ഒടുവില്‍ അന്‍സിലയ്ക്ക് ആ നായ്ക്കുട്ടിയെ രക്ഷിക്കാന്‍ കഴിഞ്ഞു..!
പടിഞ്ഞാറത്തറ: മൂന്നാഴ്ചയോളം പൊട്ടക്കിണറ്റില്‍ അകപ്പെട്ട് മരണത്തെ മുഖാമുഖം കണ്ട പട്ടിക്കുട്ടിക്ക് തുണയായി അന്‍സിലയെന്ന വിദ്യാര്‍ത്ഥിനിയെത്തി. കോട്ടത്തറ ഹൈസ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയും പടിഞ്ഞാറത്തറ ഞേര്‍ളേരി അലി-ആമിന ദമ്പതികളുടെ മകളുമായ അന്‍സിലയാണ് സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകയായത്. പട്ടിയെ രക്ഷിക്കാന്‍ അഗ്‌നി സുരക്ഷാ സേനയടക്കമുള്ളവരെ ബന്ധപ്പെട്ടെങ്കിലും തെരുവ് നായ ആയതിനാല്‍ ആരും തയ്യാറായില്ലെന്നാണ് കുട്ടി പറയുന്നത്. കാട് വളര്‍ന്ന് ഭീകരമായ അന്തരീക്ഷത്തില്‍ 20 മീറ്ററോളം താഴ്ചയുള്ള കിണറ്റിലിറങ്ങാന്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പ്രായോഗിക ബുദ്ധിമുട്ടുണ്ടായതും പ്രതിസന്ധിയായി. പട്ടിക്കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നതിനായി അന്‍സില കൊട്ടയില്‍ കയറുകെട്ടിയിറക്കി വെള്ളവും ഭക്ഷണവും നല്‍കുന്നുണ്ടായിരുന്നു. ഒടുവില്‍ അന്‍സില ആനിമല്‍ റസ്‌ക്യൂ മേഖലയില്‍ സജീവമായ താഹിര്‍ പിണങ്ങോടിനെ ബന്ധപ്പെടുകയും അദ്ദേഹം സുഹൃത്തുക്കളായ വിവി സംജിത്ത്, അലി കൊടകന്‍ എന്നിവരോടൊപ്പമെത്തി പട്ടികുട്ടിയെ രക്ഷിക്കുകയുമായിരുന്നു. മരണത്തെ മുഖാമുഖം കണ്ട ആ പട്ടിക്കുട്ടിയെ ഇനി തന്റെ കൂടെ കൂട്ടാനാണ് അന്‍സിലയുടെ തീരുമാനം. കിണറ്റിലായിരുന്നപ്പോഴാണെങ്കിലും കൃത്യമായ ഭക്ഷണവും വെള്ളവും അന്‍സില നല്‍കിവന്നതിനാല്‍ പട്ടിക്കുട്ടിക്ക് കാര്യമായി ശാരീരിക അവശതകളൊന്നുമില്ലെന്നുള്ളതും ആശ്വാസകരമാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍