വാള്‍ തിരികെ എഴുന്നള്ളിക്കുന്നവരെ ഓട്ടോറിക്ഷയിടിച്ച സംഭവം;നിര്‍ത്താതെ പോയ ഓട്ടോറിക്ഷ പിടികൂടി

മാനന്തവാടി: വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിലെ ഉത്സവസമാപനത്തോട് അനുബന്ധിച്ച് ദേവിയുടെ വാള്‍ തിരികെ പള്ളിയറ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നതിനിടെ നമ്പൂതിരിയടക്കമുള്ളവരെ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയ കെ എല്‍ 08 എ എഫ് 502 നമ്പര്‍ ഓട്ടോറിക്ഷ പിടികൂടി. മാനന്തവാടിയിലെ ഓട്ടോ ഡ്രൈവര്‍ എം പി ശശികുമാറാണ് ചെറുകാട്ടൂര്‍ എസ്റ്റേറ്റ് കവലയില്‍ വെച്ച് ഓട്ടോ കണ്ടെത്തി തടഞ്ഞുവെച്ച് മാനന്തവാടി പോലീസിന് കൈമാറിയത്. അപകടം വരുത്തിയ ഓട്ടോറിക്ഷയുടെ നമ്പര്‍ മനസ്സിലുണ്ടായിരുന്ന ശശികുമാര്‍ സംശയം തോന്നിയാണ് ഓട്ടോ തടഞ്ഞത്.തുടര്‍ന്ന് സ്ഥലത്തെത്തിയ മാനന്തവാടി പോലീസ് ഓട്ടോ ഡ്രൈവറായ തൃശൂര്‍ സ്വദേശി ഗോപാലകൃഷ്ണനെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനില്‍ വെച്ച് ദേഹാസ്വാസ്ഥ്യമാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഇയ്യാളെ പിന്നീട് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.വള്ളിയൂര്‍ക്കാവ് ഉത്സവ നഗരിയില്‍ കച്ചവടത്തിന് വന്നതാണ് ഗോപാലകൃഷ്ണന്‍.
കാല്‍നടയായി വാള്‍കൊണ്ടു പോകുന്ന മൂന്ന് പേരെയാണ് ഓട്ടോറിക്ഷയിടിച്ചത്. വാള്‍ എഴുന്നള്ളിച്ച കണ്ണന്‍ എന്ന ശങ്കരനാരായണന്‍ (31) കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കൂടെയുണ്ടായിരുന്ന ചെണ്ടകൊട്ടുന്ന രതീഷ് മാരാര്‍, വിളക്ക് പിടിക്കുന്ന സുന്ദരന്‍ എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ വള്ളിയൂര്‍ക്കാവ് റോഡിലെ ശാന്തി നഗറില്‍ വെച്ചായിരുന്നു സംഭവം. കച്ചവടം കഴിഞ്ഞ് വാടക സാധനങ്ങള്‍ തിരികെ ഏല്‍പ്പിക്കാന്‍ പോകുന്നതിനിടെയാണ് ഗോപാലകൃഷ്ണന്‍. ഡ്രൈവ് ചെയ്ത ഓട്ടോ കണ്ണനടക്കമുള്ളവരെ ഇടിച്ചത്. തുടര്‍ന്ന് നിര്‍ത്താതെ പോയ ഇയാള്‍ മാനന്തവാടി ടൗണിലെത്തി വാടക സാധനങ്ങള്‍ തിരികെ നല്‍കിയ ശേഷം മടങ്ങുന്ന വഴിയാണ് ശശിയുടെ മുന്നില്‍പ്പെട്ടത്. ഇയാളുടെ വാഹനത്തിന്റെ രേഖകളും, വാഹനമോടിക്കുന്ന സമയത്ത് ഇയ്യാള്‍ മദ്യലഹരിയിലായിരുന്നോ എന്നുള്ള കാര്യങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍