വിദ്യാര്‍ത്ഥിയില്‍ നിന്നും കഞ്ചാവടങ്ങിയ മിഠായി പിടികൂടി

ബത്തേരി: കഞ്ചാവ് ,എംഡിഎംഎ മുതലായ ലഹരികള്‍ക്ക് പിന്നാലെ കര്‍ശന പരിശോധനകളുമായി മുന്നോട്ടു പോകുന്ന പോലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ തലവേദനയുമായി കഞ്ചാവ് അടങ്ങിയ ലഹരി മിഠായികള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിക്കുന്നു. ഇന്നലെ ബത്തേരിയിലെ കോളേജ് വിദ്യാര്‍ത്ഥിയില്‍ നിന്നാണ് ബത്തേരി പോലിസ് കഞ്ചാവ് മിഠായി പിടികൂടിയത്. ഓണ്‍ലൈന്‍ ട്രേഡിംഗ് ആപ്പുവഴിയാണ് കഞ്ചാവ് മിഠായി വാങ്ങിയതെന്നും ഇത്തരത്തില്‍ വാങ്ങിയ മിഠായി കഴിഞ്ഞ മൂന്നുമാസമായി മറ്റുവിദ്യാര്ത്ഥികള്ക്കിടയില് വിറ്റിരുന്നു എന്നും പിടിയിലായ വിദ്യാര്‍ത്ഥി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ അസാധാരണമായി കൂടിനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് മിഠായികള്‍ പിടിച്ചെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് വിദ്യാര്‍ത്ഥിയെ പിടകൂടുന്നതിലേക്ക് എത്തിയത്. 200 രൂപ നല്കി 40 മിഠായികള്‍ വാങ്ങിയെത്തും, ഇത് മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്തിയതായുമാണ് വിദ്യാര്‍ത്ഥി പറയുന്നത്. കുറഞ്ഞ അളവിലാണ് മിഠായിയില്‍ കഞ്ചാവ് ഉള്ളതെന്നാണ് കരുതുന്നത്. ഇത് സ്ഥിരീകരിക്കാനായി പിടിച്ചെടുത്ത മിഠായി കൂടുതല്‍ പരിശോധനകള്‍ക്ക് അയച്ചിരിക്കുകയാണ്.
ലഹരി മിഠായികള്‍ കേരളത്തില്‍ പലയിടത്തും പ്രചരിക്കുന്നുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്ന് പൊലീസും എക്സൈസും ശക്തമായ നിരീക്ഷണവും നടത്തിയിരുന്നു. ഇപ്പോള്‍ പിടിച്ചെടുത്ത മിഠായികളില്‍ ചെറിയ അളവില്‍ മാത്രമാണ് കഞ്ചാവ് ഉള്ളതെങ്കിലും ഇവയുടെ നിരന്തര ഉപയോഗം കൂടിയ അളവില്‍ കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരിമരുന്നുകളുടെ ഉപയോഗത്തിലേക്ക് തിരിയാന്‍ പ്രേരകമാകും എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഓണ്‍ലൈന്‍ ട്രേഡിംഗ് ആപ്പുവഴി ആര്‍ക്കും എളുപ്പത്തില്‍ ഇത്തരം മിഠായികള്‍ വാങ്ങാമെന്നതും കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. സംശയം തോന്നാത്ത രീതിയില്‍ എവിടെവച്ചും ഉപയോഗിക്കാം എന്നും ഇത്തരം മിഠായികള്‍ക്ക് പ്രചാരം വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ഓണ്‍ലൈന്‍ വഴി വലിയ റിസ്കില്ലാതെ സംഗതി കയ്യിലെത്തുമെന്നതിനാല് ലഹരി മിഠായി പെട്ടെന്ന് തന്നെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സ്വാധീനം ചെലുത്തിയേക്കുമെന്ന ആശങ്കയും പോലീസിനുണ്ട്. ഇത്തരം ഉത്പന്നങ്ങള്‍ ഓണ്‍ ലൈന്‍ വഴി വില്‍ക്കുന്നത് പൂര്‍ണമായും നിരോധിച്ചാല്‍ മാത്രമേ ഇതിനൊരു ശാശ്വത പ്രതിവിധിയുണ്ടാകുകയുള്ളൂ.