കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ സര്‍വകലാശാലകള്‍ മുന്‍കൈയെടുക്കണം: മന്ത്രി ടി. സിദ്ദിഖ്
അമ്പലവയല്‍: ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും മൂലം കാര്‍ഷിക മേഖല നേരിടുന്ന വെല്ലുവിളികള്‍ അതിജീവിക്കാന്‍ സര്‍വകലാശാലകള്‍ മുന്‍കൈയെടുക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ.ടി സിദ്ദീഖ് പറഞ്ഞു. സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി അമ്പലവയല്‍ കാര്‍ഷിക കോളേജില്‍ സംഘടിപ്പിച്ച വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പുതിയ വിള ഇനങ്ങളുടെ പ്രകാശനവും നിര്‍വഹിച്ചു സംസരിക്കുകയായിരുന്നു മന്ത്രി. കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള കാര്‍ഷിക രീതികളും പുതിയ ഇക്കോസിസ്റ്റവും
സര്‍വകലാശാലകളുടെ നേതൃത്വത്തില്‍വികസിപ്പിച്ചെടുക്കണം. വരള്‍ച്ച, അതിതീവ്ര മഴ, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രതിഭാസങ്ങളില്‍ നിന്നും കര്‍ഷകരെ സംരക്ഷിക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വകലാശാലകള്‍ നേതൃത്വം നല്‍കണമെന്നും മന്ത്രി പറഞ്ഞു.
അമ്പലവയല്‍ ക്യാമ്പസിന് എല്ലാ സൗകര്യങ്ങളോട് കൂടിയ പുതിയ കളിസ്ഥലം ഒരുക്കാന്‍ അടിയന്തര നടപടികള്‍ ആരംഭിക്കാന്‍ വൈസ് ചാന്‍സിലര്‍, രജിസ്ട്രാര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ നേതൃത്വത്തില്‍ പ്രദേശവാസികളെയും തദ്ദേശ സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് 'പൂപ്പൊലി' അന്താരാഷ്ട്ര ഫെസ്റ്റിവെല്ലാക്കി ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. അവോക്കാഡോ, ട്രോപ്പിക്കല്‍ ഫ്രൂട്ട്‌സ്, ഔഷധച്ചെടികള്‍, ഇഞ്ചി, മഞ്ഞള്‍ എന്നിവയുടെ വൈവിധ്യമാര്‍ന്ന കൃഷിരീതികള്‍ പ്രോത്സാഹിപ്പിച്ച് വന്യമൃഗ ശല്യം തടയാനും വയനാടിന്റെ കാര്‍ഷിക സമൃദ്ധി വീണ്ടെടുക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
അമ്പലവയല്‍ കാര്‍ഷിക കോളേജിലെഅക്കാദമിക്ക് ബ്ലോക്ക്, തൃശൂര്‍ വെള്ളാനിക്കര
കൊക്കോ ഗവേഷണ കേന്ദ്രത്തിലെമോഡല്‍ കൊക്കോ പ്രൊസസ്സിങ് യൂണിറ്റ് ഉദ്ഘാടനം, കാര്‍ഷിക സര്‍വകലാശാ ഗവേഷണ വിഭാഗത്തിന്റെ പുതിയ വിള ഇനങ്ങളായ ബ്രഹ്മി, മഞ്ഞള്‍, ഇഞ്ചി, മുളക്, രാമച്ചം എന്നിവയുടെ പ്രകാശനം എന്നിവ മന്ത്രി നിര്‍വഹിച്ചു.
അമ്പലവയല്‍ കാര്‍ഷിക കോളേജില്‍ നടന്ന പരിപാടിയില്‍ എം.എല്‍.എ ഐ സി ബാലകൃഷ്ണന്‍ അധ്യക്ഷനായി. പ്രാദേശിക ഗവേഷണ കേന്ദ്രങ്ങളില്‍ കേവലം ഗവേഷണം മാത്രം പോരെന്നും സ്ഥാപനത്തിന് സ്വന്തമായി വരുമാനം കണ്ടെത്താനുള്ള ഉത്പാദന സംവിധാനങ്ങള്‍ ഉണ്ടാകണമെന്നും എം.എല്‍.എ പറഞ്ഞു. കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ടി സജിതാ റാണി, രജിസ്ട്രാര്‍ പ്രൊഫ. ഡോ. മേരി റജീന,
അസോസിയേറ്റ് ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് പി രാജി,
സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന്‍, അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി കൃഷ്ണകുമാര്‍, നെന്മേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ ഗംഗാധരന്‍ ആത്താര്‍, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി അവറാന്‍, അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി ഷഫീക്ക്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സൈനബ ഉസ്മാന്‍, സനല്‍ ജോണ്‍, കൃഷ്ണകുമാരി, ഗ്രാമ പഞ്ചായത്തംഗം കെ റജില, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
