വെള്ളക്കെട്ടിലെ രക്ഷകന് ജന്മനാടിന്റെ ആദരം;സാധു സംരക്ഷണ സമിതി പുരസ്‌ക്കാരം ജിഷ്ണുവിന്

കാവുംമന്ദം: ബാണാസുര സാഗര്‍ ഡാമിലെ വെള്ളക്കെട്ടില്‍ കൊട്ടത്തോണി മറിഞ്ഞുണ്ടായ അപകടത്തില്‍ പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തിയ തരിയോട് മാങ്കോട്ടില്‍ ജിഷ്ണുവിനെ കാവുംമന്ദം സാധു സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ജന്മനാട് ആദരിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത് സാധു സംരക്ഷണ സമിതി പുരസ്‌ക്കാരം ജിഷ്ണുവിന് നല്‍കി. പ്രസിഡന്റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. വയനാട് ബാണാസുര സാഗര്‍ ഡാമിലെ വെള്ളക്കെട്ടില്‍ ഏഴ് പേര്‍ മുങ്ങിതാഴുന്നതിനിടെ മൂന്ന് പേരുടെ ജീവന്‍ രക്ഷിക്കാന്‍ കരുത്തായത് ഇരുപത് വയസ്സ് മാത്രം പ്രായമുള്ള ജിഷ്ണുവെന്ന ആദിവാസി യുവാവിന്റെ മനോധൈര്യമായിരുന്നു. അപകട വിവരം അറിഞ്ഞ് കനത്ത മഴയും കാറ്റും തണുപ്പും വകവെക്കാതെ തന്റെ സഹചാരിയായ ചങ്ങാടമിറക്കി തനിച്ച് തുഴഞ്ഞ് സംഭവ സ്ഥലത്തെത്തുകയായിരുന്നു.
രാത്രി പന്ത്രണ്ട് മണിയോടെയാണ് പ്രതികൂല കാലാവസയെ വകവെക്കാതെ ജിഷ്ണു തനിയെ മൂന്നു പേരെയും തുരുത്തില്‍ നിന്നും തന്റെ സ്വന്തം ചങ്ങാടത്തില്‍ കരയിലെത്തിച്ചത്. സംഭവമുണ്ടായ സ്ഥലത്ത് നിന്നും 200 മീറ്ററോളം മാറിയാണ് ജിഷ്ണു താമസിക്കുന്ന മാങ്കോട്ടില്‍ ആദിവാസി കോളനി. അപകടവിവരമറിഞ്ഞ് 200 മീറ്റര ദൂരം തുഴഞ്ഞെത്താന്‍ കനത്ത കാറ്റും ഓളവും കാരണം ഒരുമണിക്കൂര്‍ നേരമെടുത്തിരുന്നു. മൊബൈല്‍ഫോണില്‍ പ്രകാശം തെളിയിച്ചെത്തുന്ന ജിഷ്ണുവിനെ തുരുത്തിലുണ്ടായിരുന്ന ജോബി, ലിബിന്‍, ജോബിന്‍ എന്നിവര്‍ ശബ്ദമുണ്ടാക്കി വിളിച്ചാണ് ചങ്ങാടത്തില്‍ കയറിയത്. ദീര്‍ഘനേരം നീന്തിയതിനാലും കനത്തമഴയും കാറ്റുമേറ്റും അവശനിലയിലായിരുന്ന ഇവരെ ജിഷ്ണു ഒരുമണിക്കൂറോളം ചങ്ങാടത്തിലിരുത്തി തുഴഞ്ഞാണ് സുരക്ഷിത സ്ഥാനത്തെത്തിച്ചത്. തുടര്‍ന്ന് കാണാതായവര്‍ക്ക് വേണ്ടി നാലു ദിവസത്തോളം നീണ്ട തിരച്ചിലിലും ജിഷ്ണു സജീവമായിരുന്നു.
ബാണാസുരഡാം റിസര്‍വ്വൊയറിലുണ്ടായ അപകടത്തില്‍ വെള്ളത്തില്‍ വീണവര്‍ ജീവനുവേണ്ടി കൊതിക്കുമ്പോള്‍ തന്റെ ജീവന്‍ പോലും വക വെക്കാതെ നടത്തിയ ഈ പുണ്യ പ്രവര്‍ത്തി പരിഗണിച്ചാണ് ജീവകാരുണ്യ രംഗത്ത് ഒന്നരപ്പതിറ്റാണ്ടിലേറെ കാലമായി പ്രവര്‍ത്തിച്ചു വരുന്ന സാധു സംരക്ഷണ സമിതി ജിഷ്ണുവിന് പുരസ്‌ക്കാരം നല്‍കി ആദരിച്ചത്.
തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ചന്ദ്രശേഖരന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ജിന്‍സി സണ്ണി, ഷീജ ആന്റണി, മുന്‍ തഹസില്‍ദാര്‍ സൂപ്പി കല്ലങ്കോടന്‍, സുഹൈല്‍ വാഫി, മുസ്തഫ പാറക്കണ്ടി, തയ്യില്‍, കുഞ്ഞുമുഹമ്മദ്, ജോജിന്‍ ടി ജോയ്, ഷമീര്‍ പുതുക്കുളം, പി മുസ്തഫ, കെ ഷറഫുദ്ദീന്, ജലീല്‍ പീറ്റക്കണ്ടി , പി സഹീറുദ്ധീന്‍, മുസ്തഫ കരിംകുളത്തില്‍, കെ ടി മുജീബ്, ബഷീര്‍ പുള്ളാട്ട്, കാസിം പുത്തന്‍പുര തുടങ്ങിയവര്‍ സംസാരിച്ചു. ജിഷ്ണു മറുപടി പ്രസംഗം നടത്തി..


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍