ഒമിക്രോണ്‍ ആശങ്ക ഉയരുന്നു, ദില്ലിയില്‍ 24 കേസുകള്‍ കൂടി; മൂന്നാം തരംഗം ഒഴിവാക്കാന്‍ കഴിയില്ലെന്ന് വിദഗ്ധര്‍
ദില്ലിയില്‍ 24 പേര്‍ക്ക് കൂടി കൊവിഡ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. കൊവിഡ് മൂന്നാം തരംഗം ഒഴിവാക്കാന്‍ കഴിയില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. രാജ്യത്താകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ഇരുന്നൂറു കടന്നിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിതര്‍ ദില്ലിയിലും മുംബൈയിലും ആണ്. ഒമിക്രോണിന് ഡെല്‍ട്ട വകഭേദത്തെക്കാള്‍ മൂന്നിരട്ടി വ്യാപന ശേഷിയുള്ളതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജില്ലാ പ്രാദേശിക അടിസ്ഥാനത്തില്‍ കര്‍ശന നിരീക്ഷണവും , പരിശോധനയും ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. 10 ശതമാനത്തിന് മുകളില്‍ പോസിറ്റീവിറ്റി നിര്ക്കുള്ള സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.
രാജ്യത്താകെ 137 കോടിപേര്‍ക്ക് കൊവിഡ് വാക്‌സിന്‍ എത്തിക്കാനായി എന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോ?ഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. രണ്ട് തദ്ദേശീയ വാക്‌സിനുകള്‍ക്ക് കൂടി അടിയന്തിര ഉപയോഗത്തിന് ഉടന്‍ അനുമതി നല്‍കും. പ്രതിമാസം 45 കോടി വാക്‌സിന്‍ ഉല്പാദിപ്പിക്കാനുള്ള ശേഷിയിലേക്കാണ് രാജ്യം എത്തുന്നത്. കൊവിഡ് പ്രതിരോധത്തിനായി അടിസ്ഥാന സൗകര്യം ഒരുക്കാന്‍ 23,000 കോടി രൂപ സംസ്ഥാനങ്ങള്‍ക്കായി അനുവദിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രികളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരിക്കാനും കുട്ടികള്‍ക്കായി പ്രത്യേക വാര്‍ഡുകള്‍ തയ്യാറാക്കാനുമാണ് ഈ തുക ചിലവിടുകയെന്നും ആരോഗ്യ മന്ത്രി രാജ്യസഭയെ അറിയിച്ചിരുന്നു.
അതിനിടെ, കേരളത്തിലെ കൊവിഡ് വാക്‌സിനേഷന്‍ 75 ശതമാനം കഴിഞ്ഞതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 97.38 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 75 ശതമാനം പേര്‍ക്ക് രണ്ടു ഡോസ് വാക്‌സിനും നല്‍കി. ഒമിക്രോണ്‍ സാഹചര്യത്തില്‍ പ്രത്യേക കൊവിഡ് വാക്‌സിനേഷന്‍ യജ്ഞങ്ങള്‍ നടക്കുകയാണ്. പത്തു ലക്ഷം ഡോസ് വാക്‌സീന്‍ കേരളത്തില്‍ സ്‌റ്റോക്കുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍