കൊവിഡ്;ദൈനംദിന കണക്കുകള്‍ കൈമാറാത്ത സ്വകാര്യ ആശുപത്രികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ പുതിയ നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്. സ്വകാര്യ ആശുപത്രികള്‍ 50 ശതമാനം കിടക്കകള്‍ കൊവിഡ് ബാധിതര്‍ക്കായി മാറ്റിവയ്ക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ദൈനംദിന കണക്കുകള്‍ സ്വകാര്യ ആശുപത്രികള്‍ കൈമാറണം. വിവരങ്ങള്‍ കൈമാറാത്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.
ഇന്ന് സംസ്ഥാനത്ത് 45000ത്തിലധികം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്ന് 45136 പേര്‍ക്ക് രോഗം ബാധിച്ചു. 70 മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,735 സാമ്പിളുകള്‍ പരിശോധിച്ചു. 44.80 ആണ് ടിപിആര്‍. എറണാകുളം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 44.8 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 21324 പേര്‍ രോഗമുക്തി നേടി. നിലവില്‍ 2,47,227 പേരാണ് ചികിത്സയിലുള്ളത്.
എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര്‍ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട് 2607, മലപ്പുറം 2431, ആലപ്പുഴ 2168, പത്തനംതിട്ട 2012, കണ്ണൂര്‍ 1673, ഇടുക്കി 1637, വയനാട് 972, കാസര്‍ഗോഡ് 623 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
അതേസമയം കൊവിഡ് വ്യാപനത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്ന് രംഗത്തെത്തി. കൊവിഡ് അതിവേഗം പടരുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നിസംഗത പുലര്‍ത്തുന്നു. മൂന്നാം തരംഗത്തെ നേരിടാന്‍ സര്‍ക്കാര്‍ ഒന്നും ചെയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ പക്കല്‍ ആക്ഷന്‍ പ്ലാനൊന്നുമില്ല. ആശുപത്രികളില്‍ പോലും അടിസ്ഥാന സൗകര്യങ്ങളില്ല. മൂന്നാം തരംഗത്തില്‍ സ്വകാര്യ ആശുപത്രികളാണ് ജനത്തിന് ആശ്രയമാകുന്നത്. പാവപ്പെട്ടവര്‍ക്ക് ഒരു സൗകര്യവുമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍