നാലു വയസുകാരന്റെ വയറ്റില്‍ ചികിത്സ ഉപകരണം കുടുങ്ങി ഡോക്ടറിനെതിരെ കേസ്; ഡോക്ടറെ മര്‍ദിച്ചതിന് കുട്ടിയുടെ ബന്ധുവിനെതിരെയും കേസ്
പടിഞ്ഞാറത്തറ: കേടായ പല്ല് നന്നാക്കാനെത്തിയ 4 വയസുകാരന്റെ വയറ്റിനകത്ത് ചികിത്സ ഉപകരണത്തിന്റെ ഭാഗം കുടുങ്ങി. മുണ്ടക്കുറ്റി തിരുവങ്ങാടന്‍ വീട്ടില്‍ ഷഹാന - അബ്ബാസ് ദമ്പതികളുടെ മകന് മുഹമ്മദ് അയാന്റെ (4) വയറ്റിലാണ് പടിഞ്ഞാറത്തറ കുനിങ്ങാരത്ത് ഡന്റല്‍ ക്ലിനിക്കില്‍ വെച്ച് എയറോട്ടര് ഉപകരണത്തിന്റെ ബര് അകപ്പെട്ടത്. കുട്ടിയെ ആദ്യം മാനന്തവാടി മെഡിക്കല്‍ കോളേജിലും, പിന്നീട് മേപ്പാടി വിംസിലും പ്രവേശിപ്പിച്ച ശേഷം മലത്തോടൊപ്പം ഉപകരണം പുറത്ത് പോകുമെന്ന ബോധ്യത്തില്‍ നിലവില്‍ നിരീക്ഷണത്തിലാണ്.
കുട്ടിയെ പരിശോധിക്കുന്നതിനിടെ ഡോക്ടറുടെ അശ്രദ്ധമൂലമാണ് ഉപകരണം വയറ്റിലേക്ക് പോയതെന്നാരോപിച്ച്, ഇക്കാര്യം ചോദ്യം ചെയ്ത കുട്ടിയുടെ മാതാവിനോട് ഡോക്ടര്‍ തട്ടിക്കയറി മോശമായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീത്വത്തിന് മാനഹാനി വരുത്തിയതിനും, കയ്യേറ്റം ചെയ്തതിനുമുള്ള വിവിധ വകുപ്പുകള്‍ പ്രകാരം ഡോ.ഹാഷിമിനെതിരെ പോലീസ് കേസെടുത്തു. എന്നാല്‍ ഉപകരണം കുട്ടിയുടെ വായിലേക്ക് വീണത് ശ്രദ്ധയില്‍പ്പെട്ട ഉടനെ പുറത്തെക്കെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ മാതാവ് കുട്ടിയെ ശക്തിയായി കുലുക്കിയതോടെയാണ് ഉപകരണം ശരീരത്തിന്റെ ഉള്ളിലേക്ക് പോയതെന്നും, ആയത് മലവിസര്‍ജന സമയത്ത് പുറത്ത് വരുന്നതാണെന്നും, എങ്കിലും തുടര്‍ ചികിത്സക്കുള്ള സൗകര്യം ഒരുക്കി നല്‍കാമെന്ന് പറഞ്ഞിരുന്നതായും ക്ലിനിക്ക് ഉടമ ഡോ: ഹാഷിം അറിയിച്ചു. ഇക്കാര്യം മുഖവിലക്കെടുക്കാതെ കുട്ടിയുടെ ബന്ധു തന്നെ ക്രൂരമായി മര്‍ദിക്കുകയും, ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിച്ചതായും ഡോക്ടര്‍ പറഞ്ഞു.ഡോക്ടറുടെ പരാതി പ്രകാരം കുട്ടിയുടെ മാതൃപിതാവായ നാന്ദോത്ത് മമ്മൂട്ടിക്കെതിരെയും വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.
പല്ല് ക്ലീന്‍ ചെയ്യുന്നതിനിടെ ഉപകരണം കേടാവുകയും , വലിയ ശബ്ദത്തോടെ പ്രവര്‍ത്തനം സ്തംഭിക്കുകയും,ഇതേ സമയം ഡോക്ടറുടെ അശ്രദ്ധമൂലം ടൂള്‍ കുട്ടിയുടെ വയറ്റിലേക്ക് പോവുകയായിരുന്നുവെന്നുമാണ് മാതാവ് ഷഹാന അബ്ബാസ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍ ഉപകരണം വയറ്റില്‍ പോയ കാര്യം ഡോക്ടര്‍ നിഷേധിച്ചതായും,
തുടര്‍ന്ന് വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം ഡോക്ടര്‍ എക്സ്റേക്ക് എഴുതി നല്‍കുകയും, പരിശോധനക്ക് ശേഷം വയറ്റില്‍ ടൂള്‍ അകപ്പെട്ടതായി ഉറപ്പാക്കുകയുമായിരുന്നു. എന്നാല്‍ എക്സ്റേ റിസള്‍ട്ടുമായി ഡോക്ടറുടെ അടുക്കല്‍ പോയപ്പോള്‍ തന്നോട് അപമര്യദയായി പെരുമാറുകയും, തന്നെയും തന്റെ പിതാവിനെയും ആക്രമിക്കുകയായിരുന്നെന്നും ഷഹാന പരാതിയില്‍ പറയുന്നു.
എന്നാല്‍ അബദ്ധത്തില്‍ വായില്‍ അകപ്പെട്ട ഉപകരണം തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ മാതാവ് ഇടപെട്ടതോടെയാണ് കുട്ടി ഉപകരണം വിഴുങ്ങി പോയതെന്നും തുടര്‍ന്ന് എക്സ് റേ എടുക്കാനും, മറ്റുമുളള എല്ലാ സൗകര്യവും ചെയ്ത് കൊടുക്കാമെന്ന് പറഞ്ഞിരുന്നതായും അതൊക്കെ അവഗണിച്ച് ക്ലിനിക്കിനുള്ളില്‍ അതിക്രമിച്ച് കയറി തന്നെ ക്രൂരമായി മര്‍ദിച്ചതായി ഡോ.ഹാഷിം പറഞ്ഞു. സമീപത്തെ കടക്കാരും മറ്റുമെത്തിയാണ് അവരെ പിടിച്ചു മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തില്‍ ഡോ.ഹാഷിമിന്റെ പരാതി പ്രകാരം ആദ്യം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്നാണ് കുട്ടിയുടെ മാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഡോക്ടറിനെതിരെ കേസെടുത്തത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍