പനമരം ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിന്; മുസ്ലിം ലീഗിന്റെ ലക്ഷ്മി ആലക്കമുറ്റം പ്രസിഡന്റ്
പനമരം: പനമരം ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിന്. മുസ്ലിം ലീഗിന്റെ ലക്ഷ്മി ആലക്ക മുറ്റം പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.എല്‍ ഡി എഫ് നിര്‍ദേശിച്ച രജിത വിജയനെ പത്തിനെതിരെ 12 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലക്ഷ്മി പ്രസിഡന്റ് സ്ഥാനം കരസ്ഥമാക്കിയത്.22-ാം വാര്‍ഡ് വെള്ളരി വയലില്‍ നിന്നും വിജയിച്ച അംഗമാണ് ലക്ഷ്മി. നേരത്തെ ജനതാദള്‍ സെക്കുലര്‍ സ്ഥാനാര്‍ത്ഥിയായി വിജയിച്ച ബെന്നി ചെറിയാന് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ലക്ഷ്മി വിജയിച്ചത്.
23 അംഗങ്ങള്‍ ഉള്ള പനമരം ഗ്രാമപഞ്ചായത്തില്‍ നേരത്തെ എല്‍ഡിഎഫ് 11, യുഡിഎഫ് 11, ബിജെപി 1 എന്നിങ്ങനെയായിരുന്നു കക്ഷി നില. യുഡിഎഫിനും എല്‍ഡിഎഫിനും തുല്യവോട്ട് കിട്ടിയതോടെ നറുക്കെടുപ്പിലൂടെയായിരുന്നു നേരത്തെ എല്‍ഡിഎഫ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കാലാവധി പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെ അവിശ്വാസ പ്രമേയത്തിലൂടെയായിരുന്നു സിപിഐഎം പ്രതിനിധിയെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കിയത്.
യുഡിഎഫിലെ സ്ഥാനാര്‍ത്ഥി തര്‍ക്കം കാരണമായിരുന്നു ഇന്നലെ തിരഞ്ഞെടുപ്പ് നടക്കാതിരുന്നത്. പ്രസിഡന്റ് പദവി ജനറല്‍ വനിതാ സംവരണമാണ്. യുഡിഎഫ് ധാരണപ്രകാരം മുസ്ലിം ലീഗിനാണ് സ്ഥാനം. ലീഗിന് നിലവില്‍ മൂന്ന് വനിതാ അംഗങ്ങളുണ്ട്. പഞ്ചായത്ത് കമ്മിറ്റി നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാന്‍ ഒരു വിഭാഗം തയ്യാറാകാതെ വന്നതോടെ പ്രതിസന്ധി ഉടലെടുക്കുകയായിരുന്നു. പിന്നാലെ ജില്ലാ കമ്മിറ്റി ഇടപെട്ട് ലക്ഷ്മിയെ നിര്‍ദേശിക്കുകയായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍