കടുവയെ മയക്കുവെടിവെച്ച് പിടികൂടുന്നതിനുള്ള നടപടി തുടങ്ങി

പനവല്ലി: കഴിഞ്ഞ രണ്ട് മാസത്തോളം പനവല്ലിയിലും പരിസര പ്രദേശങ്ങളിലും ഭീതിവിതച്ച കടുവയെ മയക്കുവെടിവെച്ച് പിടികൂടുന്നതിനുള്ള ശ്രമം തുടങ്ങി. ഇന്നലെ ഉച്ചയോടെ കടുവയെ മയക്കുവെടിവെച്ചു പിടികൂടുന്നതിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കിയതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ വനപാലകസംഘം പനവല്ലി മേഖലയിലെ എസ്റ്റേറ്റുകളും മറ്റും കേന്ദ്രീകരിച്ച് തിരച്ചില്‍ ആരംഭിച്ചു. മുത്തങ്ങയില്‍നിന്നുള്ള വെറ്ററിനറി ഓഫീസര്‍ ഡോ.അജീഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള 20 അംഗ മയക്കുവെടി സംഘം നോര്‍ത്ത് വയനാട് ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍, സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്ന ഉള്‍പ്പെടെയുള്ള വനപാലകരുമായി ആശയവിനിമയം നടത്തിയാണ് തിരച്ചില്‍ ആരംഭിച്ചത്. ആഴ്ചകള്‍ക്ക് മുന്‍പ് ആദണ്ഡ, സര്‍വ്വാണി, പുഴക്കര എന്നിവിടങ്ങളില്‍ കൂട് സ്ഥാപിച്ചിരുന്നെങ്കിലും കടുവ കൂട്ടില്‍ കുടുങ്ങിയില്ല. ഇതോടെയാണ് മയക്ക് വെടി വെക്കാന്‍ തീരുമാനമായത്.
കഴിഞ്ഞ രണ്ട് ദിവസമായി വനംവകുപ്പ് പ്രദേശത്ത് സ്ഥാപിച്ച ക്യാമറകളില്‍ കടുവയുടെ ചിത്രം പതിഞ്ഞില്ലെങ്കിലും ഇന്നലെ രാവിലെ കടുവ വയല്‍ മുറിച്ച് കടന്ന് പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. മുന്‍പ് പതിഞ്ഞ ചിത്രങ്ങളെല്ലാം ഒരേ കടുവയുടെ ചിത്രമാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം പുഴക്കര കോളനിയിലെ കയമയുടെ വീട്ടില്‍ കടുവ പട്ടിയെ ഓടിച്ച് കയറ്റുകയും വീട്ടുകാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടുകയുമായിരുന്നു. ഇതോടെ പ്രദേശത്ത് വനം വകുപ്പിനെതിരെ പ്രതിഷേധം ശക്തമാകുകയും നടപടികള്‍ വേഗത്തിലാവുകയും ചെയ്തത്.
കടുവയെ മയക്കുവെടിവെച്ച് പിടികൂടുന്നതിനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയതായി നോര്‍ത്ത് വയനാട് ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍ പറഞ്ഞു. പ്രദേശത്ത് സ്ഥാപിച്ച് ക്യാമറകളില്‍ നിന്നും ലഭിച്ച ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് ഒരു കടുവ മാത്രമേ ഉള്ളുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അവയെ കണ്ടെത്തി മയക്കുവെടിവെച്ച് പിടികൂടാനുള്ള ടീം സജ്ജമായിട്ടുണ്ട്.
തിങ്കളാഴ്ച തന്നെ ഇവരുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് പിടികൂടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡിഎഫ്ഒ പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍