ്ഞപ്പോൾ "ഈ വര്ഷം ഇനി എഴുതാൻ പറ്റില്ല' എന്നും ക്ലാസ് ടീച്ചർ   "എന്തൊക്കെയോ ചീത്ത പറഞ്ഞു"  എന്നും  അനീഷ് പറഞ്ഞു. പിന്നീട് സ്കൂളിലേക്ക് പോയില്ല എന്നും, എന്നാൽ SSLC പരീക്ഷ അവസാനിച്ച 28നു സ്കൂളിൽ പോയി കൂട്ടുകാരെയെല്ലാം കണ്ടു എന്നും അവരുടെ  ആഘോഷങ്ങളിൽ പങ്കെടുത്തു എന്നും അനീഷ് പറഞ്ഞു.

രണ്ടാഴ്ചയോളം തുടർച്ചയായി വരാതിരുന്നിട്ട് കൂടി കുട്ടികൾക്ക് പരീക്ഷ എഴുതാനുള്ള സാഹചര്യം തങ്ങൾ പല തവണ നൽകിയിരുന്നതായും എന്നാൽ അതിനു ശേഷവും സ്ക്കൂളിലേക്ക് വരാതിരുന്നതിനാലാണ് നടപടി ക്രമങ്ങളുടെ ഭാഗമായി കുട്ടികളുടെ പേര് വെട്ടിയതെന്ന് പ്രധാന അധ്യാപകൻ വ്യക്തമാക്കി. ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കും, ബന്ധപ്പെട്ട മറ്റ് അധികൃതർക്ക് ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും നൽകിയതായും അദ്ധ്യാപകൻ വിശദീകരിച്ചു.
ഇത്തവണ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് അടുത്ത തവണ എഴുതാനുള്ള എല്ലാ സാഹചര്യവും ഒരുക്കുമെന്നും അധികൃതർ വ്യക്തമാക്കി.

എന്നാൽ ആദിവാസികളുടെ  ഉന്നമനത്തിനായി , പ്രത്യേകിച്ചും വിദ്യാഭ്യാസ ആവശ്യത്തിന്നായി കുട്ടികളെ സ്കൂളിലേക്ക് എത്തിക്കുന്നതിന് 'ഗോത്രസാരഥി' പദ്ധതിയും, ആദിവാസി വിദ്യാര്ഥികള്ക്കു പ്രത്യേക പഠന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനായി ഒരു കുട്ടിക്ക് 3500 എന്ന തോതിൽ സർക്കാർ സഹായവും, 'കൊഴിഞ്ഞുപോക്കു'  തടയുന്നത്തിനും  മറ്റും സർക്കാർ കാര്യക്ഷമമായി ഇടപെടുമ്പോഴാണ് വിദ്യാർത്ഥികളെ SSLC പരീക്ഷ എഴുതിക്കാതിരിക്കുന്നതിനു സർക്കാർ സ്കൂളിലെ അധ്യാപകർ തന്നെ ശ്രമിക്കുന്നതെന്നത് വിരോധാഭാസമാണെന്ന് മുൻ വിദ്യാർത്ഥിയും, സാമൂഹിക പ്രവർത്തകനുമായ ദിലീപ് കുമാർ പറയുന്നു. ഈ വിഷയം പൊതുജന മധ്യത്തിലേക്ക് കൊണ്ടു വന്നതും ദിലീപാണ്.

ഈ വിഷയത്തിൽ അധ്യാപകരുടെയും അധ്യാപക-രക്ഷാകർതൃ സമിതിയുടേയുമെല്ലാം ഇടപെടലുകൾ അന്വേഷണ വിധെയമാകേണ്ടതാണ്. "100 ശതമാനം വിജയം എന്ന ഖ്യാതി" നേടുന്നതിന് ഇത്തരത്തിലുള്ള മ്ലേച്ഛകരമായ പ്രവൃത്തികൾ ചെയ്യുന്നത് അധ്യാപകർക്ക് ചേർന്ന  സ്വഭാവമല്ല. മാത്രമല്ല,  പാർശ്വവൽക്കരിക്കപ്പെട്ട ആദിവാസി  വിഭാഗത്തിലെ വിദ്യാര്ഥികള്ക്കു SSLC പരീക്ഷ എഴുതുന്നതിനുള്ള അവകാശം നിഷേധിച്ച, ഒരു പഠന വര്ഷം നഷ്ടപ്പെടുത്തിയ,  അതുവഴി  അവർക്കു  ഏറ്റവും അടിസ്ഥാനപരമായ SSLC സർട്ടിഫിക്കറ്റ് എന്ന ആധികാരിക രേഖ  ലഭിക്കാതിരിക്കാനുള്ള ഇടപെടലുകൾ നടത്തിയ  അധ്യാപകർക്കെതിരെ കർശന നടപടികൾ സർക്കാർ കൈക്കൊള്ളണമെന്നാണ് തന്റെ അഭിപ്രായമെന്നും
തങ്ങളുടെ   മക്കളായിരുന്നെങ്കിൽ ഈ അധ്യാപകർ ഇത്തരത്തിൽ പ്രവർത്തിക്കുമായിരുന്നോയെന്നും ദിലീപ് ചോദിക്കുന്നു

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു; 4 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്, ഇന്നും മഴയ്ക്ക് സാധ്യത
  • ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു; 4 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്, ഇന്നും മഴയ്ക്ക് സാധ്യത
  • കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
  • വെസ്റ്റ് ബംഗാള്‍ സ്വദേശി കഞ്ചാവുമായി പിടിയില്‍
  • അരക്കിലോയോളം കഞ്ചാവുമായി കൊല്ലം സ്വദേശി പിടിയില്‍
  • ആരോപണം പച്ചക്കള്ളമെന്ന് ടി.സിദ്ധീഖ് എംഎല്‍എ
  • വയനാട് മഡ് ഫെസ്റ്റ് സീസണ്‍3 ജൂലൈ 12 മുതല്‍; മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ തുടങ്ങി; ആദ്യത്തെ നാല് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് ക്യാഷ് െ്രെപസ്
  • ആര്‍ദ്രം പദ്ധതിയില്‍ വയനാട് ജില്ലയില്‍ നവീകരിച്ചത് 29 ആശുപത്രി കെട്ടിടങ്ങള്‍ ;നിര്‍ണയ ലാബ് നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനം 100% പൂര്‍ത്തിയായി
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയില്‍
  • ഒന്നര ലക്ഷം കൈക്കൂലി വാങ്ങിയെന്ന് പരാതി; പോലീസുകാരനെ സസ്‌പെന്റ് ചെയ്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show