കണ്ണിലെണ്ണയൊഴിച്ച് മൂന്ന് കൂടുകളുമായി നാട്ടുകാരും വനപാലകരും..! പിടികൊടുക്കാതെ കടുവകള്‍

പനവല്ലി: കടുവയുടെ ശല്യം രൂക്ഷമായി തുടരുന്ന തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി മേഖലയില്‍ വനംവകുപ്പ് മൂന്ന് കൂടുകള്‍ സ്ഥാപിച്ചിട്ടും പിടികൊടുക്കാതെ കടുവകള്‍ നിര്‍ഭയം വിലസുന്നു. രണ്ട് കൂടുകള്‍ സ്ഥാപിച്ചിട്ടും കടുവയെ പിടികൂടാന്‍ കഴിയാത്തതിനാല്‍ പനവല്ലി ആദണ്ടയില്‍ രണ്ട് ദിവസം മുന്‍പ് മൂന്നാമതൊരു കൂടും സ്ഥാപിച്ചിരുന്നു.
ഇതോ 200 മീറ്റര്‍ ചുറ്റളവില്‍ 3 കൂടുകളാണ് ഇരയൊരുക്കി കടുവക്കായി കാത്തിരിക്കുന്നത്. ഇതിനിടെ കടുവയ്ക്കായി വെച്ച നിരീക്ഷണ ക്യാമറയില്‍ പുള്ളിപുലിയുടെ ചിത്രം പതിഞ്ഞതായും പറയുന്നുണ്ട്.
ജൂണ്‍ 23ന് ഇവിടെ നിന്നും ഒരു കടുവ വനംവകുപ്പിന്റെ കൂട്ടിലകപ്പെട്ടിരുന്നു. പിന്നീട് ചെറിയ ഇടവേളയ്ക്ക് ശേഷം കടുവകള്‍ വിലസുന്ന സ്ഥിതിവിശേഷമാണ് ഇവിടെയുണ്ടായത്.
പ്രദേശത്തു മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്ക് ഇല്ലാത്തതിനാല്‍ കടുവ കൂട്ടില്‍ വീണാലോ, മറ്റ് അപകടം ഉണ്ടായാലോ പുറം ലോകത്തേക്ക് അറിയിക്കാന്‍ രണ്ട് കിലോമീറ്ററെങ്കിലും സഞ്ചരിക്കേണ്ട ഗതികേടിലാണ് തങ്ങളെന്നും നാട്ടുകാര്‍ പറയുന്നു.
ഇതുവരെ ഇരുപതോളം വളര്‍ത്തുനായ്ക്കളെ കടുവ കൊന്നിട്ടുള്ളതായി ഇവര്‍ പറയുന്നു. കഴിഞ്ഞയാഴ്ച ആദണ്ടയിലെ വാഴേപ്പറമ്പില്‍ കുര്യന്റെയും പാറയ്ക്കല്‍ ശശിയുടെയും വീടുകളില്‍ കടുവയെത്തിയിരുന്നു.ഇതിനെ തുടര്‍ന്ന്
ഉത്തരമേഖല ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് കെ.എസ്. ദീപയും നോര്‍ത്ത് വയനാട് ഡി.എഫ്.ഒ. മാര്‍ട്ടിന്‍ ലോവലും സ്ഥലത്തെത്തി വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇതിനിടെ നാട്ടുകാര്‍ രാപകല്‍ സമരത്തിന് ഒരുങ്ങിയിരുന്നു. എന്നാല്‍ സി പി എം നേതൃത്വം വനം മന്ത്രിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ കടുവയെ പിടികൂടാന്‍ മയക്കുവെടി വെക്കുമെന്നുള്ള ഉറപ്പ് ലഭിച്ചതിനാലാണ് പ്രതിഷേധം മാറ്റിവെച്ചത്. മയക്കുവെടി വെക്കാനുള്ള പ്രാഥമിക നടപടി ക്രമങ്ങള്‍ ആരംഭിച്ചതായി വനം വകുപ്പ് പറഞ്ഞു. ഒരാഴ്ചക്കുള്ളില്‍ നടപടിയൊന്നും ആയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് നാട്ടുകാരുടെ തീരുമാനം


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍