ജനവിധി അംഗീകരിക്കുന്നു: എല്‍ഡിഎഫ്
കല്‍പ്പറ്റ: ലോക്സഭാ ഉപതെരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നതായി എല്‍ഡിഎഫ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. മൂന്ന് മുന്നണികള്‍ക്കും വോട്ടില്‍ കുറവുണ്ടായിട്ടുണ്ട്. എല്‍ഡിഎഫിന് പ്രതീക്ഷിച്ച വോട്ട് നേടാനായില്ല. ഇത് മുന്നണി പരിശോധിക്കും. പോളിങ് ശതമാനം കുറഞ്ഞതാണ് മുന്നണികളുടെ വോട്ട് കുറച്ചത്. അടിച്ചേല്‍പ്പിക്കപ്പെട്ട തെരഞ്ഞെടുപ്പിനോടുള്ള വോട്ടര്‍മാരുടെ നിസ്സംഗതയാണ് പോളിങ് കുറയാന്‍ കാരണം. രാഹുല്‍ ഗാന്ധി മാറി പ്രിയങ്ക വന്നതുകൊണ്ട് മണ്ഡലത്തിന് കൂടുതലായൊന്നും പ്രതീക്ഷിക്കാനില്ല. വയനാടിനെ അവഗണിച്ച രാഹുലിന്റെ അതേ പാതയാണ് പ്രിയങ്കയും പിന്തുടരുകയെന്നത് വോട്ടെണ്ണല്‍ ദിവസംതന്നെ തെളിഞ്ഞെന്നും എല്‍ഡിഎഫ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
വോട്ടെടുപ്പ് കഴിഞ്ഞ ഉടന്‍ മണ്ഡലം വിട്ട പ്രിയങ്ക വോട്ടെണ്ണാന്പോലും എത്തിയില്ല. ഉപതെരഞ്ഞെടുപ്പ് നടന്ന ചേലക്കരയിലും പാലക്കാട്ടും വിജയിച്ച സ്ഥാനാര്‍ഥികളുമായി മുന്നണി പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തിയപ്പോള്‍ വയനാട്ടുകാര്‍ക്ക് അതിനുപോലും സ്ഥാനാര്‍ഥിയെ കിട്ടിയില്ല. ഇത് തെളിയിക്കുന്നത് പ്രിയങ്കയും വല്ലപ്പോഴും വന്നുപോകുന്ന അതിഥി എംപിയായിരിക്കും എന്നതാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളിലെല്ലാം സംസ്ഥാനത്ത് യുഡിഎഫിന് മുന്‍തൂക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് വയനാട് ഉപതെരഞ്ഞെടുപ്പിലുമുണ്ടായത്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇത് പ്രതിഫലിക്കാറില്ല. ചേലക്കര ഫലം അതാണ് തെളിയിക്കുന്നതെന്നും പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി ചെയര്മാന് സി കെ ശശീന്ദ്രനും കണ്‍വീനര്‍ പി പി സുനീറും പ്രസ്താവനയില്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍