കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം

പുല്‍പ്പള്ളി: വേലിയമ്പം, മരകാവ്, മൂഴിമല, കൊളറാട്ടുകുന്ന് പ്രദേശങ്ങളില്‍ കര്‍ഷകരുടെ കൃഷിയിടത്തില്‍ കാട്ടാനകള്‍ വ്യാപകമായ നാശംവിതച്ചു. ബുധനാഴ്ച രാത്രിയില്‍ മരകാവ് പുത്തന്‍കുടിയില്‍ സണ്ണിയുടെ പറമ്പില്‍ ഇറങ്ങിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. കായ് ഫലമുളള തെങ്ങ് ചുവടോടെ മറിച്ചിട്ടു. കായ്ക്കാറായ തെങ്ങുകള്‍, 20 ഓളം വാഴകള്‍, കാപ്പിച്ചെടികള്‍, കുരുമുളക് ചെടികള്‍ എന്നിവ ചവിട്ടിയും ഒടിച്ചും നശിപ്പിച്ചു. മണിക്കൂറുകളോളം പറമ്പില്‍ ചിലവഴിച്ച കാട്ടാനകള്‍ വ്യാപകമായ നാശമാണ് വരുത്തിവെച്ചത്. കഴിഞ്ഞവര്‍ഷവും ഇതേപോലെ ആന സ്ഥലത്തെത്തി വലിയ നാശം വരുത്തിയിരുന്നു. സമീപ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലും കാട്ടാന കൃഷി നാശം വരുത്തിവച്ചിട്ടുണ്ട്. കഴിഞ്ഞ കുറേ ദിവസങ്ങളായി മരകാവ് ഭാഗത്ത് വലിയ തോതിലാണ് കാട്ടാനകള്‍ ഇറങ്ങി നടക്കുന്നത്. പുറ്റനാല്‍ ഷാജു, ചാലക്കുടി വില്‍സണ്‍, ചാലക്കുടി ജോര്‍ജ്, കാട്ടിയില്‍ വക്കച്ചന്‍, ജയിന്‍ ചിമ്മിനിക്കാട്ട്, ജോയി ചിമ്മിനികാട്ട്, ജയചന്ദ്രന്‍ വെങ്ങിണി ശ്ശേരി, ഗംഗന്‍ കൊട്ടമുരട്ട് തുടങ്ങി നിരവധി കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നാശനഷ്ടം വരുത്തിയാണ് കാട്ടാനകള്‍ പ്രദേശത്ത് വിഹരിക്കുന്നത്.കാട്ടാനകളെ തടയുന്നതിന് ഒരു സംവിധാനവും ഇപ്പോള്‍ നിലവിലില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
നിലവിലുണ്ടായിരുന്ന ഫെന്‍സിങ് പുതിയവ നിര്‍മ്മിക്കുന്നതിന് വേണ്ടി നീക്കം ചെയ്തു.മാത്രമല്ല ട്രെഞ്ചുകള്‍ പൂര്‍ണമായിത്തന്നെ തകര്‍ന്ന് കിടക്കുകയാണ്. അതുവഴി യഥേഷ്ടം നാട്ടിലേക്ക് ആനകള്‍ക്ക് കടന്നുവരാന്‍ വഴിയൊരുങ്ങിയിരിക്കുകയാണ്. കര്‍ഷകര്‍ക്ക് എന്തെങ്കിലും പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് ഒരു നടപടിയും നിലവിലില്ല. രാത്രിയാകുന്നതോടെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്ന കാട്ടാനകള്‍ നേരം പുലര്‍ന്നിട്ടാണ് തിരിച്ചു പോകുന്നത്.
വേലിയമ്പം മരകാവ് ചെറുവള്ളി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടാനകള്‍ ഒരുമിച്ചാണ് എത്തുന്നത് .ഓടിക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ക്കെതിരെ കാട്ടാന പലപ്പോഴും തിരിഞ്ഞുനിന്ന് ചിഹ്നം വിളിക്കുന്നത് നാട്ടുകാരില്‍ ഭീതി വളര്‍ത്തിയിട്ടുണ്ട്. കനത്ത മഴയുള്ള രാത്രികളില്‍ ഇവ കൃഷിയിടത്തില്‍ ഇറങ്ങി നശിപ്പിക്കുന്നത് തടയാന്‍ കര്‍ഷകര്‍ക്ക് സാധിക്കുന്നില്ല. വര്‍ഷങ്ങളായി കൃഷിചെയ്തുണ്ടാക്കുന്ന എല്ലാ വിളകളും കാട്ടാനകള്‍ നിമിഷം നേരം കൊണ്ട് തകര്‍ത്തു തരിപ്പണമാക്കി കടന്നു പോകുന്നത് നിസ്സഹാരായി നോക്കിനില്‍ക്കാനേ കര്‍ഷകര്‍ക്ക് സാധിക്കുന്നുളളു. വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍