അമരക്കുനിയിലെ കടുവയെ മൃഗശാലയിലേക്ക് മാറ്റും
കുപ്പാടി: ഇരുളം ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ അമരകുനി പ്രദേശത്ത് നിന്നും വനം വകുപ്പ് കൂട് വെച്ച് പിടികൂടിയ കടുവയെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റാന്‍ ഉത്തരവിറങ്ങി.പിടികൂടിയ കടുവ നിലവില്‍ കുപ്പാടിയിലെ അനിമല്‍ ഹോസ്പിസ് സെന്റര്‍ ആന്റ് പാലിയേറ്റീവ് യൂണിറ്റിലാണുള്ളത്. ഏകദേശം 8 വയസ്സ് പ്രായമുള്ള ഒരു പെണ് കടുവയാണിത്. മുന്‍കാലുകളിലും പിന്‍കാലുകളിലും ചില മുറിവുകളോടെയാണ് കടുവ പിടിയിലായത്. എന്നാല്‍ കുപ്പാടിയിലെ ആനിമല്‍ ഹോസ്പിസ് & പാലിയേറ്റീവ് കെയര്‍ യൂണിറ്റ് അടുത്തിടെ രക്ഷപ്പെടുത്തിയ കടുവകള്‍ ധാരാളമുള്ളതിനാല്‍ അവസാനം പിടികൂടിയ കടുവയ്ക്ക് ശരിയായ വെറ്ററിനറി പരിചരണം നല്‍കുന്നത് ബുദ്ധിമുട്ടായ
പശ്ചാത്തലത്തിലാണ് ഈ കടുവയെ മികച്ച വെറ്ററിനറി പരിചരണം നല്‍കുന്നതിനായി തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റാന്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഉത്തരവിട്ടത്. ജനുവരി 16നാണ് ഈ കടുവ പിടിയിലായത്.
ദേശീയ കടുവ സംരക്ഷണ അതോറിറ്റി, സെന്‍ട്രല്‍ മൃഗശാല അതോറിറ്റി, MOEF&CC എന്നിവ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന് പ്രൊസീജറുകളും അനുസരിച്ചാണ് കടുവയെ മാറ്റുന്നത്.
സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കണ്ണൂരിലെ നോര്‍ത്തേണ്‍ സര്‍ക്കിളിലെ ചീഫ് കണ്‍സര്‍വേറ്ററുടെ മേല്‍നോട്ടത്തിലും മാര്‍ഗ്ഗനിര്‍ദ്ദേശത്തിലുമാണ് കടുവയെ മാറ്റുന്നത്. തിരുവനന്തപുരം മൃഗശാലയിലേക്ക് മൃഗത്തെ മാറ്റുമ്പോള്‍ മുത്തങ്ങയിലെ ആന ക്യാമ്പിലെ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ മൃഗത്തോടൊപ്പം പോകുകയും മൃഗത്തിനുണ്ടാകുന്ന ആഘാതം പരമാവധി കുറയ്ക്കുകയും വേണമെന്നും ഉത്തരവില്‍ പറയുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍