പാവപ്പെട്ടവരെ ഇരയാക്കി കാറിലെത്തി കവര്‍ച്ച: പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ വലയിലാക്കി പോലീസ്
കല്‍പ്പറ്റ: പനമരത്തും പടിഞ്ഞാറത്തറയിലും ഒരേ രീതിയില്‍ ആസൂത്രിത കവര്‍ച്ച നടത്തി നാടിനെ ആശങ്കയിലാക്കി മുങ്ങിയ കുറ്റവാളികള്‍ പോലീസ് വലയിലായി. പീച്ചങ്കോട് കാളിയാര്‍ ഹൗസില്‍ സഹദ് (സൈദുള്ള മുഹമ്മദ് 36), തരുവണ മന്ദംകണ്ടി വീട്ടില്‍ മുഹമ്മദ് ബഷീര്‍ (45) എന്നിവരെയാണ് കര്‍ണാടകയിലെ ചമരാജ് നഗറില്‍ നിന്നും വയനാട് ജില്ലാ പോലീസ് മേധാവിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് (SAGOC) സാഹസികമായി പിടികൂടിയത്.
ബീവറേജ് പരിസരങ്ങളില്‍ തക്കംപാത്തുനിന്ന് സാധുക്കളായ ആളുകളെ ലക്ഷ്യമിട്ട് കാറില്‍ തട്ടിക്കൊണ്ടുപോയി കത്തിമുനയില്‍ നിര്‍ത്തി കൊള്ളയടിക്കുന്ന ഭീതിജനകമായ സംഭവങ്ങളാണ് കഴിഞ്ഞദിവസം അരങ്ങേറിയത്. പടിഞ്ഞാറത്തറ നായ്മലയില്‍ വെച്ച് 31 ന് ഉച്ചയോടെ ലോട്ടറി വില്‍പ്പനക്കാരനായ ബിജോയിയെ ലോട്ടറി വാങ്ങാനെന്ന വ്യാജേന കാറില്‍ വിളിച്ചുകയറ്റി, ഷര്‍ട്ട് വലിച്ചുകീറി കഴുത്തില്‍ കത്തിവെച്ച് പണവും ടിക്കറ്റുകളും കവര്‍ന്നു.
തൊട്ടുപിന്നാലെ വൈകീട്ട് പനമരത്ത് വെച്ച് നടവയല്‍ സ്വദേശിയായ ശങ്കരനെയും ബലമായി കാറിലേക്ക് വലിച്ചുകയറ്റി മര്‍ദ്ദിച്ച് പണവും മദ്യവും തട്ടിയെടുത്ത് വഴിയില്‍ തള്ളുകയായിരുന്നു.
ഇത് കഴിഞ്ഞ് രാത്രിയോടെ കല്‍പ്പറ്റ ബിവറേജ് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ഇരുവരെയും കല്‍പ്പറ്റ പോലീസ് കരുതല്‍ അറസ്റ്റ് ചെയ്ത് വിട്ടിരുന്നു. എന്നാല്‍ പിന്നീടാണ് തട്ടിപ്പിനിരയായവര്‍ പരാതിയുമായി അതത് സ്‌റ്റേഷനുകളിലെത്തുകയും പോലീസ് കേസെടുക്കുകയും ചെയ്തത്.
സംഭവം നടത്തിയതിന് ശേഷം പ്രതികള്‍ വയനാട്ടില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പനമരം പോലീസ് ഇവര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു
പ്രതികള്‍ക്കായി സംസ്ഥാനത്തിനകത്തും പുറത്തും വ്യാപകമായ അന്വേഷണം നടത്തിവരവേ ഇന്നലെ വൈകുന്നേരത്തോടുകൂടി കര്‍ണാടകയിലെ ചാമരാജ് നഗറിലുള്ള രഹസ്യ കേന്ദ്രത്തില്‍ നിന്നാണ് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി എസ്.ദേവമനോഹര്‍ ഐ പി എസ്, മാനന്തവാടി എ എസ് പി കാര്‍ത്തിക് ഐ പി എസ് എന്നിവരുടെ മേല്‍നോട്ടത്തില്‍
ജില്ലാ പോലീസ് മേധാവിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് (SAGOC ) എസ് ഐ ബിജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള
പോലീസ് ഉദ്യോഗസ്ഥരായ ശാലു ഫ്രാന്‍സിസ്, വിപിന്‍ കെ കെ, ശ്രീജേഷ്, അബ്ദുല്‍ വാജിദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
