ജി 20 ഉച്ചകോടിക്ക് ഇന്തോനേഷ്യയില്‍ തുടക്കം; ഗ്രൂപ്പ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ ഇന്ത്യ
ഇന്തോനേഷ്യയുടെ തലസ്ഥാനമായ ബാലിയില്‍ ഇന്ന് തുടങ്ങുന്ന ജി 20 ഉച്ചകോടിയില്‍ ഇന്ത്യ ഗ്രൂപ്പിന്റെ നേതൃസ്ഥാനം ഏറ്റെടുക്കും. ഡിസംബര്‍ ഒന്നാണ് ഇന്ത്യ ഗ്രൂപ്പിന്റെ നേതൃസ്ഥാനം ഏറ്റെടുക്കുക. ഇത്തവണത്തെ ജി 20 ഉച്ചകോടിയില്‍ ആരോഗ്യം, ഊര്‍ജസുരക്ഷ, സാങ്കേതികമാറ്റം എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. റഷ്യ, യുക്രൈന്‍ സംഘര്‍ഷവും ചര്‍ച്ചയായേക്കും. ബാലിയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി സമ്മേളനത്തിനിടെ കൂടിക്കാഴ്ച നടത്തിയ ചിത്രം മോദി ട്വിറ്ററില്‍ പങ്കുവച്ചു.
'പ്രധാനമന്ത്രി മോദി ജി 20 ലേക്ക് വരുന്നത് പ്രധാനമാണ്, കാരണം, ഇന്ത്യ ഇന്തോനേഷ്യയില്‍ നിന്ന് ജി 20 പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ പോകുന്നു.' ഇന്ത്യന്‍ അംബാസഡര്‍ മനോജ് കുമാര്‍ ഭാരതി പറഞ്ഞു. ഇന്ത്യയുടെ G20 നേതൃസ്ഥാനത്തിന്റെ തീം 'വസുധൈവ കുടുംബകം' അല്ലെങ്കില്‍ 'ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി' എന്നതാണ്. ഇന്ത്യ ഇതിലൂടെ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഐക്യത്തിന്റെ ചാലക ശക്തിയായി നില്‍ക്കും. റഷ്യയുടെ യുക്രൈന്‍ അധിനിവേഷത്തോടെ ലോകത്ത് പ്രതിസന്ധിയും അരാജകത്വവും നിലനില്‍ക്കുന്ന സമയത്താണ് ഇന്ത്യയുടെ ജി 20 അധ്യക്ഷസ്ഥാനം വരുന്നതെന്ന് യുക്രൈനിലെ സംഘര്‍ഷത്തെ പരാമര്‍ശിച്ച് പ്രധാനമന്ത്രി നേരത്തെ സൂചിപ്പിച്ചിരുന്നു.
ആയുധങ്ങളുടെയും ഊര്‍ജത്തിന്റെയും പ്രധാന വിതരണക്കാരായ റഷ്യയുമായുള്ള അടുത്ത ബന്ധത്തെച്ചൊല്ലി ഇന്ത്യയ്ക്ക് നേരെയുള്ള വലിയ തോതിലുള്ള സമ്മര്‍ദ്ദത്തിന് യുഎസ് തയ്യാറായിട്ടില്ല. ചൈനയ്ക്കെതിരെ സൈനികമായും സാമ്പത്തികമായും നിലകൊള്ളുന്നതിനാല്‍ ജപ്പാനും ഓസ്ട്രേലിയയും ഉള്‍പ്പെടുന്ന ഗ്രൂപ്പുമായും യുഎസിനോടും അടുക്കാന്‍ ഇന്ത്യ ശ്രമം നടത്തുന്നുമുണ്ട്. 'ഇത്തരം നിര്‍ണായക ഘട്ടത്തില്‍ ജി 20 അധ്യക്ഷസ്ഥാനം ഏറ്റെടുക്കുക എന്നത് ഒരു വെല്ലുവിളി നിറഞ്ഞ ദൗത്യമാണ്,' ഈ വെല്ലുവിളിയെ ഇന്ത്യ അവസരമാക്കി മാറ്റാന്‍ ശ്രമിക്കുമെന്ന് ജി 20 യുടെ ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ അമിതാഭ് കാന്ത് സൂചിപ്പിച്ചു. കാലാവസ്ഥാ പ്രവര്‍ത്തനം, ഊര്‍ജ സുരക്ഷ, ശക്തമായ പൊതുജനാരോഗ്യ സംവിധാനങ്ങള്‍, 2030 -ലെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ത്വരിതപ്പെടുത്തല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇന്ത്യ അധ്യക്ഷപദവി ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജി20 ഉച്ചകോടിയില്‍ ഭക്ഷ്യ - ഊര്‍ജ്ജ സുരക്ഷ, ഡിജിറ്റല്‍ പരിവര്‍ത്തനം, ആരോഗ്യം എന്നീ മൂന്ന് പ്രധാന സെഷനുകളില്‍ മോദി പങ്കെടുക്കും. പുനരുപയോഗ ഊര്‍ജം, ഡിജിറ്റല്‍ വിപ്ലവം തുടങ്ങിയ വിഷയങ്ങള്‍ ഇന്ത്യ ഉന്നയിക്കും. ആരോഗ്യം, കൃഷി, പകര്‍ച്ചവ്യാധിയാനന്തര സാമ്പത്തിക വീണ്ടെടുക്കല്‍, ഊര്‍ജം, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളിലെ പ്രധാന ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് ഉച്ചകോടിയില്‍ പ്രധാനമന്ത്രി മുന്നോട്ട് വയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നിരവധി നേതാക്കളുമായി പ്രത്യേക ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്തും എന്നാല്‍, ചൈനീസ് പ്രസിഡന്റ് ഷിയുമായി കൂടിക്കാഴ്ച നടത്തുമോയെന്നതില്‍ അവ്യക്തയുണ്ട്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് തുടങ്ങി 20 രാജ്യങ്ങളില്‍ നിന്നുള്ളവരും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള തലവന്മാരും ബാലിയില്‍ എത്തിയിട്ടുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍