പ്രളയത്തില്‍ മുങ്ങിയ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഡ്യൂട്ടിക്കെത്താതിന് ഉദ്യോഗസ്ഥര്‍ക്ക് കുറ്റപത്രം; മനുഷ്യാവകാശ ലംഘനമെന്ന് ഉദ്യോഗസ്ഥര്‍

വയനാട് പ്രളയത്തില്‍ മുങ്ങിയ സമയത്ത് മാനന്തവാടി താഴയങ്ങാടിയിലെ കെഎസ്ആര്‍ടി ഡിപ്പോയില്‍ ജോലിക്കെത്താതിരുന്ന ഉദ്യോഗസ്ഥര്‍ക്ക് മേലുദ്യോഗസ്ഥരുടെ കുറ്റപത്രം. ആഗസ്റ്റ് 16 മുതല്‍ 18 വരെ ഡിപ്പോയാകെ വെള്ളത്തില്‍ മുങ്ങിയ അവസ്ഥയില്‍ സര്‍വ്വീസ് നടത്താതിരുന്ന കെഎസ്ആര്‍ടിസി മാനന്തവാടി ഡിപ്പോയിലെ സീനിയര്‍ സൂപ്രണ്ട് സുധീര്‍ റാം, ക്യാഷ് സൂപ്രണ്ട് പി ഗീത, കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ മമ്മു കുനിങ്ങാരത്ത് എന്നിവര്‍ക്കാണ് കെഎസ്ആര്‍ടിസി വിജിലന്‍സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ ഡിപ്പോ ഭാഗികമായി മുങ്ങിയ അവസ്ഥയില്‍ യാതൊരു കാരണവശാലും ഡിപ്പോയില്‍ പ്രവേശിക്കാന്‍ പറ്റാത്ത സാഹചര്യമാണുണ്ടായിരുന്നതെന്നും ജീവഹാനിവരെ സംഭവിച്ചേക്കാമെന്ന അവസ്ഥയുള്ളതിനാലാണ് തങ്ങള്‍ ജോലിക്ക് ഹാജരാകാതിരുന്നതെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വ്യക്തമായ തെളിവുകളുണ്ടായിട്ടും തങ്ങള്‍ക്കെതിരെയുള്ള നടപടി മനുഷ്യാവകാശലംഘനമാണെന്നും ഇവര്‍ പറയുന്നു.
റവന്യപോലീസ്‌നാട്ടുകാരുള്‍പ്പെടെ തങ്ങളോട് ഡിപ്പോയിലേക്ക് പോകരുതെന്നും അപകടഭീഷണിയുണ്ടെന്നും പറഞ്ഞതിനാലാണ് ഡിപ്പോയിലേക്ക് പോകാന്‍ കഴിയാതെ വന്നത്. കൂടാതെ ഡിപ്പോയിലെത്തുന്നതിന് ബോട്ടോ മറ്റ് സൗകര്യങ്ങളോ വേണ്ടി വരുന്ന അവസ്ഥയുമായിരുന്നു. ആ ദിവസങ്ങളില്‍ താഴെയങ്ങാടി റോഡും, പാണ്ടിക്കടവ് റോഡും വെള്ളം കയറി യാത്രായോഗ്യമല്ലാത്ത അവസ്ഥയിലുമായിരുന്നു. ടിക്കറ്റുകള്‍, ടിക്കറ്റ് മെഷിനുകള്‍ എല്ലാംതന്നെ കെട്ടിടത്തിന്റെ ഓഫീസിലാണ് സൂക്ഷിച്ചിരുന്നത്. കെട്ടിടത്തിന്റെ പരിസരത്താകട്ടെ ഒരാള്‍പൊക്കത്തില്‍ വെള്ളമുയര്‍ന്നിരിക്കുകയുമായിരുന്നു. ഈ സാഹചര്യമെല്ലാം മുന്‍നിര്‍ത്തിയാണ് അന്ന് സര്‍വ്വീസുകള്‍ നടത്താന്‍ കഴിയാതെ വന്നത്. ഇക്കാര്യമെല്ലാംതന്നെ ഉദ്യോഗസ്ഥര്‍ മേല്‍ ഉദ്യോഗസ്ഥരെ ധരിപ്പിക്കുകയും ചെയ്തതാണ്.
എന്നാല്‍ മാനന്തവാടി ഡിപ്പോയിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചവന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ജില്ല മുഴുവന്‍ പ്രളയക്കെടുതിയില്‍ വലയുമ്പോള്‍ പൊതുജനത്തിന് ഉപകാരമാകും വിധത്തില്‍ വേണ്ട സര്‍വ്വീസ് നടത്താന്‍ മേല്‍ പ്രസ്താവിച്ച ഉദ്യോഗസ്ഥര്‍ മൂവരും ശ്രമിച്ചില്ലെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. 17ാം തീയതി രാവിലെയുള്ള ഒരു സര്‍വ്വീസും നടത്തിയിട്ടില്ലെന്നും, തലേദിവസത്തെ ടിക്കറ്റ് റാക്കുകള്‍ ഉപയോഗിച്ച് അടിയന്തിര പ്രാധാന്യമുള്ള റൂട്ടിലും, അപകടഭീഷണിയില്ലാത റൂട്ടുകളിലും ബസ് സര്‍വ്വീസ് നടത്താമെന്നിരിക്കെ അതിനുവേണ്ട ജീവനക്കാരെ ഡ്യൂട്ടിയില്‍ നിയമിക്കാത്തതുമൂലം സര്‍വ്വീസുകള്‍ റദ്ദായത് ഗുരുതവരവീഴ്ചയാണെന്നും കുറ്റപത്രത്തില്‍ പ്രസ്താവിക്കുന്നു.
ചുരുക്കത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വന്നിരിക്കുന്ന വീഴ്ചയില്‍ അവര്‍ കുറ്റക്കാരാണെന്നും ശിക്ഷാര്‍ഹരാണെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.എന്നാല്‍ കഴുത്തൊപ്പം വെള്ളത്തില്‍ ഡ്യൂട്ടിയെടുക്കാന്‍ പറയുന്നത് പോലെയുള്ള നിര്‍ദ്ദേശമാണ് മേല്‍ ഉദ്യോഗസ്ഥരുടേതെന്നും, പ്രളയഭീഷണിയില്‍ വയനാട് മരവിച്ചുകഴിയുമ്പോള്‍ ദുരന്തസാഹചര്യം മുന്‍നിര്‍ത്തി ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാതിരുന്ന തങ്ങളോട് കെംഎസ്ആര്‍ടിസി മേലുദ്യോഗസ്ഥര്‍ കാണിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍