മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ അതിശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം കാലവര്‍ഷത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കും.
നാളെ മധ്യ തെക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്.നാളെ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. എറണാകുളം, ഇടുക്കി കോട്ടയം, പത്തനംതിട്ട കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.
അതേസമയം, മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ പല ഇടങ്ങളിലും നാശനഷ്ടമുണ്ടായി. കനത്ത മഴയില്‍ അച്ചന്‍കോവില്‍ ആറ്റിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കോന്നി ആവണിപ്പാറ ഉന്നതിയില്‍ മുപ്പത്തിയഞ്ചോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു.
പത്തനംതിട്ട ചിറ്റാറില്‍ കനത്ത മഴയിലും കാറ്റിലും മരംവീണ് വീട് ഭാഗികമായി തകര്‍ന്നു. കോഴിക്കോട് താമരശ്ശേരിയില്‍ കനത്ത മഴയെ തുടര്‍ന്ന് മതില്‍ ഇടിഞ്ഞുവീണു. വീടിനോട് ചേര്‍ന്ന ഷെഡിന്റെ മുകളിലേക്കാണ് മതില്‍ ഇടിഞ്ഞുവീണത്. അപകടത്തില്‍ ആളപായമില്ല. ഫോര്‍ട്ട്‌കൊച്ചി അമരാവതിയില്‍ ശക്തമായ കാറ്റില്‍ ആല്‍മരം കടപുഴകി വീണു വാഹനം തകര്‍ന്നു. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ് ഉണ്ട്. കൊച്ചി ചെല്ലാനം കണ്ണമാലിയിലും എടവനക്കാടും കടല്‍ കയറ്റം രൂക്ഷമായി. പഴങ്ങാട് ഭാഗത്ത് നിരവധി വീടുകളില്‍ വെള്ളം കയറി. ഈ പ്രദേശത്ത് കടലാക്രമണം തടയാന്‍ 15 ദിവസത്തിനുള്ളില്‍ കടല്‍ഭിത്തി നിര്‍മ്മിക്കുമെന്ന് കളക്ടര്‍ വാക്ക് നല്‍കിയെങ്കിലും പാലിക്കപ്പെട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍