എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന; പതിനായിരം രൂപ പിഴ ചുമത്തി

കല്‍പ്പറ്റ: മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ ജില്ലയില്‍ രൂപീകരിച്ച ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പരിശോധന തുടങ്ങി. പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കുകയും വില്‍പ്പന നടത്തുകയും ചെയ്ത സ്ഥാപനങ്ങള്‍ക്കെതിരെ 10,000 രൂപ പിഴ ചുമത്തി. വൈത്തിരി, മാനന്തവാടി, വെള്ളമുണ്ട പഞ്ചായത്ത് പരിധിയില്‍ നടത്തിയ പരിശോധനയിലാണ് നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ സ്‌ക്വാഡ് പിടിച്ചെടുത്തത്. നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കുക, വിപണനം ചെയ്യുകയും ചെയ്ത കടകള്‍ക്ക് നോട്ടീസ് നല്‍കുകയും പിഴയിടാക്കുകയും ചെയ്തു. കുറ്റം ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കല്‍ അടക്കമുള്ള നിയമനടപടികളിലേക്ക് കടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍, മാലിന്യങ്ങള്‍ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങള്‍, മാലിന്യ സംസ്‌ക്കരണം കൃത്യമായ രീതിയില്‍ നടത്താത്ത സ്ഥാപനങ്ങള്‍ എന്നിവ പരിശോധനയ്ക്ക് വിധേയമാക്കും. പ്ലാസ്റ്റിക് മാലിന്യം കത്തിക്കുക, മാലിന്യങ്ങള്‍ തരംതിരിക്കാതെ പൊതുസ്ഥലത്ത് കൂട്ടിയിടുകയോ വലിച്ചെറിയുകയോ ചെയ്യുക എന്നിവക്കെതിരെയും നടപടിയുണ്ടാകും. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലാ ശുചിത്വ മിഷന്‍ ഓഫിസാണ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ശുചിത്വ മിഷന്‍, വയനാട്, അഫാസ് അപ്പാര്‍ട്ട്‌മെന്റ്‌സ്, കല്‍പ്പറ്റ-673122 എന്ന വിലാസത്തിലോ wastecomplaintswnd@gmail.com എന്ന ഇ-മെയിലിലോ അറിയിക്കാം. ഫോണ്‍: 04936 203223, 9947952177.
ക്യാരിബാഗ്, ഡിസ്‌പോസിബിള്‍ ഗ്ലാസ്സ്, പ്ലേറ്റ് നിരോധനം നീക്കിയിട്ടില്ല
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ക്യാരിബാഗ്, ഡിസ്‌പോസിബിള്‍ ഗ്ലാസ്സ് പ്ലേറ്റ് എന്നിവയുടെ നിരോധനം നീക്കിയിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അധികൃതര്‍ അറിയിച്ചു. നിലവില്‍ കച്ചവടക്കാരോട് ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം ഇല്ലെന്ന തരത്തില്‍ മൊത്ത വിതരണക്കാര്‍ വ്യാജ പ്രചരണം നടത്തുന്നുണ്ടെന്ന് ചില്ലറ വില്‍പ്പന വ്യാപാരികള്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിനെ അറിയിച്ചു. 500 മില്ലി ലിറ്ററില്‍ താഴെയുള്ള കുടിവെള്ള കുപ്പികള്‍ വില്‍ക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍