മുണ്ടക്കൈചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളി: സിപിഐഎം വയനാട് ജില്ലാ സെക്രട്ടറിയറ്റ്
കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകിലെന്നും പ്രത്യേക സഹായം അനുവദിക്കില്ലെന്നുമുള്ള കേന്ദ്രസര്‍ക്കര്‍ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ദുരന്തം നടന്ന് 112 ദിവസം കഴിഞ്ഞിട്ടും സഹായം അനുവദിക്കാതെ കേന്ദ്രം ദുരന്തബാധിതരോട് ക്രൂരത കാണിക്കുകയാണ്. പ്രധാനമന്ത്രി ജില്ലയിലെത്തി പറഞ്ഞത് ദുരന്തനിവാരണത്തിന് പണം തടസ്സമാകിലെന്നാണ്. ഇത് വഞ്ചനയായിരുന്നെന്ന് തെളിയുകയാണ്. ദുരന്തബാധിതരായ കുട്ടികളെയുള്‍പ്പെടെ താലോലിച്ച് ഫോട്ടോ ഷൂട്ട് നടത്തി മടങ്ങി. മുന്നൂറോളം മനുഷ്യര്‍ മരിച്ച മഹാദുരന്തത്തെ രാഷ്ട്രീയമായി കണ്ട് കേരളത്തെ അവഗണിക്കുന്നത് മനുഷ്യത്വത്തിന് നിരക്കുന്നതല്ല.ആന്ധ്രയും ത്രിപുരയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് മുന്‍കൂറായി സഹായം നല്‍കുമ്പോഴാണ് കേരളത്തോടുള്ള അവഗണനയെന്നും സിപിഐഎം കുറ്റപ്പെടുത്തി.
സമാനതകളില്ലാത്ത ദുരന്തത്തില്‍ മനുഷ്യസാധ്യമായതെല്ലാം സംസ്ഥാന സര്‍ക്കാര്‍ ചെയ്യുകയാണ്. പതിനഞ്ച് കോടിയോളം സഹായം നല്കി. സ്ഥിരപുനരധിവാസത്തിന് സ്ഥലമെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അര്‍ഹമായ സഹായം തടഞ്ഞ് ഇതെല്ലാം തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാരിന്റേത്. ഇതിനെതിരെ അതിശക്തമായ പ്രതിഷേധം ഉയരണമെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍