കേരളത്തില്‍ കൊവിഡ് കണക്കുകള്‍ ഉയരുന്നു; ജാഗ്രത കൈവിടരുത്

തിരുവനന്തപുരം:രാജ്യത്ത് 24 മണിക്കൂറിനിടെ 14,506 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 30 പേരാണ് ഇന്നലെ രോഗബാധിതരായി മരിച്ചത്. അതേ സമയം 11,574 പേര്‍ രോഗമുക്തരായി. നിലവില്‍ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 99,602 ആയി ഉയര്‍ന്നു. ഇന്നലെ കൊവിഡ് കേസുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തിയെന്നത് മാത്രമാണ് ആശ്വാസം. എന്നാല്‍ കേരളത്തിലെ കൊവിഡ് കേസുകള്‍ കുത്തനെ കൂടി. മിനിയാന്ന് 2,994 പേര്‍ക്ക് സംസ്ഥാനത്ത് കൊവിഡ് സ്ഥിതീകരിച്ചപ്പോള്‍ ഇന്നലെ മാത്രം 4,459 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്നലെ 11,798 രോഗികളും 27 മരണവും റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ ഇന്നലെ മാത്രം 15 മരണം സ്ഥിരീകരിച്ചു. രോഗവ്യാപനം കൂടിയതോടെ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കം. രാജ്യത്ത് പല സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ ജാഗ്രത കൂട്ടാന്‍ ആരോഗ്യ മന്ത്രാലയം അറിയിപ്പ് നല്‍കി. കേരളത്തിലും കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് കണക്കുകളില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി കഴിഞ്ഞു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തീര്‍ത്ഥാടന യാത്രകള്‍ നടക്കുന്ന സ്ഥലങ്ങളില്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കാന്‍ ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ യാത്ര ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുക, വാക്‌സിനേഷന്‍ സ്വീകരിച്ചവരാണോയെന്ന് പരിശോധിക്കുക, തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്.
രോഗവ്യാപനം ശക്തമായ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ആള്‍ക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും മാസ്‌ക് നിര്‍ബന്ധമാണെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു. വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോഴും മാസ്‌ക് ധരിച്ചിരിക്കണം.
മാസ്‌ക് ധരിക്കാതെ എത്തുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഇക്കാര്യം വ്യക്തമാക്കി സര്‍ക്കുലര്‍ ഇറക്കിയത്. കൊവിഡ് വ്യാപനം കൂടിയ ആദ്യഘട്ടങ്ങളിലും സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു.
സംസ്ഥാനത്ത് മൂന്നാം തരംഗത്തിന് ശേഷം കൊവിഡ് കേസുകള്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. മിനിയാന്ന് 2,994 പേര്‍ക്കാണ് സംസ്ഥാന് കൊവിഡ് സ്ഥിതീകരിച്ചതെങ്കില്‍ ഇന്നലെ മാത്രം ഇത് ഇരട്ടിയോളമായി. 4,459 പേര്‍ക്കാണ് ഇന്നലെ മാത്രം സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
24 മണിക്കൂറിനിടെ കൊവിഡ് മൂലം 15 മരണവും സംസ്ഥനത്ത് സ്ഥിരീകരിച്ചു. മിനിയാന്ന് 12 മരണമാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തും (1081) എറണാകുളത്തും (1162) പ്രതിദിനം ആയിരത്തില്‍ കൂടുതല്‍ പേര്‍ക്ക് ഒറ്റ ദിവസം രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 2 മരണവും എറണാകുളത്ത് 3 മരണവും രേഖപ്പെടുത്തിയപ്പോള്‍ കോഴിക്കോട് ജില്ലയില്‍ 5 മരണമാണ് രേഖപ്പെടുത്തിയത്.
കൊല്ലം 382, പാലക്കാട് 260, ഇടുക്കി 76 (മരണം 2), കോട്ടയം 445 (മരണം 2), ആലപ്പുഴ 242 (മരണം 1), തൃശൂര്‍ 221, പാലക്കാട് 151, മലപ്പുറം 85, കോഴിക്കോട് 223, വയനാട് 26, കണ്ണൂര്‍ 86, കാസര്‍കോട് 19 എന്നിങ്ങനേയാണ് മറ്റ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. മിനിയാന്ന് തിരുവനന്തപുരത്ത് 782 കേസുകളും എറണാകുളത്ത് 616 കേസുകളുമാണ് സ്ഥിതീകരിച്ചിരുന്നത്.
ആഴ്ചകള്‍ക്ക് ശേഷമാണ് സംസ്ഥാനത്തെ കൊവിഡ് കണക്കുകളില്‍ ഇത്രയേറെ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം മണ്‍സൂണ്‍ മഴയിലുണ്ടാകുന്ന ഏറ്റകുറച്ചിലുകളെ തുടര്‍ന്ന് സംസ്ഥാനത്ത് പനി ബാധിച്ചെത്തുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രേഖപ്പെടുത്തുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍