ഹയര്‍ സെക്കന്‍ഡറിയില്‍ വയനാട് ജില്ലയ്ക്ക് 72.72 ശതമാനം വിജയം; വി.എച്ച്.എസ്.ഇയില്‍ സംസ്ഥാനത്ത് ഒന്നാമത്
കല്‍പ്പറ്റ: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ വയനാട് ജില്ലയ്ക്ക് 72.72 ശതമാനം വിജയം. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും ഉയര്‍ന്ന വിജയ ശതമാനമായ 87.30 ആണ് വയനാട് ജില്ലയ്ക്ക് ലഭിച്ചത്. ഹയര്‍ സെക്കന്‍ഡറിയില്‍ വിവിധ സ്ട്രീമുകളിലായി 636 പേര്‍ എല്ലാ വിഷയങ്ങളില്‍ എ പ്ലസ് ഗ്രേഡ് നേടി. ജില്ലയിലെ 60 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്ന് രജിസ്റ്റര്‍ ചെയ്ത 9411 വിദ്യാര്‍ത്ഥികളില്‍ 9289 പേരാണ് പരീക്ഷയെഴുതിയത്. ഇവരില്‍ 6755 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ ജില്ലയില്‍ നിന്ന് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത 463 പേരില്‍ 452 പേര്‍ പരീക്ഷയെഴുതുകയും 310 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടുകയും ചെയ്തു. 68.58 ശതമാനമാണ് ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തിലെ വിജയം. അഞ്ച് പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുകയും ചെയ്തു.
ജില്ലയില്‍ മൂന്ന് സ്‌കൂളുകളാണ് ഹയര്‍ സെക്കന്‍ഡറിയില്‍ 100 ശതമാനം വിജയം നേടിയത്. 49 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ അമ്പുകുത്തി എം.ജി.എം എച്ച്.എസ്.എസ്, എട്ട് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ എടത്തന ഗവ. ടി.എച്ച്.എസ്.എസ്, 14 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ പൂമല സെന്റ് റോസല്ലാസ് സ്പീച്ച് ആന്റ് ഹിയറിങ് എച്ച്.എസ്.എസ് എന്നീ വിദ്യാലയങ്ങളാണ് 100 ശതമാനം വിജയം നേടിയത്. ഇതിനുപുറമെ 11 സ്‌കൂളുകളില്‍ 90 ശതമാനത്തിന് മുകളില്‍ വിജയമുണ്ട്. 15 സ്‌കൂളുകളാണ് 80 ശതമാനത്തിലധികം വിജയം നേടിയത്. ജില്ലയില്‍ ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ മീനങ്ങാടി ഗവ. എച്ച്.എസ്.എസിന് 89.38 ശതമാനമാണ് വിജയം. ഇവിടെ പരീക്ഷയെഴുതിയ 320 പേരില്‍ 286 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി.
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ജില്ലയിലെ 10 സ്‌കൂളുകളില്‍ നിന്ന് ആകെ പരീക്ഷയെഴുതിയ 740 പേരില്‍ 646 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 87.30 ശതമാനമാണ് ജില്ലയുടെ വിജയം. സംസ്ഥാനത്ത് ഏറ്റവും കുറച്ച് പേര്‍ വി.എച്ച്.എസ്.ഇ പരീക്ഷയെഴുതിയത് വയനാട് ജില്ലയില്‍ നിന്നായിരുന്നു. ജില്ലയില്‍ ഒരു വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനാണ് നൂറുമേനി വിജയമുള്ളത്. 59 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ മാനന്തവാടി ഗവ. വി.എച്ച്.എസ്.എസിനാണ് 100 ശതമാനം വിജയം. വാകേരി ഗവ. വി.എച്ച്.എസ് 97.73 ശതമാനവും വെളിയമ്പ്രം ദേവി വിലാസം വി.എച്ച്.എസ്.എസ് 96.36 ശതമാനവും വിജയം നേടി. ജില്ലയില്‍ ഏറ്റവുമധികം കുട്ടികള്‍ പരീക്ഷയെഴുതിയ അമ്പലവയല്‍ ഗവ. വി.എച്ച്.എസ്.എസിന് 92.31 ശതമാനമാണ് വിജയം. ഇവിടെ പരീക്ഷയെഴുതിയ 117 പേരില്‍ 108 പേരും ഉപരിപഠനത്തിന് അര്‍ഹത നേടി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
